cyberjalakam.com

ജാലകം

Monday, October 9, 2017

ഒരു മദ്രാസ് യാത്രയും കോർപറേറ്റ് കാറ്റസ്ട്രാഫിയും

മദ്രാസിലേക്കുള്ള രണ്ടാമത്തെ യാത്ര സംഭവബഹുലമായിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എഴിൽ ഐ .സി.ഡ.ബ്ല്യു ഫൈനൽ പഠിക്കുന്ന കാലത്തൊരു ദിവസം നോട്ടീസ് ബോർഡിൽ ഒരു മെസേജ് കണ്ടു. സതേർന് ഇന്ത്യ റീജിയണൽ കൗൺസിലിലെ കുട്ടികൾക്കായുള്ള മത്സരം മദ്രാസിൽ നടക്കുന്നുണ്ടെന്നും, പോകാൻ താല്പര്യമുള്ളവർ പേര് കൊടുക്കാനുമായിരുന്നു, സന്ദേശം. നോട്ടീസ് ബോർഡിനു മുമ്പിൽ കുത്തിപ്പിടിച്ചു നിന്ന് വായിക്കുന്ന എന്നെ നോക്കി ആൺകുട്ടികൾ കളിയാക്കി, "അത് തന്നെ പോലുള്ളവർക്ക് അല്ല, അത് ഞങ്ങളെ പോലെ ആൺകുട്ടികൾക്ക് ഉള്ളതാ. ലോ കോളേജിൽ പഠിച്ച് ഹൈ കോടതിയിൽ പോയിട്ടെന്താ കാര്യം. വെറുതെ ബോർഡു നോക്കി നിന്ന് കൊതിക്കാമെന്നല്ലാതെ. ധൈര്യമുണ്ടെങ്കിൽ മദ്രാസിൽ പോയി വാ." എൻറെ ധൈര്യത്തെ മാത്രമല്ല, എന്റെ വർഗത്തെ മൊത്തമാണ് അപമാനിച്ചിരിക്കുന്നത്. കൂടെ നിന്ന പെൺകുട്ടികളും പറഞ്ഞു, "ഇത് നീതിയല്ല, സക്കീനേ, നീ പോയി ചോദിക്ക്".


കൊച്ചി ഐ.സി. ഡ.ബ്ല്യു ഭവനിൻറെ അന്നത്തെയും ഇന്നത്തെയും മാനേജർ ജോസഫ് സാദിക് ആണ് . അദ്ദേഹം മതം മാറി മുസ്ലിമായതാണ്. പക്ഷേ അഹമദിയാ മുസ്ലിമാണ്. എന്തെങ്കിലും കാര്യത്തിന് ഓഫീസിലെത്തിയാൽ പുള്ളിക്കാരൻ ഖുർ-ആനിൽ ഇന്ത്യയിൽ നിന്ന് അവസാന മസീഹ് എത്തിയ വിവരമുണ്ടെന്നും അവരാണ് യഥാർത്ഥ മുസ്ലിമെന്നുമെല്ലാം തട്ടി വിടാറുണ്ട്.
ഞാൻ ജോസഫ് സാറിന്റെ മുമ്പിലെത്തി കാര്യം അവതരിപ്പിച്ചു. ഫീസ് തരുന്നത്തിലും പരീക്ഷ എഴുതുന്നതിലും അറ്റന്ടസിന്റെ കാര്യത്തിലും ആൺ പെൺ ഭേദമില്ല, പക്ഷേ ഞങ്ങളുടെ കഴിവ് ക്ലാസ് റൂമിനപ്പുറം പ്രകടിപ്പിക്കാൻ എന്തിനാണ് വിവേചനം? ജോസഫ് സാർ ആകെ കുഴപ്പത്തിലായി. " ഇത് മാനേജ്മെന്റിന്റെ തീരുമാനമാണ്. എന്തായാലും അടുത്ത ആഴ്ച മാനേജ്മെന്റ് മീറ്റിംഗിൽ ഞാൻ അവതരിപ്പിക്കാം." ആൺ കുട്ടികൾ കൂവൽ തുടർന്ന് കൊണ്ടേയിരുന്നു.


പിറ്റേ ആഴ്ച മീറ്റിംഗ് കഴിഞ്ഞ ഉടനെ സാർ എന്നെ വിളിപ്പിച്ചു. മാനേജ്മെന്റ് അംഗങ്ങൾ എല്ലാവരും ഉണ്ട്. ശരി, പെൺകുട്ടികൾക്കും അവസരം ഉണ്ടാക്കാം. പക്ഷേ ഒരു കണ്ടീഷൻ, ക്ലാസിൽ നിന്നും ഒരു പെൺകുട്ടിയും പോകാൻ തയ്യാറാകാതിരുന്നാൽ താൻ പോയേ മതിയാകൂ. ഞങ്ങൾ റീജിയണൽ കൌൺസിലിൽ വിളിച്ചു അറിയിച്ചതിന് ശേഷമാണ് തീരുമാനിച്ചത്.
മദ്രാസിൽ പഠിക്കുന്ന പെൺകുട്ടികൾ മാത്രമേ പരിപാടിയിൽ പങ്കെടുക്കുന്നുള്ളൂ. ഞങ്ങൾ ട്രാവൽ ചാർജ് മാത്രമേ നൽകുന്നുള്ളൂ. പെൺകുട്ടികൾക്ക് പ്രത്യേക താമസ സൗകര്യം ഇല്ല."
ഞാൻ എന്നെ നിര്ബന്ധിച്ച് മാനേജരുടെ അടുത്ത് പരാതിക്കയച്ച കൂട്ടുകാരികളോട് കാര്യം പറഞ്ഞു. എനിക്ക് ഐ.സി. ഡ. ബ്ല്യു പാർട് ടൈമും ടൈം പാസുമാണ് . അവരാണെങ്കിൽ ഫുൾ ടൈം വിദ്യാർഥികളും. സെന്റ് തെരേസാസിലും സേക്രഡ് ഹാർട്ടിലുമെല്ലാം പഠിച്ച് വന്ന അവർക്ക് എന്നെക്കാൾ കഴിവുണ്ട് താനും. ഞാൻ ബി.കോം പോലും പ്രൈവറ്റ് കോളേജിൽ ആണ് പഠിച്ചത്.


എന്റെ പ്രതീക്ഷക്ക് വിപരീതമായി അവരെല്ലാം എന്നെ കൂട്ടത്തോടെ കയ്യൊഴിഞ്ഞു. ഞങ്ങളെ വീട്ടിൽ നിന്ന് വിടില്ല. സക്കീന പോയാൽ മതി. ഞങ്ങളെല്ലാം പ്രാർഥിക്കാം, സമ്മാനവുമായി തിരെച്ചെത്താൻ.
ഞാൻ ആകെ കുഴപ്പത്തിലായി. ഒരു വശത്ത് വെല്ലുവിളിക്കാൻ ക്ലാസിലെ മുഴുവൻ ആൺകുട്ടികൾ, മറുവശത്ത് മാനെജമെന്റിനോടുള്ള കമ്മിറ്റ്മെന്റ്. ഞാൻ വീട്ടിൽ കാര്യം അവതരിപ്പിച്ചു. ആദ്യം തന്നെ ഉമ്മച്ചി ചോദിച്ചു, "നിന്റെ ക്ലാസിൽ നിന്നും വേറെ എത്ര പെൺകുട്ടികൾ പോകുന്നുണ്ട്." ഞാൻ മാത്രമേ ഉള്ളൂ. ശരിയാ, അവരെല്ലാം അച്ഛനമ്മമാരെ പേടിച്ചു വളരുന്നവർ ആണ്. നിനക്ക് ലോകത്തിൽ ആരേയും പേടിയില്ല. എന്തായാലും ഇവിടെ നിന്ന് നീ പോകുന്ന പ്രശ്നമില്ല.

ആകെ ഞാനടക്കം നാല് കുട്ടികളെയാണ് കൊച്ചിൻ ഭവനിൽ നിന്നും സെലക്റ്റ് ചെയ്തിരിക്കുന്നത്. ഹരികൃഷ്ണനും, ഫ്രാൻസിസും, ജയശങ്കറും. ഞാൻ അവരോട് എൻറെ പ്രതിസന്ധി പറഞ്ഞു, അവർ ധൈര്യം പകർന്നു. എനിക്ക് പോകാതെ നിവൃത്തിയില്ല.
തലേദിവസം ഞാൻ ഡ്രസ് അടുക്കി വെക്കാൻ ബാഗെടുത്തു. ഞെട്ടിപ്പോയി, എന്റെ ഒരൊറ്റ ഉടുപ്പ് പോലുമില്ല. എല്ലാം ഉമ്മച്ചിയും അനിയത്തിമാരും മാറ്റിയിരിക്കുന്നു. ഞാൻ അവരോടു കെഞ്ചി പറഞ്ഞു, ഈ ഒരു പ്രാവശ്യം മാത്രം ഞാൻ പോകട്ടെ. ഇനിയൊരിക്കലും ഇതാവർത്തിക്കില്ല. എന്റെ കൂടെ പോകുന്ന ആൺകുട്ടികൾ നല്ലവരാണ്. ഞാൻ അവരെ ഉമ്മിച്ചിക്ക് പരിചയപ്പെടുത്താം. പക്ഷേ ഉമ്മിച്ചി ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.

ഞാൻ അടുത്ത വീട്ടിലെ നൂർജിയോട് കാര്യം പറഞ്ഞു. അവളുടെ ഡ്രസ് പാകമാകുമോ എന്ന് നോക്കാൻ പറഞ്ഞു. ഒരുവിധം പാകമായവയെല്ലാം കറുത്ത നിറം ഉള്ളവയായിരുന്നു. ഇനി കയ്യിൽ കരുതാൻ കുറച്ചെങ്കിലും പൈസ വേണം. ഞാൻ അനിയത്തിയുടെ ഭർത്താവ് കരീമിനോട് എന്റെ അവസ്ഥ പറഞ്ഞു, അവൻ പൈസയും തന്നു വിട്ടു.

പൈസയും ഡ്രസും ആയെങ്കിലും മനസ്സമാധാനം തീരെയില്ലാതെയാണ് ബസ്സിലിരുന്നത്. എറണാകുളം സൌത്തിൽ നിന്നാണ് ട്രെയിൻ. കൂട്ടുകാർ അവിടെ കാത്തുനിൽക്കുന്നുണ്ടാവും. ഉമ്മിച്ചിയുടെ ശാപവുമായാണ് പോകുന്നത്. അവരോട് അവസാനമായി ഞാൻ തിരിച്ചു പോകട്ടേയെന്ന് ചോദിച്ചു. "താനുള്ളതാണ് ഞങ്ങളുടെയും ധൈര്യം. എന്തായാലും അമ്മയല്ലേ, സാരമില്ല". ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നും അടുത്ത വീട്ടിലേക്ക് വിളിച്ച് ഉമ്മച്ചിയോടു സംസാരിക്കണമെന്ന് പറഞ്ഞു. പ്രതീക്ഷിക്കാതെ ഉമ്മച്ചി വന്നു, സംസാരിച്ചു, കരഞ്ഞു കൊണ്ട് പറഞ്ഞു," നിനക്കൊരു കുഞ്ഞുണ്ടാകുമ്പോഴേ എന്റെ വേദന മനസ്സിലാകൂ. എന്തായാലും ഞാൻ പ്രാര്തിച്ചോളം, സൂക്ഷിച്ച് പോയി വാ".


ഹാവൂ, സമാധാനമായി. നെഞ്ചിൽ ഒരു വലിയ കല്ല് കയറ്റി വെച്ച വിഷമമായിരുന്നു, ഇത് വരെ. അതെടുത്ത് മാറ്റിയ സന്തോഷം.
ട്രെയിനിൽ നല്ല തിരക്കായിരുന്നു. ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്തതിനാൽ കിടക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. കൂട്ടുകാർ സംസാരിച്ചിരിക്കേ ഞാൻ മുകളിലെ ബർത്തിൽ ഉറങ്ങാൻ കിടന്നു. സമയം എത്രയായെന്നറിയില്ല, എന്റെ ശരീരത്തിലൂടെ ഒരു കൈ ഇഴഞ്ഞു കയറുന്നു. സ്ഥലകാലബോധം വന്നപ്പോൾ മനസ്സിലായി, ഞാൻ വീട്ടിലല്ലെന്നും, ഇത് ട്രെയിൻ ആണെന്നുമെല്ലാം. ഞാൻ ഉറക്കെ ഹരികൃഷ്ണനെ വിളിച്ചു. അവർ അടുത്തടുത്തുള്ള ബർത്തുകളിൽ ഉറങ്ങുകയായിരുന്നു. എന്റെ ശബ്ദം കേട്ട് സമീപത്തുള്ളവരെല്ലാം എഴുന്നേറ്റു. അപ്പോഴേക്കും ശല്യപ്പെടുത്തിയയാൾ ഓടുന്നത് ഞാൻ കണ്ടു.
ഇനി ഞങ്ങൾ ഉറങ്ങുന്നില്ല, താൻ ഉറങ്ങിക്കോ. ആരും ശല്യം ചെയ്യാതെ ഞങ്ങൾ നോക്കികൊള്ളാം. പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും ബാംഗ്ലൂർ എത്തുംവരെ കണ്ണടച്ചു കിടന്നു. മനസ്സിലെ ധൈര്യം ഒക്കെ പോയി ഭയം തല പൊക്കാൻ തുടങ്ങി.


ബാംഗ്ലൂരിൽ എത്തിയ അന്ന് തന്നെ പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പ്രഭാതകൃത്യങ്ങൾക്ക് ശേഷം വസ്ത്രം മാറി ഹാളിലെത്തി. വൈകിയെത്തിയതിനാൽ ഉച്ചയ്ക്ക് ശേഷം നടക്കുന്ന corporate catastrophe യിൽ മാത്രമേ ഞങ്ങൾക്ക് ചേരാനാവൂ. എന്തെങ്കിലുമാകട്ടേ, നമുക്കും ഒരു കൈ നോക്കാം. അവർ ഒരു subject തരും. നാല് പേരും ചേർന്ന് discuss ചെയ്ത ശേഷം ഒരാൾ സ്റ്റേജിൽ present ചെയ്യണം.
വഴിയേ പോയ വയ്യാവേലി തലയിൽ കയറ്റിയത് പോലെയായി വിഷയം കയ്യിൽ കിട്ടിയപ്പോൾ. മാനേജ്മെന്റും കമ്പനി നിയമങ്ങളുമെല്ലാം പുസ്തകത്തിൽ നിന്ന് സ്വായത്തമാക്കിയതല്ലാതെ അതെങ്ങിനെ പ്രാവർത്തികമാക്കുമെന്ന് ഒരു വിവരവുമില്ല. പ്രതിസന്ധിയിൽ അകപ്പെട്ട ഒരു സ്ഥാപനത്തിന്റെ മേധാവി എന്ന നിലയിൽ അത് തരണം ചെയ്യുന്ന വിധം മൂലധനം നിക്ഷേപിച്ച പങ്കുകാരെ ബോധ്യപ്പെടുത്തേണ്ട ചുമതലയാണ് അവതരിപ്പിക്കേണ്ടത്. ഞങ്ങൾ നാല് പേരും ചർച്ച ചെയ്തു തീരുമാനമെടുത്തു.


ആര് സ്റ്റേജിൽ അവതരിപ്പിക്കും എന്നതായി അടുത്ത പ്രശ്നം. എലാവരും കയ്യൊഴിഞ്ഞു. നിർത്താതോടാൻ ശ്രമിക്കുന്ന ബസ്സിന്റെ മുമ്പിൽ നിന്ന് കൂട്ടുകാരെ മുഴുവൻ കയറ്റി, ഓടുന്ന ബസ്സിൽ ചാടി കയറാനും വഴിയിൽ നിന്നസഭ്യം പറയുന്ന പൂവാലന്മാരെ പോലീസ് സ്റ്റേഷനിൽ എത്തിക്കാനുമുള്ള എന്റെ ധൈര്യം അറിയാവുന്ന കൂട്ടുകാർ പ്രശ്നം വേദിയിൽ അവതരിപ്പിക്കുന്നതും എന്നെ തന്നെ ഏല്പിച്ചു.

അനായാസേന ഒഴുകുന്ന പുഴപോലെയുള്ള ജീവിതം അർത്ഥമില്ലാത്തതാണ്. പുതുമയുള്ള പ്രതിസന്ധികളും വെല്ലുവിളികളും ഏറിയും കുറഞ്ഞും ദിവസേന തരണം ചെയ്യേണ്ടി വരുമ്പോഴാണ് ജീവിതം പൂർണമാകുകയുള്ളൂ എന്ന വിശ്വാസം ചെറുപ്പത്തിലേ ഉടലെടുത്തതിനാലാവാം മുന്നിൽ വരുന്നവയെല്ലാം മുള്ളുകൾ ആയിരുന്നു. എല്ലാ വെല്ലുവിളികളും ആവേശത്തോടെ സ്വീകരിക്കാൻ ഈ പാഠം എന്നെ പഠിപ്പിച്ചു കൊണ്ടേയിരുന്നു.
ഞാൻ തയ്യാറെടുത്തു. അപ്പോഴതാ ഇന്ന് ഇനി നടക്കാനിരിക്കുന്ന പരിപാടികളെല്ലാം റദ്ദു ചെയ്തതായുള്ള പ്രഖ്യാപനവുമായി സംഘാടകരിലൊരാൾ വേദിയിലെത്തുന്നു. ഞങ്ങളുടെതടക്കം നാലഞ്ച് പേർ കൂടിയേ ഇനി പങ്കെടുക്കാനുള്ളൂ. ഞങ്ങളെല്ലാവരും ഒത്തുചേർന്നു സംഘാടകരുടെ അടുത്തെത്തി. കൊച്ചിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമെല്ലാം രാത്രി മുഴുവൻ ഉറക്കമില്ലാതെ പലതരം പീഡനങ്ങളും സഹിച്ച് വന്നത് നിങ്ങളുടെ പ്രഹസനം നോക്കി കാണാനല്ല, ഞങ്ങളിവിടെ എത്തിയത് എന്തിന് വേണ്ടിയാണോ അത് പൂർത്തീകരിക്കാതെ പിന്മാറുകയില്ലെന്ന പ്രക്ഷോഭ സ്വരത്തിലുള്ള താക്കീതിനു മുമ്പിൽ സംഘാടകർക്ക് മുട്ട് മടക്കേണ്ടി വന്നു. അവർ ഓരോരുത്തരെയായി പേര് വിളിച്ചു.


ബാംഗ്ലൂർ ടീം തമാശ രൂപേണ എന്തൊക്കെയോ കാണിച്ച് പിന്മാറി. രണ്ടാമത്തെ ഊഴം ഞങ്ങളുടെതായിരുന്നു. ചർച്ച ചെയ്ത് തീരുമാനിച്ചതനുസരിച്ച് പ്രശ്നം ഞാൻ വേദിയിൽ അവതരിപ്പിച്ചു. ഭരണസമിതിക്ക് മുന്നിൽ പ്രശ്ന പരിഹാരം നിർദ്ദേശിച്ചത് കൂടാതെ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളും ശുപാർശയിൽ ഉൾപ്പെടുത്തിയിരുന്നു. അത് മറ്റ് ടീമുകൾ ചെയ്തിരുന്നില്ല. റിസൾട്ട് വന്നപ്പോൾ ഞങ്ങൾക്കായിരുന്നു, ഒന്നാം സമ്മാനം. ട്രോഫിയും സർട്ടിഫിക്കറ്റുമായിരുന്നു പാരിതോഷികം. എന്റെ സർട്ടിഫിക്കറ്റിൽ “excellent” എന്ന് അടയാളപ്പെടുത്തിയിരുന്നു.

സന്ധ്യയായി. ആൺകുട്ടികൾ എല്ലാം കുറച്ച് ദൂരെയായുള്ള പൊതു ശയന മുറിയിലേക്ക് പോയി. പെൺകുട്ടിയായി ഞാൻ മാത്രമേ അതിഥികളായി എത്തിയവരിൽ ഉള്ളൂ. കൽകത്തയിൽ നിന്നും വന്നിട്ടുള്ള ചെയർമാനടക്കം ഉള്ള വിശിഷ്ടാഥിതികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് എഗ്മോറിലെ സതേൺ ഇന്ത്യ റീജിയണൽ കൌൺസിലിനോട് ചേർന്നുള്ള കെട്ടിടത്തിലാണ്. അവർ എന്നേയും അവിടേക്ക് കൂട്ടി കൊണ്ട് പോയി. ചെയർമാന്റെ മുറിയുടെ തൊട്ടടുത്തായി എനിക്കും ഒരു മുറി തന്നു. ഏ .സി, ടി .വി അടക്കം എല്ലാ സൌകര്യങ്ങളും ഉണ്ട്. ഞാൻ വാതിൽ അടച്ചു. എനിക്ക് പേടിയായി. ഇത് വരെ തനിച്ചൊരു മുറിയിൽ ഉറങ്ങിയിട്ടില്ല. വീട്ടിൽ അഞ്ചു മക്കളിൽ മൂത്തതാണെങ്കിലും വെല്ലുമ്മിച്ചിയെ കെട്ടിപ്പിടിച്ചാണ് ഇതുവരെ ഉറങ്ങിയിട്ടുള്ളത്.

ലോകത്തിൽ എന്നെ ഏറ്റവും സ്നേഹിച്ചിട്ടുള്ള എന്റെ വെല്ലുമ്മിച്ചി, ചെറുപ്പത്തിൽ ദിവസേന കിടക്കയിൽ മൂത്രമൊഴിച്ചാലും നേരം വെളുക്കുമ്പോൾ ഇനിയെന്റെ ഉമറിൽ നിന്നെ എന്റെ അടുത്തു കിടത്തില്ലെന്ന ആത്മഗതവുമായി കിടക്ക ഒറ്റയ്ക്ക് കഴുകി, രാത്രിയാകുമ്പോൾ, "സക്കീനാ, നീ ഉറങ്ങിയോ, ഇവിടെ വന്നു കിടന്നോ" എന്ന് വിളിച്ചരികിൽ കിടത്താറുള്ള വെല്ലുമ്മിച്ചി. എന്റെ വെല്ലുമ്മിച്ചി മരിച്ചു പോയി. മയ്യിത്ത് കുളിപ്പിച്ച്, ഖുർ-ആൻ ഓതി എന്റെ വെല്ലുമ്മിച്ചിയെ യാത്രയാക്കിയപ്പോൾ ആണ്, ജീവിതത്തിൽ ആദ്യമായി ഞാൻ ബോധം കേട്ട് വീണത്. മരിച്ചവരെ കുറിച്ചുള്ള ഓരോ ഓർമയും കരൾ പിളർന്നെടുക്കുന്ന വേദനയാണ് സമ്മാനിക്കുന്നത്. ദൈവം എന്ന അസ്തിത്വത്തിന്റെ സാമീപ്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും മരണമെന്ന പ്രതിഭാസത്തിനു മുന്നിലാണ്. മരിച്ചവരെ സംരക്ഷിക്കാൻ ദൈവം ഉണ്ടെന്നുള്ള ആശ്വാസം. മരിച്ചവർക്കായി ദൈവത്തോടുള്ള യാചനയായി എല്ലാ ദിവസവും ഞാൻ മഗ്ഫിറത്ത് നമസ്കരിക്കാറുണ്ട് , എന്റെ വെല്ലുമ്മിച്ചിയേയും വാപ്പിച്ചിയേയും അകാലത്തിൽ പിരിഞ്ഞു പോയ എന്റെ അനിയനേയും എല്ലാ മനുഷ്യരേയും കാത്തു കൊള്ളണേ എന്ന കണ്ണീരിൽ കുതിർന്ന യാചന.

വെല്ലുമ്മിച്ചി മരിച്ച ശേഷം ഉമ്മിച്ചിയുടെ വഴക്ക് കേട്ടിട്ടാണെങ്കിലും രാത്രിയാവുമ്പോൾ പുതപ്പുമായി അരികിൽ അറിയാതെ ചേർന്ന് കിടന്നാണ് നേരം വെളുപ്പിക്കുന്നത്.
ഞാൻ ചുറ്റും കണ്ണോടിച്ചു. രാത്രിയുടെ നിശ്ശബ്ദതയിൽ ഒറ്റയ്ക്കായ എന്റെ മുന്നിലേക്ക് മണിക്കിണർ പുഴയിലൂടെ ഒഴുകിപ്പോകുന്ന സെവ്യറിന്റെയും തങ്കമ്മയുടെയും മുഖം ഓടിയെത്തി. ആലുവയിലെത്തും മുമ്പ് വളർന്നതും പഠിച്ചതുമെല്ലാം കോതമംഗലത്തിനടുത്തുള്ള പൈമറ്റത്തായിരുന്നു. വിരിച്ചിട്ട പച്ചപുല്ല് നിറഞ്ഞ റോഡരികിൽ ചെമ്പരത്തിയും റോസാപൂക്കളും വിവിധ വർണത്തിൽ ഇലകളുമായി പേരു മറന്ന ചെടികളുമുള്ള കുഞ്ഞു വീടിന്റെ പിൻവശത്ത് മനോഹരമായൊഴുകുന്ന പുഴയായിരുന്നു. ചെമ്പരത്തിയിലയിലും വെള്ളിലയിലും ഇഞ്ച ചേർത്ത് പുഴ്യ്ക്കരികിലെ പാറകൾക്കുള്ളിൽ പതിയിരിക്കുന്ന കുഴിയിലമർത്തി താളിയുണ്ടാക്കി കൂട്ടുകാർക്കൊപ്പം നീന്തിത്തുടിച്ച് കുളിച്ച് തിമർക്കുന്ന ബാല്യത്തിലെ ഓർമയിലേറെയും ഈ പുഴയായിരുന്നു. എത്ര കുളിച്ചാലും കളിച്ചാലും മതിവരാത്ത കാലത്തിൽ കൂട്ടുകാരികളോടൊപ്പം തോർത്ത് വീശി മീൻ പിടിച്ചതും അരികിൽ പതിയിരിക്കുന്ന ചെമ്മീനിനെ കൈപത്തി പൊത്തി കൂട്ടിലാക്കിയതും ഈ പുഴയിലായിരുന്നു.


വർഷക്കാലത്ത് പുഴ കര കവിഞ്ഞൊഴുകും. വീടിന്റെ വരാന്തയിലിരുന്ന് വെള്ളത്തിൽ കളിക്കാനാവും വിധം വെള്ളം കയറും. ഉമ്മിച്ചിയുടെ കപ്പയും ചേമ്പും കൂർക്കയുമെല്ലാം വെള്ളത്തിനടിയിലാവും. ഇങ്ങനെയുള്ള ഒരു വർഷക്കാലത്താണ് പുഴയിലൂടെ തങ്കമ്മ ഒഴുകി പോകുന്നത് കണ്ടത്. ജോലി കഴിഞ്ഞ് മുള്ളിരിങ്ങാട് പുഴ നീന്തി കടക്കുന്നതിനിടയിലാണ് വെള്ളം പൊങ്ങിയതും തങ്കമ്മയ്ക്ക് പിടിവിട്ട് പോയതും. കൂട്ട്കാരികൾ രക്ഷപ്പെട്ടു. അടുത്ത വീട്ടിലെ ജമീല ഒച്ചവെച്ചോടുന്നതിനു പുറകെ ഞങ്ങളും ഓടി. മഞ്ഞ പാവാടയും ചുമന്ന ബ്ലൌസുമിട്ട തങ്കമ്മയുടെ ശവശരീരം ഞാനന്ന് തെളിഞ്ഞ് കണ്ടു.

സ്കൂളിൽ പോകും മുമ്പ് കുളിപ്പിക്കാനായി ഉമ്മിച്ചി രാവിലെ പുഴയിൽ കൊണ്ട് പോകും. അതിന് മുമ്പ് വിറക് പെറുക്കാനായി ഉമ്മച്ചി അടുത്തുള്ള തുരുത്തിൽ ഒരു റോന്ത് ചുറ്റലുണ്ട്. പുഴയിലൂടോഴുകുന്ന കമ്പുകളെല്ലാം ഈ തുരുത്തിൽ കുടുങ്ങി കിടക്കും. ഉമ്മിച്ചി അതിനെയെല്ലാം രാവിലെ കരയിലേക്കെറിയും. ഞാനും കൂടെ പോകും. നടന്നു നടന്ന് കുറച്ച് ദൂരെയെത്തിയപ്പോൾ ഉമ്മിച്ചി അതാ ഉച്ചത്തിൽ നിലവിളിക്കുന്നു."അള്ളാ , ദേ ഒരാൾ". കൂടെ ഞാനും അലറി വിളിച്ചു. ശബ്ദം കേട്ട് വാപ്പിച്ചി ഓടി വന്നു. തുരുത്തിന് നടുവിലായി പച്ച നിക്കറിട്ട ഒരാൾ കമിഴ്ന്ന് കിടക്കുന്നു. ചുറ്റുപാട് നിന്നും ആളുകൾ ഓടിക്കൂടി. പോലീസെത്തി. ശവം പൊതിയാനും പിടിക്കാനുമെല്ലാം വാപ്പിച്ചിയും സഹായിച്ചു. ദിവസങ്ങളോളം വാപ്പിച്ചിയുടെ കയ്യിൽ തൊടാൻ പോലും പേടിയായിരുന്നു. ഈ രണ്ട് മൃതദേഹങ്ങളാണ്, ചെറുപ്പത്തിൽ ആദ്യമായി കണ്ടത്. എത്ര വലുതായിട്ടും എവിടെയെങ്കിലും ഒറ്റയ്ക്കായാൽ ആദ്യം എന്റടുത്ത് ഓടിയെത്തുക ഇവർ രണ്ട് പേരുമായിരിക്കും.


എഗ്മോറിലെ മുറിയിൽ ഒറ്റയ്കായപ്പോഴും ഇവർ രണ്ടു പേരും എന്റെയടുക്കലേയ്ക്ക് മത്സരിച്ചോടിയെത്തി. എനിക്ക് ഒരു നിമിഷം അവിടെ ഇരിക്കാനായില്ല. പേടിച്ച് വിറച്ച മുഖവുമായി ഞാൻ പുറത്ത് നില്ക്കുന്ന പരിചാരകന്റെ സമീപത്തായി നിലയുറപ്പിച്ചു. കാര്യം ചോദിച്ച അയാളോട് എനിക്ക് പേടിയാവുന്നുവെന്നും ഒറ്റയ്ക്ക് ഉറങ്ങാനാവില്ലെന്നും പറഞ്ഞു. മാനേജർ വന്നു. എന്റെ അവസ്ഥ അയാളെയും ബോധ്യപ്പെടുത്തി. ഇവിടം സുരക്ഷിതമാണെന്നും, തൊട്ടടുത്ത മുറികളിൽ ചെയർമാനും മറ്റ് അതിഥികളെല്ലാവരും ഉണ്ടെന്നും അയാൾ എന്നെ മനസ്സിലാക്കാൻ ആവുന്നത്ര ശ്രമിച്ചു. ഞാൻ എന്റെ കൂട്ടുകാരുടെ അടുത്തേയ്ക്ക് പോകണമെന്ന് വാശി പിടിച്ചു. അവസാനം അവർ എന്നെ ദോർമിറ്ററിയിലെത്തിച്ചു.

അവിടെ നാല്പതോളം ആൺകുട്ടികൾ ഉണ്ടായിരുന്നു. അവരാരും ഉറങ്ങുകയായിരുന്നില്ല. ഹരികൃഷ്ണനും ഫ്രാൻസിസും രവിശങ്കരുമെല്ലാം അവിടെയെത്തിയ എല്ലാവരുമായും സൌഹൃദം ആരംഭിച്ചു കഴിഞ്ഞു. അവർ ഒരുമിച്ചു കൂടി ടൌണിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. അവരോട് എനിക്ക് ഒറ്റയ്ക്ക് ഉറങ്ങാനാവില്ലെന്നും പേടിയാവുന്നുവെന്നും മടിച്ചു മടിച്ചാണെങ്കിലും പറഞ്ഞു. "ക്ലാസിൽ എല്ലാവരേയും വാചകമടിച്ച് വിറപ്പിക്കാറുള്ള തനിക്ക് പേടിയോ? എന്തായാലും ഞങ്ങളുടെ കൂടെ കൂടിക്കോ?" ഞങ്ങളെല്ലാവരും എഗ്മോർ ചുറ്റിയടിച്ചു. ചെന്നൈ ടീമിലെ അനന്തകൃഷ്ണനും രാഹുലുമെല്ലാമായി സൌഹൃദത്തിലായി. തിരിച്ച് ഹാളിലെത്തി. അവരാരും ഉറങ്ങിയില്ല. ചിലർ മദ്യപിച്ച് 'വാള് ' വെച്ചു. ചിലർ പാട്ട് പാടി നൃത്തം ചെയ്തു. എന്റെ കൂട്ടുകാർ ആരും മദ്യപിച്ചില്ല. ഞാൻ അവരോടൊപ്പം ഇരുന്ന് നേരം വെളുപ്പിച്ചു.

പിറ്റേ ദിവസം ഞങ്ങൾ പങ്കെടുത്ത മുഖ്യമായ പരിപാടി "Group Discussion " ആയിരുന്നു. Seniority Vs Merit ആയിരുന്നു, വിഷയം. ഇതിലും വേദിയിൽ അവതരിപ്പിക്കേണ്ട ചുമതല എനിക്കായിരുന്നു. സേവന വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്ന വക്കീലിന്റെ കൂടെ ട്രെയിനിമ്ഗ് ചെയ്യുന്നതിനാൽ എനിക്ക് സീനിയോറിറ്റിയും മെരിറ്റും നന്നായറിയാവുന്ന വിഷയങ്ങൾ ആയിരുന്നു. ഞാൻ നന്നായി അവതരിപ്പിച്ചു. പക്ഷേ അവസാനം ഒരു അബദ്ധം കാണിച്ചു, ഏതെങ്കിലും ഒന്നിന് പ്രാധാന്യം നൽകേണ്ടതിന് പകരം ഞാൻ രണ്ട് വിഷയത്തേയും പ്രശംസിച്ചായിരുന്നു സംസാരിച്ചത്. അതിനാൽ ഒന്നാം സമ്മാനം നഷ്ടമായി. പക്ഷേ പരിപാടി കഴിഞ്ഞപ്പോൾ ചെയർമാൻ വേദിയിൽ നിന്നിറങ്ങി വന്ന് തോളിൽ തട്ടി അഭിനന്ദിച്ചു,”You are Super”. ദോർമിറ്റരിയിലെ കൂട്ടുകാർ “Miss Cochin” എന്ന വിശേഷണവും നല്കി.

അന്ന് രാത്രി തന്നെ ഞങ്ങൾ മദ്രാസിൽ നിന്നും യാത്രയായി, രാവിലെ തന്നെ വീട്ടിലെത്തി. ഉമ്മച്ചിയുടെ ദേഷ്യമെല്ലാം ഐസു പോലെ ഉരുകിയൊലിച്ചു പോയിട്ടുണ്ടായിരുന്നു. ട്രോഫി കാണിച്ച് ഞാൻ തമാശയായി പറഞ്ഞു, ഉമ്മിച്ചിയുടെ ശാപമാണ് ഈ ട്രോഫി. "നിനക്കറിയില്ല, ഞാൻ എത്ര കണ്ണീരൊഴുക്കി അല്ലാഹുവിനോട് പ്രാർതിച്ചെന്ന്, ഒരാപത്തും വരാതിരിക്കാൻ, നിനക്കൊരു കുഞ്ഞുണ്ടാകുമ്പോഴേ നിനക്കറിയൂ, മാതൃത്വത്തിന്റെ വില", ഉമ്മിച്ചി പ്രതിവചിച്ചു.


Sunday, August 6, 2017

പുനഃ സമാഗമം


നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞുള്ള ഒരു സായാഹ്നത്തിൽ പരിചയമില്ലാത്ത നമ്പറിൽ നിന്നും അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ.മറുതലയ്ക്കൽ നിന്നും എടീ, ഞാൻ കൂടെ പഠിച്ച സിന്ധുവാണ് വിളിക്കുന്നതെന്നുള്ള മധുരമൊഴി. ലോ കോളേജിലും ഒരു സിന്ധുവുണ്ടായിരുന്നു, അവളാണെന്ന് നിനച്ച് ഞാൻ വിശേഷം ആരംഭിച്ചു. അപ്പോഴാണ് ഞാൻ വക്കീൽ സിന്ധുവല്ല, കടുങ്ങല്ലൂർ സ്‌കൂളിൽ നിന്നോടൊപ്പം പഠിച്ച സിന്ധുവാണെന്ന് അറിയിച്ച് എന്നിൽ ഒരുപാട് വികാരങ്ങളും ഉൾപുളകങ്ങളും ഒരേ സമയം സമ്മാനിച്ച് നീണ്ട മുപ്പത്തൊന്ന് വർഷങ്ങൾക്ക് പിന്നിലേക്ക് എന്നെ യാത്രയാക്കിയത്. എനിക്ക് സന്തോഷം കൊണ്ട് വീർപ്പ് മുട്ടി.

സൗഹൃദങ്ങൾ, പ്രത്യേകിച്ചും പെൺസൗഹൃദങ്ങൾക്ക് വിവാഹം മൂലമുള്ള പറിച്ച് നടൽ മൂലം അധികം ആയുസ്സില്ലാത്തതാണ്. ആൺ സൗഹൃദങ്ങളാകട്ടെ, ഭർത്താവിന്റെയോ ഭാര്യയുടെയോ അനിഷ്ട സമ്പാദനം ഒഴിവാക്കാനായി മനപ്പൂർവം മറന്നു കളയുന്ന ബന്ധങ്ങളായും അവശേഷിക്കുന്നു.ഇതിനിടയിലാണ് എന്റെ കൂട്ടുകാരി ഇതാ കടുങ്ങല്ലൂരിനും ആലുവയ്ക്കും പെരുമ്പാവൂരിനും എല്ലാമപ്പുറത്തുള്ള എന്റെ സ്വന്തം കോതമംഗലത്തു നിന്നും വിളിക്കുന്നത്.

കോതമംഗലം എന്നുമെനിക്കെന്റെ ഗതകാലസുഖസ്മരണകളുടെ നാടാണ്. ജനിച്ചത് ആലുവയിലാണെങ്കിലും എന്റെ ബാല്യവും പതിമൂന്ന് വയസ് വരെയുള്ള കാലഘട്ടവുമെല്ലാം കോതമംഗലത്തെ പൈമറ്റത്തും നെല്ലിമറ്റത്തുമെല്ലാമായിരുന്നു. പേരറിയാത്ത ഏതോ മൂന്ന് പുഴകൾ കൂടിചേർന്നൊഴുകുന്ന മണിക്കിണർ തീരത്തിനടുത്തായിരുന്നു, എന്റെ ബാല്യത്തിന്റെ ഓർമ്മകൾ മുഴുവനും. ചെമ്പരത്തിയും വെള്ളിലയും ചേർത്ത് വേനൽ കാലത്ത് ഉയർന്നു നിൽക്കുന്ന പാറകൾക്കുള്ളിലെ കുഴിയിലുരച്ച് താളിയുണ്ടാക്കി തലയിൽ തേച്ചു കൂട്ടുകാരികളോടൊപ്പം നീന്തി തിമിർത്ത നാളുകൾ തന്നത് എന്റെ മണിക്കിണർ ആയിരുന്നു. തോർത്തു മുണ്ടിന്റെ രണ്ടറ്റവും നിവർത്തി മീൻ പിടിച്ചതും അരികിൽ പതിയിരിക്കുന്ന കൊഞ്ചിനെ കൈപ്പത്തി പൊത്തിപ്പിടിച്ചു പറ്റിച്ചതുമെല്ലാം ഈ പുഴത്തീരത്തായിരുന്നു.

പോത്താനിക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് സമ്മാനമായി കിട്ടിയ ക്യാഷ് പ്രൈസ് കൊണ്ട് വാപ്പിച്ചി വാങ്ങി തന്ന ഭംഗിയുള്ള ചുമന്ന ചെരിപ്പ് കാലിലിടാതെ ഞാൻ കയ്യിൽ ചുമന്നു, എന്റെ മനോഹരമായ ചെരിപ്പിന് കല്ലിൽ ചവിട്ടുമ്പോൾ വേദനിക്കാതിരിക്കാൻ.
ആ പോത്താനിക്കാടാണ് സിന്ധു ജോലി ചെയ്യുന്നത്.
സിന്ധുവിന്റെ വിളി എന്നെ മുപ്പത്തിഒന്നിലേക്കല്ല , അക്ഷരാർത്ഥത്തിൽ നാല്പത്തിരണ്ട്‍ വര്ഷം മുമ്പുള്ള എന്റെ ബാല്യത്തിലേക്കാണ് തിരിച്ചെത്തിച്ചത്.
സംസാരിച്ച കൂട്ടത്തിൽ ദിലീപ് എന്റെ നമ്പർ വാട്സപ്പിൽ ഇട്ടത് വഴിയാണ് ഞാനുമായി സമ്പർക്കം പുലർത്താൻ സാധിച്ചതെന്നും പറഞ്ഞു, കൂട്ടത്തിൽ കൂടെ പഠിച്ച ആശയോട് സംസാരിച്ചെന്നും അവൾ വൈകിട്ട് വിളിക്കുമെന്നുമറിയിച്ച് ഞങ്ങൾ സംഭാഷണം അവസാനിപ്പിച്ചു.

കഴിഞ്ഞ ആഴ്ച ദിലീപ് വിളിച്ചിരുന്നു, ജൂലൈ പതിനാറിൽ നടക്കാനിരിക്കുന്ന സമാഗമത്തെ കുറിച്ച് സംസാരിക്കാനെങ്കിലും സിന്ധു വിളിച്ചപ്പോഴാണ് അതിന്റെ ത്രിൽ ശരിക്കും മനസ്സിലായത്.

ആശ വിളിക്കുന്നതും പ്രതീക്ഷിച്ച്ഞാൻ വൈകുന്നേരമാകാൻ കാത്തിരുന്നു. പത്താം തരത്തിന് ശേഷം പ്രീ ഡിഗ്രിക്കും സിന്ധു കോളേജിൽ കൂടെയുണ്ടായിരുന്നു. പിന്നീടെപ്പോഴോ ബസ് സ്റ്റോപ്പിൽ വെച്ചും അവളെ കണ്ടിട്ടുണ്ട്. പക്ഷേ ആശ ഒരേ ബഞ്ചിൽ അടുത്തിരുന്ന് പഠിച്ച് പിരിഞ്ഞതിന് ശേഷം അവളെ അധികം കണ്ടിട്ടില്ല, അവളുടെ വീട്ടിൽ ഇടയ്ക്കെപ്പോഴോ പോയ ഓർമ്മയല്ലാതെ. എന്തായാലും മുപ്പത്തൊന്ന് ഇല്ലെങ്കിലും ഇരുപത്തെട്ട് വർഷത്തോളമായി അവളേയും കണ്ടിട്ട്. സന്ധ്യയോടടുത്ത സമയമായപ്പോൾ ആശ വിളിച്ചു. മഗ്‌രിബിന്റെ സമയമായതിനാൽ തിരികെ വിളിക്കാമെന്ന ക്ഷമാപണവുമായി എനിക്ക് ഫോൺ വെക്കേണ്ടി വന്നു. വീണ്ടും വിളിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചു, സഹോദരങ്ങളെ കുറിച്ചും അച്ഛനമ്മമാരെ കുറിച്ചുമെല്ലാം.
മക്കളെയെല്ലാം കെട്ടിച്ചയച്ച് പാലക്കാട്ട് സ്ഥിരതാമസമാക്കിയെന്ന് കരുതിയിരുന്ന കൂട്ടുകാരിയുടെ അച്ഛനമ്മമാർ മുപ്പത്തടത്തിലുണ്ടെന്നറിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ അവരെ പോയി കണ്ടു. ആശയുടെ അച്ഛന്റെ വയസ്സായ മുഖം എന്നെ സങ്കടപ്പെടുത്തി. കാണാനൊരു മുഖം പോലും ബാക്കി നൽകാതെ ഇരുപത്തേഴു വർഷം മുമ്പെന്റെ അച്ഛനെന്നെ വിട്ടു പിരിഞ്ഞ ഓർമ മാത്രമാണ് കൂട്ടുകാരികളുടെ അച്ഛനെ കാണുമ്പോൾ മനസ്സിൽ തെളിയുന്നത്.

മൂന്ന് സംവത്സരങ്ങൾ സമ്മാനിച്ച കാലത്തിന്റെ വിടവ് ലവലേശം പോലും ബാധിച്ചിട്ടില്ലായിരുന്നു, അവരുടെ സ്നേഹപ്രകടനങ്ങൾക്ക്.
സിന്ധു കോതമംഗലത്താണെന്ന് പറഞ്ഞപ്പോൾ അവളോട് ഞാൻ വാക്ക് പറഞ്ഞു, ഞാൻ പോകുന്നതിന് മുമ്പൊരിക്കൽ നിന്നെ കാണാൻ വരാമെന്ന്. കോതമംഗലത്തേക്കൊരു യാത്ര കൂടിയായല്ലോ. ഡ്രൈവിംഗ് പഠിക്കാനായി വാടകക്കെടുത്ത കാറിൽ അജി ചേട്ടനോടൊപ്പം പോയ ഒരു ഞായറാഴ്ച്ച മുന്നറിയിപ്പൊന്നുമില്ലാതെ അവളെ വിളിച്ചു ചോദിച്ചു, രണ്ടു മണിക്കൂറിനുള്ളിൽ ഞാനവിടെ എത്തിയാൽ നീയുണ്ടാകുമോ?

സന്തോഷത്തോടെ അവൾ കാത്തിരിക്കാമെന്ന് സമ്മതിച്ചു.
പൈമറ്റത്ത് നിന്നും കടുങ്ങല്ലൂരിലേക്ക് സ്‌കൂൾ അവധി കാലത്ത് യാത്ര ചെയ്യുമ്പോൾ കണ്ടിട്ടുള്ള കോതമംഗലം ബസ് സ്റ്റാൻഡും അതിനടുത്തുള്ള ചില റസ്റ്റോറന്റുമല്ലാതെ ടൗണിൽ എനിക്ക് വലിയ പരിചയം ഇല്ല. നാല്പത്തിരണ്ട്‍ വർഷങ്ങൾക്ക് ശേഷവും ഒരു മാറ്റവും വികസനവുമില്ലാതെ നില നിൽക്കുന്ന ഞാൻ കണ്ട ഒരേയൊരു ബസ് സ്റ്റാൻഡും കോതമംഗലം തന്നെയെന്ന് പറയാം.
വികസനം എന്ന മാരണം ഇല്ലാത്തതിനാലാകാം കോതമംഗലവും പരിസര പ്രദേശങ്ങളുമെല്ലാം ഗ്രാമീണ ഭംഗി കൈവിടാതെ ശാലീനമായി നിലകൊള്ളുന്നത്. കോൺക്രീറ്റു കെട്ടിടങ്ങൾ കയ്യേറിയിട്ടില്ലെങ്കിലും രാസപദാർത്ഥങ്ങളുടെ അതിപ്രസരം മൂലം ഈ നാടിനേയും വാസയോഗ്യമല്ലാതാക്കി തീർത്തിരിക്കുകയാണ്.

എന്റെ ബാല്യത്തിൽ ഞാൻ കണ്ടിരുന്ന ആലുവയും കടുങ്ങല്ലൂരുമെല്ലാം ചുറ്റിനും നിറഞ്ഞ നെൽപാടങ്ങളാലും ചെമ്പരത്തിയാലും കുരങ്ങൻ മൈലാഞ്ചിയാലുമെല്ലാം സുന്ദരമായിരുന്നു. പിന്നീടവ ഇഷ്ടിക കളങ്ങളായും ഗോഡൗണുകളായും മാളികകളായും പരിണമിച്ചപ്പോൾ നഷ്ടമായത് എന്റെ നാടിന്റെ ഗ്രാമീണ സൗന്ദര്യമായിരുന്നു

ഏതായാലും സിന്ധു വഴിയിലേക്ക് ഇറങ്ങി നിന്നത് കൊണ്ട് വീട് കണ്ടു പിടിക്കാൻ വിഷമമുണ്ടായില്ല. കണ്ടിട്ടില്ലെങ്കിലും ഒരുപാട് കേട്ട് ശീലിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജെന്ന പ്രശസ്തമായ എം.എ കോളേജിന്റെ പരിസരത്തു തന്നെയായിരുന്നു, സിന്ധുവിന്റെ വലിയ ഇരുനില വീട്. വിശേഷങ്ങളധികം പറയും മുമ്പേ അവളെനിക്ക് ഇടിയപ്പവും ചിക്കൻ കറിയും തന്നു. ജനിച്ച നാൾ മുതൽ കണ്ടും കഴിച്ചും തഴമ്പിച്ച ഈ ഇടിയപ്പം തന്നെ നീ എനിക്ക് തന്നല്ലോ എന്ന പരിഭവത്തോടെ ഞാൻ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ സിന്ധുവിന്റെ 'അമ്മ ഓമനചേച്ചിയും അച്ഛനും വന്നു. അവരോടും കുശലാന്വേഷണം നടത്തി.

മകന്റെ പരീക്ഷാ സമയമായിരുന്നതിനാൽ അധികം നേരം അവളോടൊത്ത് ചിലവഴിക്കാനായില്ലെങ്കിലും അവളൊരു സെൽഫിയെടുത്ത് വാട്സപ്പിലിട്ടു. അന്നാണ് വിശ്വ വിഖ്യാതമായ നമ്മുടെ വാട്സാപ്പിൽ ഞാൻ ആദ്യമായി വന്നത്.
യാത്ര പറഞ്ഞിറങ്ങും നേരം മറക്കാതെ സിനിയുടെ നമ്പർ വാങ്ങി. സിനിയും അൽ അമീൻ കോളേജിൽ ഒരു ക്ളാസ്സിലല്ലെങ്കിലും
ഒരുമിച്ചുണ്ടായിരുന്നതാണ്. നാട്ടിൽ നിന്നൊരേ ബസ്സിൽ യാത്രയായി പമ്പ് ജംഗ്‌ഷനിൽ നിന്നും എൻ.എ.ഡി. വഴി എറണാകുളത്ത് പോകുന്ന വണ്ടിയിൽ കയറി കോമ്പാറയിലിറങ്ങി കോളേജിലേക്ക് അതിരാവിലെ കഥ പറഞ്ഞ് നടക്കുന്നത് ഞാനും സിന്ധുവും സിനിയും ശ്രീകലയുമായിരുന്നു. തിരിച്ചു വരവ് പഴങ്ങനാട് നിന്നും തൃപ്പൂണിത്തുറയിൽ നിന്നും വരുന്ന ബസ്സിൽ മലയപ്പിള്ളിയിൽ നിന്നായിരുന്നു. സ്റ്റോപ്പിൽ നിർത്താതോടുന്ന ബസ്സിന്റെമുമ്പിൽ കയറി നിന്ന് കൂട്ടുകാരെയെല്ലാം കയറ്റി കഴിയുമ്പോഴേക്കും എന്നെ കണ്ടക്ടർ തള്ളിയിടാറുണ്ടായിരുന്നു.

സിനിയെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെങ്കിലും പിറ്റേന്ന് വൈകുന്നേരം വീടിനടുത്തുള്ള കടുങ്ങല്ലൂർ ജംഗ്‌ഷനിൽ പോയി അവളേയും കണ്ടു.

നാട്ടു വർത്തമാനങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളും പറഞ്ഞ് അവൾ തന്ന ചക്ക ഉപ്പേരി കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ദിലീപിനെ വിളിച്ചു. ദിലീപിന്റെ വീട് അവിടെ അടുത്തെവിടെയോ ആണെന്നറിയാം. സിനിയുടെ വീട്ടിൽ വന്നാൽ ദിലീപിനെയും കാണാമെന്നറിയിച്ചപ്പോൾ ഏഴ് മണിയാവും ഓഫീസിൽ നിന്നെത്താനെന്നും അതുവരെ കാത്തിരുന്നാൽ കാണാമെന്നും പറഞ്ഞ ഉറപ്പിൽ ഏഴ് മണി വരെ അവിടെ ഇരുന്നു.

സിനിയുടെ അയല്പക്കക്കാരിയാണ് കൂട്ടുകാരിയായ സീന. സീനയേയും ഇടയ്ക്ക് കണ്ടിട്ടുണ്ടെങ്കിലും കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. ക്ലിനിക്കിൽ നിന്നും ആറു മണിക്കെത്തുന്ന സീനയ്ക്ക് വീണ്ടും രോഗികളെ വീട്ടിൽ ചികിൽസിക്കേണ്ടതുണ്ടായതിനാൽ മുന്നറിയിപ്പില്ലാത്ത ആ സൗഹൃദ സന്ദർശനം വേണ്ടെന്നു വെച്ചു.

ഏഴ് മണിക്ക് തന്നെ ദിലീപെത്തി. പ്രായം നാല്പത്തിയാറായെങ്കിലും നമ്മുടെ മാറ്റത്തേക്കാളേറെ മറ്റുള്ളവരുടെ മാറ്റങ്ങളാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. അതിൽ ദിലീപിന്റെ കഷണ്ടിയെക്കാളേറെ അന്ന് ക്ലാസ്സിൽ ഒരിക്കലും പരസ്പരം മിണ്ടാത്ത ദിലീപിന് ഇത്ര അനായാസമായി എങ്ങിനെ സംസാരിക്കാൻ കഴിയുമെന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

അവരും സെൽഫിയെടുക്കാൻ മറന്നില്ല. ജൂലൈ പതിനാറിന് നടക്കുന്ന പരിപാടിയെക്കുറിച്ചും അതിൽ എങ്ങിനെയെങ്കിലും പങ്കെടുക്കണമെന്നുള്ള നിർബന്ധത്തോടൊപ്പം ലണ്ടനിലെത്തിയാൽ വാട്സപ് നമ്പർ അയക്കാനും ഓർമപ്പെടുത്തി ദിലീപ് യാത്രയായി.

വാട്സപ് നമ്പർ ഒരെണ്ണം വല്ലപ്പോഴും ഞാൻ ഉപയോഗിക്കാറുണ്ടെങ്കിലും ആ ഫോണോ നമ്പറോ നാട്ടിൽ കൊണ്ട് വരാൻ നിർവാഹമില്ല. ഞാൻ ഉപയോഗിക്കുന്ന ഐ ഫോൺ സിക്സ് പ്ലസ് അത് പോലൊരെണ്ണം മകന്റെ കയ്യിൽ ഇല്ലാത്തിടത്തോളം എനിക്കും നിരോധിക്കപ്പെട്ടതാണ്. അതിനാൽ ബുദ്ധിപൂർവ്വം ഞാൻ എന്റെ പഴയ നോക്കിയ ഫോണുമായാണ് നാട്ടിലെത്തിയത്. എന്നാലും ഒരു നാൾ കിടക്കാൻ നേരം അവനത് കണ്ടു പിടിക്കുക തന്നെ ചെയ്തു, "മമ്മി ഐ ഫോൺ കൊണ്ട് വരാതിരുന്നത് എനിക്ക് തരണമെന്ന് വിചാരിച്ചാണല്ലേ"? അല്ലെന്ന് ഒരുപാട് പറഞ്ഞെങ്കിലും അവന്റെ അവസാനത്തെ അടവായ തലയിൽ തൊട്ട് സത്യം ചെയ്യിപ്പിക്കലിൽ എനിക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.

അവനായൊരെണ്ണം പുതിയത് വാങ്ങി നാട്ടിൽ വാട്സപ് ഉപയോഗിക്കാൻ തയ്യാറെടുത്തപ്പോൾ അവന് ഐ ഫോൺ വേണ്ടത്രേ. അതിൽ ഗെയിമുകൾ പലതും സപ്പോർട്ട് ആവില്ലത്രേ.

ഫോൺ ഉപയോഗിക്കരുതെന്നും ഗെയിം കളിക്കരുതെന്നും നിഷ്കർഷിച്ചാൽ അനുസരിക്കുന്നവരല്ല, ഇന്നത്തെ കുട്ടികൾ, പ്രത്യകിച്ചും അച്ഛനും അമ്മയും അടുത്തില്ലാതെ വളരുന്ന എന്റെ മകൻ. തെളിച്ച വഴിയേ പോയില്ലെങ്കിലും പോയ വഴിയേ തെളിക്കുകയെന്നതാണ് ആകെയുള്ള വഴി. ഉപയോഗിക്കുന്ന ഫോൺ വേഗം ചൂടാവുന്നതായതിനാൽ പാർശ്വഫലം കുറവുള്ള നല്ല ഫോൺ ഉപയോഗിക്കട്ടെ എന്ന് കരുതിയതും അസ്ഥാനത്തായി. ഫോൺ ഉപയോഗിച്ചിട്ടാണെങ്കിലും പുറത്ത് പോയി അനാവശ്യ ചങ്ങാത്തം കൂടാതെ വീടിനകത്ത് തന്നെ ഇരിക്കുന്നതിനാൽ അത് ചിലപ്പോൾ ഒരാശ്വാസമായി തോന്നിയിട്ടുണ്ട്.

സിനിയുടെ വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. സിനി ജംഗ്‌ഷൻ വരെ വന്നു. അവിടെ നിന്നും ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് പോയി. രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല.
എന്ത് ചെയ്യും?ജൂലൈ പതിനാറിലെ മീറ്റിൽ എങ്ങിനെ പങ്കെടുക്കും?
ഭർത്താവിനെ വിളിച്ച് എനിക്ക് എങ്ങിനെയും ജൂലൈ പതിനാറിൽ നാട്ടിൽ ഉണ്ടാവണമെന്നും ഞങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും അറിയിച്ചു. അത്ര അത്യാവശ്യമെങ്കിൽ ജൂലൈ പതിനാലാം തീയതിക്ക് ടിക്കറ്റ് തരപ്പെടുത്താമെന്ന് അദ്ദേഹം സമ്മതിച്ചു.
എന്റെ ടിക്കറ്റ് മാർച്ച് ഒമ്പതിൽ നിന്നും ഏപ്രിൽ പത്തിലേക്ക് ഇതിനകം മാറ്റിവെച്ചിരിക്കുകയാണ്. ജൂൺ എട്ട് മുതൽ ജൂലൈ പന്ത്രണ്ട് വരെയുള്ള വരവിനും ടിക്കറ്റ് ബുക്ക് ചെയ്തു. എനിക്കാകെ തൊണ്ണൂറു ദിവസമേ ബ്രിട്ടന് പുറത്ത് ഒരു വർഷത്തിൽ നിൽക്കാൻ സാധിക്കുകയുള്ളൂ.

തൊണ്ണൂറ് ദിവസം അധികരിക്കാതെ ആഴ്ചയിൽ രണ്ട് പ്രാവശ്യം ലണ്ടനിൽ നിന്നങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര ഒഴിവാക്കി, ഞാൻ കാര്യങ്ങൾ പ്ലാൻ ചെയ്തു.

ഏപ്രിൽ പത്തിൽ നിന്നും എന്റെ ടിക്കറ്റ് അഞ്ചാം തീയതിയിലേക്ക് നേരത്തെയാക്കി ജൂലൈ പന്ത്രണ്ടിൽ നിന്നും പതിനാറിന് ശേഷമുള്ള ഒരു തീയതിയിലേക്കാക്കിയാൽ ഈ രണ്ട് പ്രതിസന്ധികളും തരണം ചെയ്യാം.
ടിക്കറ്റ് ആ രീതിയിൽ പുനഃക്രമീകരിച്ച് ഞാൻ ഒരുവിധം ലണ്ടനിലെത്തി.

ഇനി വാട്സപ് പഠിക്കണം. ഏതൊക്കെയോ ഗ്രൂപ്പുകൾ ഞാനറിയാതെ എന്നെ ചേർത്തിട്ടുണ്ടെങ്കിലും ആരുടെയൊക്കെയോ സന്ദേശം മുടങ്ങാതെ കിട്ടാറുണ്ടെങ്കിലും അധികമാർക്കും മെസേജ് അയക്കുന്ന ശീലമില്ല. ഉറക്കം കഴിഞ്ഞ് ബാക്കി കിട്ടുന്ന അൽപ സമയത്തിൽ എ.എ.റ്റി യും എ.സി.സി.എ യും ഒരുമിച്ച് പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സർവ്വോപരി നേരം പോക്കിനായി ഫേസ് ബുക്ക് ഉപയോഗിക്കുമ്പോഴെല്ലാം "നിനക്ക് നേരം പോക്കിനായി എന്തെങ്കിലും വേണമെങ്കിൽ അത് ഖുർ-ആൻ മതിയെന്ന" വാക്യം മനസ്സിൽ ഓടിയെത്താറുള്ളതിനാലും അടുത്തിടെ വായിച്ച മുഹ്‌യിദ്ധീൻ ശൈഖിന്റെ സൂഫി പുസ്തകമായ "സീക്രട്ട് ഓഫ് ദി സീക്രട്ട്" തന്നിലേക്ക് തന്നെ ഒതുങ്ങാൻ പ്രേരിപ്പിക്കുന്നതിനാലും വാട്സപ് ഒഴിവാക്കുകയായിരുന്നു.

വിലായത്തിലേക്ക് എനിക്കൊരുപാട് സമയമുണ്ടെന്നറിയിച്ച് കൊണ്ട് എന്റെ ആഗ്രഹങ്ങൾ മുന്നേറി.
ഞാൻ കാശ്മീരിയായ എന്റെ പഴയ സഹപാഠി മാജിദിനെ വിളിച്ച് വാട്സപ്പിന്റെ തന്ത്രങ്ങളൊക്കെ പഠിച്ച് പിറ്റേ ദിവസം സിന്ധുവിനെ വിളിച്ച് എന്റെ നമ്പർ കൊടുത്തു. കുറച്ച് നേരം കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാനും അവസാനം നമ്മുടെ ഗ്രൂപ്പിലെത്തി.

ഗ്രൂപ്പിലെത്തിയ എനിക്ക് എല്ലാവരും സ്വാഗതമോതി. മലയാളത്തിലൂടെ തമിഴ് പേശി കേരളീയന് പച്ചക്കറിയും അരിയും പ്രധാനം ചെയ്യുന്ന തമിഴനോട് സംസാരിക്കാൻ നാളെയുടെ മലയാളിയെ പ്രാപ്തനാക്കുന്ന പ്രദീപാണ് ഗ്രൂപ്പിൽ ഏറെയും സജീവമായിരുന്നത്. ഫോട്ടോ കാണും വരെ മുഖമോർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും പരിചയമുള്ള ഏതോ മുഖത്തെ പ്രദീപെന്ന് നിനച്ച് സംസാരിച്ചു കൊണ്ടിരുന്നു.

മുപ്പത്തൊന്ന് വർഷം മുമ്പുള്ള പത്താം ക്ലാസ്സിൽ ഒരു ആൺ കുട്ടിയോടും നേരിട്ട് ഒരു ബുക്ക് പോലും ചോദിക്കാനായി സംസാരിച്ചതോർക്കുന്നില്ല.

കാലം ഒരുപാട് മാറിയിരിക്കുന്നു, അനിയത്തിയുടെ മകളുടെ ആൺ കൂട്ടുകാർ വീട്ടിൽ വന്ന് മുതിർന്നവരെ കണ്ടതായി പോലും ഭാവിക്കാതെ സംസാരിക്കുകയും ഇതാരെന്ന് ചോദിക്കുമ്പോൾ ഉദാസീനമായി "ഓ, അവനെന്റെ ക്ലാസ് മേറ്റ് " എന്ന് പറയുകയും ചെയ്യുന്ന ന്യൂ ജനറേഷൻ. ആൺകുട്ടികളുമായി ഇങ്ങനെ ചങ്ങാത്തം പാടില്ലെന്ന് പറഞ്ഞാൽ, "മൂത്തുമ്മാ, നിങ്ങളും ഞാനും തമ്മിൽ ജനറേഷൻ ഗ്യാപ്പും കമ്മ്യൂണിക്കേഷൻ ഗ്യാപ്പും ഉണ്ടെന്ന്" തെളിയിക്കുന്ന വാദപ്രതിവാദങ്ങൾ.

കൂട്ടുകാരേ നമ്മുടെ ജനറേഷനെയോർത്ത് എനിക്ക് സഹതാപം തോന്നിപ്പോവാറുണ്ട്, ഒന്നും കമ്മ്യൂണിക്കേറ്റ് ചെയ്യാനില്ലാതിരുന്ന നമ്മുടെ ജനറേഷൻ. ആ കാലഘട്ടമാണ് നമുക്ക് തിരിച്ച് കിട്ടിയിരിക്കുന്നത്.

എന്നാലും ഒരു ആശയും സിന്ധുവും മാലിനിയും വല്ലപ്പോഴും വന്ന് പോവാറുള്ള ഉമൈബാനുമല്ലാതെ അധികം സ്ത്രീ പ്രാധിനിത്യം ഇല്ലാത്തത് ഇവിടേയും ഒരു പോരായ്മയായി നിലനിൽക്കുന്നു.

"Not yet working, I am still studying" എന്ന് പ്രൊഫൈലിലിട്ട് മുഴുവൻ സമയവും ചിലവഴിക്കാൻ കുടുംബ പ്രാരാബ്ധം ചുമലിലേറ്റുന്ന നമുക്ക് കഴിയാറില്ലാത്ത മദ്ധ്യ വയസ്സിലാണല്ലോ നാം വീണ്ടും കണ്ടു മുട്ടുന്നത്. എന്നാലും സ്വത സിദ്ധമായ തന്റെ മലയാള ശൈലിയിൽ സംവദിക്കാനെത്തുന്ന ഷാഫിയും ഇംഗ്ളീഷുകാരെ വെല്ലുന്ന കടിച്ചാൽ പൊട്ടാത്ത ഇംഗ്ളീഷുമായെത്തുന്ന മധുവുമെല്ലാം ഗ്രൂപ്പിന്റെ നെടുംതൂണുകളാണ്.

ഒമ്പതാം ക്ലാസ്സിൽ കണ്ടു പിരിഞ്ഞ മുഖങ്ങളായി ഇവിടെ തിരിച്ചെത്തുന്നവർ അജിത്തും, അശോകും, രാജീവും, മണിയും , ദിലീപും, രാജും, അയൂബും അൻസാറുമെല്ലാമാണ് . അയൂബും അൻസാറും ബന്ധുക്കളായതിനാൽ പരിചയം പുതുക്കലിന്റെ ആവശ്യമില്ല. പെൺകുട്ടികളിൽ അന്ന് കൂടെയുണ്ടായിരുന്നത് സിന്ധുവും, സിനിയും, ശ്രീകലയും, മിനിയും ഉമൈബാനുമാണ്.

പുറകിലെ ബഞ്ചിൽ ഒരുപാട് പേരറിയാത്ത കൂട്ടുകാരുണ്ടെങ്കിലും പഠിപ്പിസ്റ്റുകൾ മാത്രമേ അറിയപ്പെടാറുള്ളൂ. അഥവാ ഒരുവിധം പഠിക്കുന്ന കുട്ടികളെ മാത്രമേ അധ്യാപകർ ശ്രദ്ധിക്കാറുള്ളൂ. അത് മൂലം പഠിക്കാനും അധ്യാപകരുടെ ശ്രദ്ധ പിടിച്ച് പറ്റാനുമുള്ള അവസരം താരതമ്യേന വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് നഷ്ടപ്പെടുന്നു. അവർ വീട്ടിലും പള്ളിക്കൂടത്തിലും അവഗണിക്കപ്പെടുന്നവരാകുന്നു.

ഈ അവസ്ഥാവിശേഷത്തിന്റെ പരിണതഫലം നേരിട്ടറിയുന്നത്, നാം വിദ്യാർത്ഥിയായിരിക്കുമ്പോൾ അല്ല, മറിച്ച് ഒരു രക്ഷിതാവിന്റെ കുപ്പായം അണിയുമ്പോൾ ആണ്, വിശേഷാൽ വിദ്യാഭ്യാസം കച്ചവടമായി കണക്കാക്കുന്ന സി.ബി.എസ്. ഇ പോലുള്ളവയിൽ.

ഇത് പോലെ അവഗണിക്കപ്പെട്ട ഒരുപാട് കൂട്ടുകാരുടെ പേരുകൾ ഓർത്തെടുക്കാൻ കഴിയാത്തതിലുള്ള ക്ഷമാപണത്തോടെ മാത്രമേ അംബികയേയും അനിതയെയുമെല്ലാം പരാമർശിക്കാനാവൂ.

സിന്ധുവും സിനിയുമെല്ലാം പഠിത്തത്തിൽ മാത്രമല്ല, ദേശീയ ഗാനാലാപനത്തിലും ഈശ്വര പ്രാർത്ഥനയിലുമെല്ലാം മുമ്പിലായതിനാൽ ക്ലാസ്സിൽ മാത്രമല്ല, സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ചിരപരിചിതരാണ്. സ്‌കൂൾ വർഷികാഘോഷത്തിനും കലാ മത്സരങ്ങളിലുമെല്ലാം ഡാൻസായും , തിരുവാതിരയായും ഒപ്പനയായുമെല്ലാം വേദി കീഴടക്കിയിരുന്നതും വിരലിലെണ്ണാവുന്നവർ മാത്രമാണ്.

അജിത്തും അശോകും പഠിക്കുന്ന കുട്ടികളായതിനാൽ ആരും പരിചയപ്പെടുത്താതെ തന്നെ മുഖം ഓർമയുണ്ട്. അശോകിനെ അവസാനമായി കണ്ടത് അയ്യൂബിന്റെ കല്യാണ ദിവസമാണ്. രാജീവ് പ്രേമത്തിൽ സമർത്ഥനായതിനാൽ ഒരു പേടിയോടെയാണ് അന്നെല്ലാം വീക്ഷിച്ചിരുന്നത്. പ്രേമം എന്നത് എന്തോ വലിയ പാപമാണെന്നും അതിനെ കുറിച്ച് വിചാരിക്കുക പോലുമരുതെന്ന് കരുതിയ പ്രായമായിരുന്നു, അത്.

ചെറുപ്പത്തിൽ ഉമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്, കണ്ണ് കൊണ്ട് പരപുരുഷനെ നോക്കിയാൽ കണ്ണ് നരകത്തിൽ പോകും, കാത് കൊണ്ട് കേട്ടാൽ ചെവിയും തൊട്ടാൽ ശരീരവുമെല്ലാം നരകത്തിൽ പോകും, ആ പാപത്തിലേക്കുള്ള ആദ്യ പടിയാണത്രേ പ്രേമം. ലോ കോളേജിൽ പഠിക്കുന്ന കാലത്ത് ആലുവ മുതൽ എറണാകുളം വരെ കണ്ണടച്ചിരുന്നിട്ടുണ്ട്, ഒരു വാൾ പോസ്റ്റർ പോലും നോക്കിയെന്റെ കണ്ണ് നരകത്തിൽ പോകാതിരിക്കാൻ.

അയല്പക്കത്തെ ആരിഫയുടെ മംഗളവും മനോരമയും വാപ്പിച്ചി കാണാതെ ഒളിച്ച് വായിച്ചപ്പോഴും പിന്നീട് മിൽസ് &ബൂൺസ് നോവലുകൾ വായിച്ചുമാണ് പ്രേമം പഠിച്ചത്. ജാതിയും മതവും ബാങ്ക് ബാലൻസും മണി മാളികകളുമെല്ലാം എന്നും പ്രേമത്തിന് തടസ്സമായിരുന്നു.

"I love you as you are intellectually beautiful. Let us start living together" എന്ന് പറഞ്ഞ് ജീവിതത്തിലേക്ക് ക്ഷണിച്ച, ഇനിയൊരിക്കലും കാണാനിടയില്ലാത്ത കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ രാംദാസിനേയും , രണ്ട് ലക്ഷം രൂപ കയ്യിലുണ്ടായിരുന്നെങ്കിൽ നമുക്ക് കല്യാണം കഴിക്കാമെന്ന് പറഞ്ഞ ലോ കോളേജിലെ ജോസിനേയുമൊഴിവാക്കി പ്രായവ്യത്യാസമൊരുപാടുള്ള വരനെ തേടിപ്പിടിച്ചത്, ഒരു ഇസ്‌ലാം മത വിശ്വാസി എത്ര പുരോഗമനം പ്രസംഗിച്ചാലും സ്വകാര്യ ജീവിതത്തിൽ ശരീ-അത്തില്ലാതെ ജീവിക്കാനാവില്ലെന്ന വാസ്തവം കൊണ്ടാണ്.

അതുകൊണ്ട് പ്രേമം അന്നുമിന്നുമെന്നും പേടിയോടെ സൂക്ഷിക്കുന്ന വികാരമാണ്. ഇന്ന് ഞാൻ ദൈവത്തെ പ്രേമിക്കുകയാണ്, അതൊരു നിഗൂഢമായ, വാക്കുകൾക്കതീതമായ അനുഭൂതിയാണ്.

കടുങ്ങല്ലൂരാണ് വീടെങ്കിലും സ്‌കൂളിൽ നിന്ന് പിരിഞ്ഞതിന് ശേഷം രാജീവിനെയോ ദിലീപിനെയോ അജിത്തിനെയോ ഇതുവരെ കണ്ടിട്ടില്ല.

മണി ഒരു വർഷമേ കൂടെയുണ്ടായിരുന്നതെങ്കിലും കണക്ക് ടീച്ചറുടെ അരുമശിഷ്യനായതിനാൽ നന്നായറിയും. പിന്നെ ലോ കോളേജിൽ മണിയുടെ സഹോദരിയെ കാണുമ്പോൾ വിശേഷം തിരക്കാറുണ്ടായിരുന്നു.

മിനിയെ പലപ്പോഴും ബസ്സിൽ വെച്ച് കാണുകയും സ്നേഹത്തോടെ എല്ലാ വിശേഷങ്ങളും പങ്ക് വെക്കുകയും ചെയ്യാറുണ്ടായിരുന്നു. ഉമൈബാനും ഞാനും രണ്ട് ക്ളാസ്സിലായിരുന്നു, പത്താം താരത്തിലെങ്കിലും ഒരുമിച്ചായിരുന്നു, വരുന്നതും പോകുന്നതും, പോരാത്തതിന് സമദ് സാറിന്റെ ട്യൂഷൻ സെന്ററിലും ഒരുമിച്ചുണ്ടായിരുന്നു. ഒരു മീറ്റർ ദൂരത്തിൽ മധുവും അടുത്തുണ്ടായിരുന്നെങ്കിലും പരസ്പരം സംസാരിക്കാറില്ലായിരുന്നു.

സാലിയും ഷാജഹാനും ഷംസുവും ബഷീറുമെല്ലാം മെസേജ് അയക്കുന്നതിൽ മിടുക്കന്മാരായിരിക്കുന്നു. സാലിയേയും സക്കീറിനേയും നാട്ടുകാരായതിനാൽ വീണ്ടും കണ്ടു മുട്ടിയിട്ടുണ്ട്.

അകലെയുള്ള എല്ലാ കൂട്ടുകാരേയും ഒരുമിച്ച് കാണാനുള്ള അവസരമാണ്, ജൂലൈ പതിനാറ്. സർവ്വോപരി അന്ന് പത്താം ക്ലാസ്സിൽ മാത്രമല്ല, എല്ലാ ക്ലാസ്സുകളിലും പഠിപ്പിച്ച അദ്ധ്യാപകരും വരുന്നുണ്ടത്രേ. ഈ കുറിപ്പ് പോലെ ഒരുപാട് അക്ഷരങ്ങളും വാക്കുകളും എഴുതാൻ എന്നെ പ്രാപ്തയാക്കിയ എന്റെ മലയാളം ടീച്ചർ അൽഫോൻസ ടീച്ചറും രുക്മിണി ടീച്ചറും, ഉഷാകുമാരി ടീച്ചർ, ക്ലാസിൽ എത്താനാവാത്ത ദിവസങ്ങളിൽ ടീച്ചറുടെ നോട്ട് ഉമൈബാന്റെ കൈവശം കൊടുത്തയാക്കാറുള്ള വിജയ ലക്ഷ്മി ടീച്ചർ, പെരിന്തൽമണ്ണയിൽ നിന്നും പരിപാടിക്ക് വരാനെത്തുന്ന റഹ്‌മാൻ സാർ എല്ലാവരെയും കാണുന്ന നിമിഷമോർത്ത് മനസ് ആകാംക്ഷയാൽ വീർപ്പു മുട്ടി. ദിവസങ്ങളെണ്ണി കഴിച്ചു കൂട്ടി.

ലണ്ടനിൽ നിന്നും ജൂൺ എട്ടിന് പുറപ്പെട്ടെങ്കിലും ഇടക്കൊരു രാജ്യത്ത് ഇറങ്ങേണ്ടിയിരുന്നതിനാൽ ഇരുപത്തി രണ്ടാം തീയതി മാത്രമാണ് നാട്ടിലെത്താനായത്. മൂന്ന് രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അസുഖം മൂലവും, ഐ ഫോൺ വേണ്ടെന്ന് പറഞ്ഞെങ്കിലും കണ്ട ഉടനെ അത് മകൻ കൈക്കലാക്കിയതിനാലും കുറച്ച് ദിവസം ആരുമായും സംസാരിക്കാൻ കഴിഞ്ഞില്ല.

സിന്ധുവിനെ മാത്രം വിളിച്ചു. ദേശീയ ഗാനം പ്രാക്റ്റീസ് ചെയ്യാനായി അവളും മിനിയും സിനിയും ശ്രീകലയും സിനിയുടെ വീട്ടിൽ സമ്മേളിക്കുന്നുണ്ടെന്നും കഴിയുമെങ്കിൽ എന്നോടും വരണമെന്നും ആവശ്യപ്പെട്ടു. ഞാൻ താമസിക്കുന്നത് ആലുവയിലേക്കുള്ള വഴിയിലെ തൊട്ടുമുഖത്തായതിനാൽ അവൾ വീട്ടിൽ കയറി. മുസ്ലിം സ്‌പെഷ്യൽ ആയ പത്തിരി ഇറച്ചി അവൾക്കായി കരുതിയിരുന്നെങ്കിലും, കടുങ്ങല്ലൂരമ്പലത്തിൽ കയറേണ്ടതിനാൽ അത് പാഥേയമായി കൊടുത്ത് വിട്ടു. ഞാൻ സിനിയുടെ വീട്ടിൽ എത്തുമ്പോഴേക്കും ബിരിയാണി വാങ്ങാൻ പോകാൻ കഴിയാത്തതിനാൽ കൂട്ടുകാരെല്ലാവരും അത് ഉച്ച ഭക്ഷണമായി കഴിച്ചത്രേ. മിനി ഞാനെത്തും മുമ്പേ തിരിച്ച് പോയിരുന്നു. ഒരുപാട് കാലമെത്തി ശ്രീകലയെ കാണുകയാണ്. അൽ അമീൻ കോളേജിൽ ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിലിരുന്നും സ്റ്റഡി ലീവിന് അവളുടെ വീട്ടിൽ പോയും ഒരുപാട് ചിരിയും കരച്ചിലും പങ്ക് വെച്ച കൂട്ടുകാരി. കോമ്പാറയിൽ നിന്നും ബസ്സിറങ്ങി അൽ അമീനിലേക്ക് നടക്കുമ്പോൾ താൻ കണ്ട സിനിമയിലെ കഥ മാത്രമല്ല, കസിനായ പ്രീതി പറഞ്ഞതുൾപ്പെടെ ശ്രീകലക്ക് ഒരുപാട് കഥകൾ പറയാനുണ്ടാവും. സിന്ധുവും സിനിയും ശ്രീകലയും ഞാനും കൂടിയപ്പോൾ ഞങ്ങളന്നും അൽ അമീനിൽ ഒരുമിച്ച് പോയ അന്നത്തെ കുട്ടികളെന്നും പ്രായം ശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രതിഭാസമാണെന്നും പൂർണമായും ബോധ്യമായി.

അവരെല്ലാം പരിപാടിയുടെ അന്ന് കേരളാ സാരിയാണ് ധരിക്കുന്നതെന്നും, ഞാനും ആ ഡ്രസ്സിൽ വന്നാൽ മതിയെന്നും സിന്ധു നിർബന്ധിച്ചു.

" Health is wealth " എന്ന സിദ്ധാന്തം പഠിപ്പിച്ചു, ഇടക്കൊച്ചിയിലെ സുധീർ മാഷിന്റെ അടുത്തു നിന്നും കാട്ടാക്കടയിലെ നെയ്യാർ ഡാമിനടുത്തുള്ള ശിവാനന്ദാശ്രമത്തിൽ വിട്ടും എന്തിന് ഋഷികേഷ് വരെ പോയി യോഗ പഠിപ്പിക്കാൻ ആദ്യ ഭർത്താവ് ശ്രമിച്ചിട്ടും, അനുസരിക്കാത്ത എന്റെ തടിച്ച ശരീരത്തിന് സാരി അന്യമായതിനാൽ ആ ആവശ്യം ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. പൊണ്ണത്തടി മൂലം വരാനിരിക്കുന്ന എല്ലാ രോഗങ്ങളെ കുറിച്ചും ഉല്ബോധിപ്പിക്കാൻ ഡോക്ടറായ ഭർത്താവുണ്ടായിട്ടും, വ്യായാമത്തോളം ഇഷ്ടമില്ലാത്തതൊന്നും ഇന്ന് ജീവിതത്തിലില്ല, ഒരുകാലത്ത് അവയെന്റെ ജീവനായിരുന്നെങ്കിലും. ജീവിതത്തോടുള്ള ആസക്തിയും പ്രതിപത്തിയും നഷ്ടമാകുമ്പോഴാണോ സൗന്ദര്യത്തോടും ആരോഗ്യത്തോടുമുള്ള മതിപ്പ് നഷ്ടമാകുന്നതെന്നറിയില്ല.

ശരീരം മുഴുവൻ മൂടുന്ന കറുത്ത വസ്ത്രമായ പർദ്ദയോടും നിഖാബിനോടും എനിക്ക് യോജിപ്പില്ലെങ്കിലും, ആ വസ്ത്രം ധരിക്കുന്ന സ്ത്രീകളുടെ പരിത്യാഗത്തോടെനിക്ക് ബഹുമാനമുണ്ട്. പല നിറങ്ങളുള്ള വസ്ത്രം ധരിക്കാനും, വിവിധ രീതിയിലുള്ള ആഭരണങ്ങൾ അണിയാനും ഉള്ള ഒരു സ്ത്രീയുടെ ആഗ്രഹവും ആവേശവും ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് മനസ്സിലാകും. ഏതൊരാവശ്യത്തിന് വേണ്ടിയായാലും ഏത് വിശ്വാസത്തിന് വേണ്ടിയായാലും അവയെല്ലാം ത്യജിക്കുകയെന്നാൽ അത് ഒരു വലിയ കാര്യമാണ്. വസ്ത്ര സ്വാതന്ത്ര്യത്തിലും ഇത് തന്നെ പാടാം, "ത്യാഗമെന്നതേ നേട്ടം, താഴ്മ താനഭ്യുന്നതി".

എന്തായാലും നിശ്ചയിച്ചിരുന്ന കൃത്യം ഒമ്പത് മണിക്ക് തന്നെ കളമശേരി സുമിത് ഹോട്ടലിൽ ഞാനൊരു നീല ചുരിദാറുമിട്ട് പരിപാടിക്കെത്തി. സിന്ധുവും മധുവും മണിയും അശോകും രാജീവും ഷാഫിയും ജോഷിയും എല്ലാം നേരത്തേ എത്തിയിരുന്നു. ഹാളിൽ ആദ്യം കണ്ടയാൾ "അറിയുമോ? എന്നെ ഓർമ്മയുണ്ടോ?" എന്ന് ചോദിച്ചു. എനിക്ക് മനസ്സിലായില്ല. വൈമനസ്യത്തോടെയാണെങ്കിലും പേര് പറയാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ മണിയാണ് ഞാനെന്ന ഉത്തരത്തിന് മുമ്പിൽ അല്പം ജാള്യത അനുഭവപ്പെട്ടു. മണിയെന്ന ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടിയിൽ നിന്നും വളർന്ന് ക്ളീൻ ഷേവുമായി നിൽക്കുന്ന മനുഷ്യനെ ഉൾകൊള്ളാൻ മനസ് പാകപ്പെടുത്തി ഞങ്ങൾ അവന്റെ സഹോദരിയെ കുറിച്ചും ഗൾഫ് ജീവിതത്തെ കുറിച്ചും സംഭാഷണം ആരംഭിച്ചു. തൊട്ടടുത്ത് ടീ ഷർട്ടിട്ടിരുന്ന രാജീവ് അന്നത്തേതിനേക്കാൾ ചെറുപ്പമായി തോന്നി, ഒരു വ്യത്യാസം മാത്രം, എന്റെ ഓർമയിലെ രാജീവെന്നും യൂണിഫോമിലായിരുന്നു.

ഒമ്പതാം ക്ലാസ്സിലാണ് അജിത് കുമാർ എ ചാക്കാട്ടിൽ എന്ന അജിത് കൂടെയുണ്ടായിരുന്നത്. ക്ലാസ്സിലെ കുട്ടികളിൽ ഏറ്റവും വൃത്തിയായി യൂണിഫോമിട്ട് വെളുത്ത് തുടുത്തിരുന്ന അജിത് മെലിഞ്ഞ് പോയിരിക്കുന്നു, മുഖത്ത് മുഖക്കുരുവിന്റെ പാടുകൾ വ്യക്തമായി കാണാം. സ്‌കൂളിൽ വെച്ചൊരിക്കലും മിണ്ടിയിട്ടില്ലെങ്കിലും അജിത്തും ചിരപരിചിതനെ പോലെ സംസാരിച്ചു.


പാട്ടിന്റെ റിഹേഴ്‌സലിൽ വ്യാപൃതരായിരുന്ന സിന്ധുവിനെയും മധുവിനേയും സ്റ്റേജിൽ പോയി ആഗമനം അറിയിച്ചു. പുറകിലെവിടെയോ ആയിരുന്ന ജോഷി അടുത്ത് വന്ന് സംസാരം ആരംഭിച്ചു. പത്താം ക്ലാസ്സിൽ ഒരുമിച്ചുണ്ടായിരുന്നിട്ടും, പഠിക്കുന്ന കുട്ടികൾ എന്ന സമാനത ഉണ്ടായിരുന്നിട്ടും ഒരിക്കലും ഞാനുമായി നേരിൽ സംസാരിക്കാത്തവരായിരുന്നു, ഷാഫിയും അനിലും ജോഷിയും. സ്‌കൂൾ വിട്ടാൽ ഇടത്തും വലത്തും നോക്കാതെ തന്റെ സൈക്കിളിൽ പാഞ്ഞു പോകാറുള്ള മെലിഞ്ഞ് പൊക്കമുള്ള ജോഷി തന്റെ പഠന കാലത്തെ കുറിച്ചും അമേരിക്കൻ ജീവിതത്തെ കുറിച്ചുമെല്ലാം വാചാലനായി സംസാരിച്ചു.


പണ്ടേ തടിയനായ അനിലിന് മുടി നരച്ചതൊഴിച്ചാൽ മാറ്റമൊന്നുമില്ല. അനിലും അടുത്ത് വന്നു സൗഹൃദം പുതുക്കി.

അടുത്തത് ഷാഫിയായിരുന്നു. സ്‌കൂൾ ഡെയ്‌സ് എന്ന വാട്സ് ആപ് ഗ്രൂപ്പിൽ അംഗമായ ഉടനെ എനിക്ക് സന്ദേശങ്ങൾ അയക്കുകയും എന്റെ ചരിത്രമുറങ്ങുന്ന ബ്ലോഗിനെ കുറിച്ച് ഗ്രൂപ്പിൽ പരിചയപ്പെടുത്തുകയും ചെയ്ത ഷാഫിയാണ്, ഈ കുറിപ്പെഴുതാനും എന്നെ ഓർമിപ്പിച്ചത്. കുറിപ്പെഴുതുമ്പോൾ ഞാനായിരിക്കണം താരമെന്ന് തമാശ രൂപേണ പ്രത്യകം ഓർമപ്പെടുത്തിയിരുന്നു.

ഒത്തുചേരലിന്റെ തലേ ദിവസം മകൻ അടുത്ത് കിടക്കാത്തതിനാൽ അനിയത്തിയെ അടുത്ത് കിടത്തിയാണ് ഉറങ്ങാൻ പോയത്. അവളോട് പിറ്റേ ദിവസത്തെ കഥകൾ പറഞ്ഞ കൂട്ടത്തിൽ ഷാഫിയെ കുറിച്ചും പരാമർശിച്ചു. അവൾ ഉടനെ എന്നോട് ചോദിച്ചു, " എടീ അത് നിന്റെ ഇച്ഛാശക്തിയുടെ ഷാഫിയാണോ" എന്ന്.

ഗ്രൂപ്പിലെ പ്രസംഗ കലയുടെ കുലപതിയെന്ന് കൂട്ടുകാർ വിശേഷിപ്പിക്കാറുള്ള ഷാഫി പണ്ടേ പ്രസംഗത്തിൽ മിടുക്കനായിരുന്നു. പത്താം ക്ലാസ്സിൽ പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് " ആഴിയുടെ അടിത്തട്ടോളം പോകേണ്ടി വന്നാലും ലക്‌ഷ്യം നിറവേറ്റാതെ പിന്തിരിയുകയില്ലെന്ന" മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടുള്ള പ്രസംഗം ഷാഫി പറയുന്നത്. ആ വാക്കുകൾ എന്റെ ഹൃദയത്തിൽ വല്ലാതെ പതിഞ്ഞു.

ഒന്നിൽ നിന്നും നൂറിലെത്തുമ്പോൾ നൂറിൽ നിന്നും ആയിരത്തിലേക്ക് താഴാറുണ്ടായിരുന്ന എന്റെ ജീവിത ഗ്രാഫിൽ ഓരോ താഴ്ചയിലും ഞാൻ വീട്ടിൽ പറയാറുണ്ടായിരുന്നു, ഷാഫി പ്രസംഗിച്ച ഈ വാക്കുകൾ. പഠിച്ചിട്ടാണ് നിനക്കസുഖം വരുന്നതെന്നും, ഇനി നീ പഠിക്കരുതെന്നും പറഞ്ഞ് എന്റെ എസ് .എസ് .എൽ.സി ബുക്ക് ഉമ്മച്ചി കത്തിച്ച് കളഞ്ഞിട്ടും, ഇന്ന് അഞ്ചിൽ കൂടുതൽ ബിരുദം നേടാൻ എന്നെ പ്രചോദിപ്പിച്ചത് ആ ഇച്ഛാശക്തി ആയിരുന്നു. നേരിൽ കണ്ടിട്ടില്ലെങ്കിലും വീട്ടിൽ ഷാഫി എല്ലാവര്ക്കും പരിചിതനാണ്.

വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ പണ്ടത്തേതിൽ നിന്നും വളരെ സുന്ദരനായിരുന്നു, ഷാഫി. അവനുമായും പരിചയം പുതുക്കി.

ബിന്ദു എസ് നേരത്തെ എത്തിയിരുന്നു. സിനിയും ഉമൈബാനും ശ്രീകലയും മിനിയുമെല്ലാം താമസിയാതെ എത്തിച്ചേർന്നു.

പിന്നീട് ഓരോരുത്തരായി വന്ന് തുടങ്ങി. വഹീദ, റസലാത്ത്, ഷംസാദ്, സാബിറ, റെഷി, ഷെറി , ശൈലജ, തുടങ്ങിയ പിൻബഞ്ചിലെ കൂട്ടുകാരികൾ. സീന, ബുഷ്‌റ, നൂർജഹാൻ, ലീന, ലതാദേവി, സീതാദേവി, പിന്നെ പേര് മറന്ന് പോയ ചിലരും.

ഇതിനിടയിൽ അദ്ധ്യാപകരും ഓരോരുത്തരായി എത്തി ചേർന്നു. അടുത്ത് ചെന്ന് "ടീച്ചറേ, എന്നെ ഓർമ്മയുണ്ടോ "? എന്ന് ചോദിക്കുമ്പോൾ വാർദ്ധക്യത്തിന്റെ ആദ്യ പടിയിൽ എത്തിയ അവർക്ക് മുഖ പരിചയം കൊണ്ട് മനസ്സിലാക്കാൻ ആവാത്തത്ര അപരിചിതത്വം പ്രായം ഞങ്ങളിലും വിതച്ചിരുന്നു. കൂടാതെ ഒരു കുട്ടിക്ക് ഒരു യിംഗ്‌ളീഷ്‌ ടീച്ചറും ഒരു ബയോളജി ടീച്ചറും ഉണ്ടായിരിക്കുമ്പോൾ ഒരു അദ്ധ്യാപികയ്ക്ക് അവരുടെ ജീവിത കാലഘട്ടത്തിൽ ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിക്കാൻ ഉണ്ടാകുമെന്ന വാസ്തവവും ഞങ്ങളെ മനസ്സിലാകാതിരിക്കാനുള്ള തടസ്സമായിരുന്നു. എന്നാലും പേര് പറഞ്ഞപ്പോൾ അവർ ഓർക്കുന്നതായി ഭാവിച്ചു. പക്ഷേ എന്റെ മനസ്സിലെ അടുപ്പത്തിന് ഈ പ്രാരംഭ അപരിചിതത്വം ഒരു വിള്ളലും സൃഷ്ടിച്ചില്ല.

ഈശ്വര പ്രാര്ഥനയായിരുന്നു, ആദ്യ പരിപാടി. അന്നേ പ്രാർത്ഥനയുടെയും ഗാനാലാപനത്തിന്റെയും റാണികളായ സിന്ധുവും, സിനിയും മിനിയും പുതുതായി വന്ന ശ്രീകലയുമായിരുന്നു, ആലാപകർ. തുടർന്ന് സമൂഹ ഗാനവും മധുവും സിന്ധുവും ഒരുമിച്ചുള്ള ഗാനവും നിലവിളക്ക് കൊളുത്തലുമെല്ലാം തകൃതിയായി നടന്നു. ഏതൊരു അവതാരകനുമായും കിടപിടിക്കും വിധം മധു അവതാരകന്റെ ജോലി ഭംഗിയായി നിർവ്വഹിച്ചു.

അതിന് ശേഷം ഗുരുവന്ദനമായിരുന്നു. മുപ്പതോളം പേരടങ്ങുന്ന എല്ലാ ഗുരുക്കന്മാർക്കും പൊന്നാടയും ഫലകവും നൽകി ഗുരുക്കന്മാരെ ആദരിച്ചപ്പോൾ ചിലർ മറുപടി പ്രസംഗത്തിൽ സന്തോഷം കൊണ്ട് വീർപ്പ് മുട്ടി, ആനന്ദ കണ്ണീർ പൊഴിച്ചു.

ഗുരുവന്ദനത്തിന് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണം.

അതിന് ശേഷം വിദ്ദ്യാർഥികളിൽ ചിലർക്ക് ഓർമ പുതുക്കാനുള്ള അവസരവും ലഭിച്ചു. തലേ ദിവസം സിന്ധു വിളിച്ച് "എടീ പെൺകുട്ടികളിൽ ആരെങ്കിലും എന്തെങ്കിലും പറയണമെന്ന്" നിർബന്ധിച്ചതിനാൽ ഞാനും എന്തൊക്കെയോ പറഞ്ഞു. ഭക്ഷണ സമയത്താണ് ഷാജഹാനേയും ഇബ്രാഹിമിനെയും പരിചയപ്പെടുന്നത്. അവരുടെ കുട്ടികളും ആലങ്ങാട് ജമാഅത്ത് സ്‌കൂളിൽ എന്റെ മകന്റെ ക്ളാസ്സിലാണത്രെ. മകന് ഒരുപാട് പൈസ കൊടുത്ത് വിടരുതെന്ന് അവർ ഉപദേശ രൂപേണ പറഞ്ഞു.ഒമ്പതാം ക്ലാസ്സിൽ കമ്പ്യൂട്ടർ പഠിക്കാൻ ഇരുപത്തഞ്ച് രൂപയില്ലാതിരുന്ന നാളിൽ കണ്ണീരോടെ വഴിയിലൂടെ നടക്കുമ്പോൾ വഴിയിൽ നിന്നും ഇരുപത് രൂപ കിട്ടിയതും അതെന്റെ പ്രാർത്ഥനയുടെ ഫലമാണെന്ന് വീട്ടിൽ പറഞ്ഞതും, സ്‌കൂൾ ദിനങ്ങളിലെ ഓർമ പങ്ക് വെച്ച കൂട്ടത്തിൽ പറഞ്ഞിരുന്നു. അകലത്തിരുന്നു മാത്രം സ്നേഹം പങ്ക് വെക്കുന്ന മകന് കൊടുക്കാൻ എന്റെ കയ്യിൽ അവന് കൂട്ടുകാരുമായി ലുലുവിൽ പോകാൻ പൈസ മാത്രമേ ഉള്ളൂ. അല്ലാഹു എന്റെ മകനെ ചീത്ത കൂട്ടുകെട്ടിൽ നിന്നും സംരക്ഷിക്കട്ടേ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് കഴിയൂ.

ആശയം ദിലീപിന്റേതായിരുന്നുവെങ്കിലും ഈ ഗ്രൂപ്പിനെയും തുടർന്നുള്ള സമാഗമത്തെയും അദ്ധ്യാപക വിദ്ധ്യാർത്ഥി ഭേദമെന്യ പ്രശംസനാർഹമാക്കിയ അശോകനോട് അവസാനമാണ് സംസാരിക്കാൻ കഴിഞ്ഞത്. സ്വതവേ ഗൗരവ പ്രാകൃതമായ അശോക് സംഘാടകന്റെ ഉത്തരവാദിത്വമെന്നോണം കുറച്ച് കൂടി ഗൗരവം മുഖത്തണിഞ്ഞ് നിന്നതിനാലായിരിക്കാം മടിച്ച് മടിച്ചാണ് ചോദിച്ചത് "അശൊക്കെന്താ മൈൻഡ് ചെയ്യാത്തത്" എന്ന്. ഒരു ചിരിയിലൂടെ മാത്രം ഉത്തരം നൽകി ഇപ്രാവശ്യവും അശോക് കാരണവർ ഭാവം നടിച്ചു. അത് കാരണവരുടെ ഭാവം മാത്രമായിരുന്നില്ല, കാരണവരായി അവരോധിക്കപ്പെടാനുള്ള എല്ലാ അർഹതയും അശോക് ഈ സംരംഭത്തിലൂടെ നേടിയെടുത്തിരിക്കുന്നു.

പഠനകാലത്ത് അധികം പരിചയമില്ലാത്ത മുഖമായിരുന്നുവെങ്കിലും വല്ലപ്പോഴും ആശയുടെ വീട്ടിലേക്കുള്ള യാത്രയിലും അവളുടെ ബാല്യകാല സഖാവെന്ന നിലയിലുമുള്ള സജിയെന്ന കണ്ണേട്ടനെ കൂടുതലായും അറിഞ്ഞത് ഗ്രൂപ്പിലൂടെ മുടങ്ങാതെ അയച്ചു കൊണ്ടിരുന്ന ഗുഡ് മോർണിംഗിലൂടെയായിരുന്നു. പോരുന്നതിന് മുമ്പ് സജിയുമായും പത്താം ക്ലാസ്സിൽ അൽഫോൻസാ ടീച്ചർ കൊണ്ട് വന്നിരുന്ന ഉത്തരക്കടലാസിലൂടെ അസൂയ കലർന്ന ബഹുമാനത്തോടെ മാത്രം നോക്കി കണ്ടിരുന്ന ശ്രീകുമാറിനോടും സംസാരിച്ചു
നാലര അഞ്ച് മണിയോടെ പരിപാടി അവസാനിച്ചു, ശ്രീകലയും മിനിയും ലതാ ദേവിയുമായി തിരിച്ച് യാത്രയായി.

ജീവിതത്തിൽ ഇനിയൊരിക്കലും കാണുമെന്ന് പ്രതീക്ഷിക്കാതിരുന്ന അദ്ധ്യാപകരേയും പഴയ കൂട്ടുകാരെയും അവരുടെ പുതിയ മുഖങ്ങളെയുമെല്ലാം ഒരിക്കൽ കൂടി കണ്ട ഈ അനുഭവം ഒരു പക്ഷേ ജീവിതത്തിലെ ആദ്യത്തേയും ഏറ്റവും പ്രധാന പെട്ടതുമായ ഒരു സമാഗമം ആയിരിക്കാം. ഈ അനുഭവം സമ്മാനിച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി.Monday, May 22, 2017

പുകവലി നിരോധനം ഓർമയിലൂടെ

കലാലയ കാലഘട്ടങ്ങളിൽ എന്നെ ഏറ്റവും അധികം ആകർഷിച്ച ഒരു അഴിമതി വിരുദ്ധ പ്രവർത്തകനായിരുന്നു നവാബ് രാജേന്ദ്രൻ. ലെനിന്റേയും മാർക്സിന്റേയും ഏംഗല്സിന്റെയുമെല്ലാം ഫോട്ടോ പതിപ്പിച്ചു വെച്ച നോട്ട് ബുക്കിൽ നവാബ് രാജേന്ദ്രനും ഒരു സ്ഥാനമുണ്ടായിരുന്നു.

ആദ്യമായി അദ്ദേഹത്തെ കാണുന്നത് ഹൈക്കോടതി വരാന്തയിൽ കാവി കളറുള്ള മുണ്ടും ജുബ്ബയും ഇട്ട് കയ്യിൽ കേസ് ഫയലുമായി നില്കാറുള്ള ഒരു ദിവസത്തിലാണ്. ആരോ പറഞ്ഞു, അത് നവാബ് രാജേന്ദ്രനാണെന്ന്. ഞാൻ അടുത്തു ചെന്ന് പരിചയപ്പെട്ടു.

ബാർ കൗൺസിൽ അഭിഭാഷകർക്ക് ട്രെയിനിംഗ് ഏർപ്പെടുത്തിയ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറിലാണ് ഞാൻ ആദ്യമായി ഹൈക്കോടതിയിൽ രാജേന്ദ്രൻ സാറിന്റെ ട്രെയിനിയായെത്തുന്നത്. അധികം ജോലിയൊന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ എനിക്ക് ഹൈക്കോടതി ലൈബ്രറി ആശ്വാസവും സമയം പോക്കുമായത് അവിടെ ഖുർ-ആനിന്റെ തർജ്ജമയും വേദങ്ങളും ഒരു പോലെ ലഭ്യമായതിനാലാണ്. അന്നേ വരെ ഖുർ-ആനോ വയലാർ കവിതയോ കൈ കൊണ്ട് തൊട്ടാൽ ഭ്രാന്തെന്ന് മുദ്ര കുത്തി ആശുപത്രിയിലാക്കുന്ന വീട്ടുകാരില്ലാതെ സ്വതന്ത്രമായി വായിക്കാൻ കിട്ടുന്ന അവസരമായിരുന്നു, അത്.

ലൈബ്രറിയിൽ മിക്കവാറും നവാബ് രാജേന്ദ്രനും ഉണ്ടാകാറുണ്ടായിരുന്നു. ഓഫീസിൽ ജഡ്ജ്‌മെന്റ് റ്റുടെയും എ.ഐ.ആറും, കെ.എൽ.ടിയുമടക്കം എല്ലാ നിയമ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നതിനാൽ ലൈബ്രറി നിയമ വായനയ്ക്കായി ഉപയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

ക്രമേണ ഞാനും നവാബും സുഹൃത്തുക്കളായി. ഓരോ ആഴ്ചയിലും വരുന്ന കേസുകളെ കുറിച്ചൊക്കെ ചർച്ച ചെയ്തു.

ഒരു ദിവസം ഞങ്ങൾ ലൈബ്രറിക്കടുത്ത വരാന്തയിൽ സംസാരിച്ച് നിൽക്കുന്നത് കാണാനിടയായ സാർ അയാൾ അത്ര നല്ല വ്യക്തിത്വത്തിനുടമയല്ലെന്നും ആ ചങ്ങാത്തം അത്ര നല്ലതല്ലെന്നും ഉപദേശിച്ചു. അതോടെ ഞാൻ അയാളുമായുള്ള സംസാരം നിർത്തി.

പിന്നീട് മഴയുള്ള ഒരു ദിവസം ഹൈ ഹീൽഡ് ചെരിപ്പുമിട്ട് വരാന്തയിലൂടെ ഓടുന്ന തിരക്കിനിടയിലതാ നവാബ് രൂക്ഷ ഗന്ധമുള്ള ഏതോ ഒരു ബീഡിയും വലിച്ച് വഴിയുടെ നടുവിൽ നിൽക്കുന്നു. ഒന്നും ആലോചിച്ചില്ല. ഞാൻ അയാളുടെ ചുണ്ടിൽ നിന്നും ബീഡി എടുത്ത് ഒടിച്ച് നുറുക്കിയിട്ട് "ഇവിടെ നിന്ന് വക്കീലന്മാർ പോലും സിഗരറ്റ് വലിക്കാറില്ല. പിന്നെ തനിക്കെന്താ ഇത്ര ധൈര്യം. ഇത് പൊതു വഴിയാണെന്ന് " പറഞ്ഞു.
"കുട്ടി ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ധൈര്യമുണ്ടെങ്കിൽ ഒരു ഒ.പി (ഒറിജിനൽ പെറ്റീഷൻ ) ഹൈക്കോടതിയിൽ കൊടുക്കൂ" എന്ന് അയാൾ ശാന്തനായി പറഞ്ഞു.

ഞാൻ ഓഫീസിലെത്തി സാറിനോട് സംഭവം വിവരിച്ചു. "എന്നാൽ നമുക്കൊരു ഒ.പി കൊടുത്താലോ" എന്നായി സാർ.

സാറിന്റെ ഭാര്യ പ്രൊഫസർ സുമംഗലാ ദേവിയെ ഹർജിക്കാരിയായി ഓ.പി ഫയൽ ചെയ്യാനുള്ള തയ്യാറെടുപ്പ് തുടങ്ങി. അന്ന് ഇന്നത്തെ പോലെ പൊതു താല്പര്യ ഹർജികൾക്ക് വിലക്കില്ലാത്തതിനാൽ പൊതു താല്പര്യ ഹർജിയാണ് ഫയൽ ചെയ്തത്. ട്രെയിനിലും ബസ്സിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റോപ്പിലും എല്ലാമുള്ള നിരപരാധികളായ സ്ത്രീകളും കൊച്ചു കുഞ്ഞുങ്ങളും ഇതിന് ബലിയാടാകുമെന്നതായിരുന്നു, പ്രധാന വാദം.

സാറിന്റെ മകൻ ഹരിരാജ്‌ ഇന്റർനെറ്റിലൂടെ കുറെ വിവരങ്ങൾ ശേഖരിച്ചു. പക്ഷേ ഇതിനകം ഒരു പ്രൊഫസർ മോനമ്മയും ഇത് പോലൊരു ഹർജി ഫയൽ ചെയ്തിരുന്നു. വാദം കേൾക്കാൻ ആദ്യം വിളിച്ചത് മോനമ്മയുടെ കേസ് ആയതിനാലും ആ കേസിനോടൊപ്പം ഇതും പരിഗണിച്ചതിനാലും ഞങ്ങളുടെ കേസ് വർത്തയാകാതെ കൊഴിഞ്ഞു പോയി.
എന്തായാലും അതോടെ പൊതുസ്ഥലങ്ങളിൽ പുകവലി കേരളത്തിൽ നിരോധിച്ചു. പിന്നീടത് നിയമമായി.

Tuesday, April 25, 2017

മത്തായിയെന്നെ കെട്ടിപ്പിടിച്ചപ്പോൾ

മത്തായിയെന്നെ കെട്ടിപ്പിടിച്ചപ്പോൾ

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. വാപ്പിച്ചി കടുങ്ങല്ലൂരാണ്.വെല്ലുമ്മിച്ചിയും.
ഉമ്മിച്ചി അക്കുവിനേയും കൊണ്ട് ആശുപത്രിയില് പോയി. കൂടെ അബിയും.
ഇതു തന്നെ ഞാന് കാത്തിരുന്ന ആ മഹാദിവസം. പക്ഷേ ഈ മത്തക്കണ്ണിയെ എന്തു ചെയ്യും? ഞാനനങ്ങുന്നതും നോക്കി കണ്ണു ചിമ്മാതെ കാത്തിരിക്കുകയാണ്, ഇവളെന്ടെ അനിയത്തി.
ഒരൈഡിയ.

"സീനാ, നീ ആ മുസഹബിങ്ങെടുത്തേ".
നീ തലയില് തുണിയിട്, എന്നിട്ട് തരാം.
"എടീ, തലേം അള്ളാടെ, തുണീം അള്ളാടെ, നീ മുസഹബെടുക്ക്,"
മടിച്ച് മടിച്ച് അവളെടുത്തു നീട്ടി.
"നീ പിടിച്ചോ, എന്നിട്ട്, അതുതൊട്ട് സത്യം ചെയ്യ്, എന്നാല് ഞാന് നിന്നെ ഒരു സ്ഥലത്ത് കൊണ്ടു പോകാം".
അള്ളോ, മുസഹബ് പിടിച്ച് ഞാന് സത്യം ചെയ്യൂല്ലാ, എന്ടെ കണ്ണ്, പൊട്ടിപ്പോകും.
"കണ്ണ്, പൊട്ടുമെന്നത് നേര്, തന്നെ",
ഞാന് പേടിപ്പിച്ചു.പക്ഷേ സത്യം ചെയ്തപോലെ പ്രവര്ത്തിച്ചാല് കണ്ണ്, അവിടെത്തന്നെയുണ്ടാകും. അവള് തട്ടം ഒന്നുകൂടി വലിച്ചിട്ട് കണ്ണടച്ച് സത്യം ചെയ്യാനായി തയ്യാറെടുത്തു. അല്ലെങ്കില് ഞാനവളെ കൂട്ടാതെ പോയാലോ.

ഞാന് ചൊല്ലിക്കൊടുത്ത പോലെ അവള് സത്യം ചെയ്തു. "അള്ളാണെ, പടച്ചോനാണേ, മുപ്പത് യൂസുള്ള മുസഹഫ് തന്നാണെ, സക്കീനായും ഞാനും മണിക്കിണടില് മത്തായീനെ കാണാന് പോയത് ആകാശമിടിഞ്ഞു വീണാലും വാപ്പിച്ചിനോടും ഉമ്മിച്ചിനോടും പറയൂല്ല. പറഞ്ഞാല് എന്ടെ കണണ്, പൊട്ടി പൊക്കോട്ടേ. സമാധാനമായി. ഇനിയവളെ കൊണ്ടു പോകാം. മുസഹഫ് പുള്ളിക്കാരിക്കത്ര പേടിയാണ്.

"എന്നാല് നീ സോപ്പും തോര് ത്തുമെടുക്ക്, നമുക്ക് കുളിക്കാന് പോകാം".
അപ്പോള് മത്തായിയെ കാണുന്നതോ?
"എടീ, മത്തക്കണ്ണീ, മത്തായി മണിക്കിണറിലല്ലേ".
അവിടെയാണോ കുളിക്കാന് പോകുന്നത്, അതും വെള്ളിയാഴ്ച, നട്ടുച്ചയ്ക്ക്. എനിക്ക് പേടിയാകും.

പക്ഷേ മത്തായിയെ കാണണമെങ്കില് വെള്ളിയാഴ്ച തന്നെ പോകണം. പള്ളിയ്ക്കു താഴെയുള്ള പുഴയുടെ നടുവില് അഗാധമായൊരു ഭാഗമുണ്ട്. കിണറുപോലെ താഴ്ചയേറിയ ഭാഗം. അതുകൊണ്ടാണത്രേ ആ പുഴക്കടവിന് മണിക്കിണറെന്ന് പേര് വന്നത്. അവിടെയേതോ ആത്മാവുണ്ടത്രേ. അത് മത്തായിയുടേതാണ് പോലും. അതിനടുത്ത്, ഒരു പാറയും. ഓര്മ്മയായപ്പോള് മുതല് കേള്ക്കുന്നതാണ്, മത്തായിപ്പാറയും അതിനുള്ളിലെ മത്തായിയേയും.ക്രിസ്തുമതവിശ്വാസികള് മതപരിവര്ത്തനത്തിനും മാമോദീസ മുക്കാനും ഹാലേലുയ്യ പാടിയെത്താറുണ്ട്, ഈ മണല് തീരത്ത്.

വെള്ളിയാഴ്ച നട്ടുച്ചയ്ക്കാണ്, മുസ്ലിമുകള് ജുമാ നിസ്കരിക്കുന്നത്.

ഈ സമയത്താണ്, മത്തായി പുഴയിലൂടെ വിലസുന്നതത്രേ. അതുകൊണ്ട്, വെള്ളിയാഴ്ച നട്ടുച്ചയ്ക്കാരും മണിക്കിണറിന്ടെയോ, മത്തയിപ്പാറയുടെയോ പരിസരത്ത് പോലും പോകാറില്ല. പ്രത്യേകിച്ചും കുട്ടികള് .

മരിച്ചാലും വേണ്ടില്ല, ഈ മത്തായിയെ ഒന്നു കണ്ടിട്ടായാല് . ഇതുതന്നെ പറ്റിയ സമയം. അങ്ങിനെ ഞങ്ങള് മണിക്കിണറിലെത്തി. സീനയോട്, കരയിലിരിക്കാന് പറഞ്ഞു. എന്നെ മത്തായി കൊണ്ടുപോയാലും വെല്ലുമ്മച്ചിയ്ക്ക്, കോളാമ്പി കഴുകാന് സീനയുണ്ടാവുമല്ലോ.

ഞാന് പുഴയിലിറങ്ങി, ഒരറ്റത്തേയ്ക്ക് നടന്നു.അവിടെനിന്നും മുങ്ങലാരംഭിച്ചു. കണ്ണും തുറന്നാണ് തിരച്ചില് . ഇടയ്ക്ക് കിട്ടുന്ന വെള്ളാരം കല്ലുകള് തിരിച്ചും മറിച്ചും നോക്കി. കക്ക പോലെ ഏതെങ്കിലും കല്ലിനുള്ളിലാണോ ഇനിയീ മത്തായി ഇരിക്കുന്നത്. നീന്തിയും ഇടയ്ക്ക് കണ്ണ് തുറന്നും തിരഞ്ഞും ഞാനൊരുപാട് ദൂരം പോയി. ഇടയ്ക്ക് നോക്കുമ്പോള് സീന കരയില് നിന്ന് തുള്ളിച്ചാടുന്നുണ്ട്. വെള്ളത്തിലെ എന്ടെ താളത്തിനൊപ്പിച്ച്.

ഞാന് നീന്തുകയല്ല. മുങ്ങുകയാണ്. എന്ടെ കാല് നിലത്ത് മുട്ടുന്നില്ല. ഉറക്കെ കരയണമെന്നുണ്ട്. ശബ്ദം പുറത്തേയ്ക്കെത്തുന്നില്ല. സീനയെ വിളിക്കണമെന്നുണ്ട്. അവളെന്നെ കാണുന്നില്ല. അവളുറക്കെ കരഞ്ഞു കാണണം. ജുമാ നിസ്കരിക്കാന് വൈകിപ്പോയ ഒരാള് ധ്രുതിയില് വുളു എടുക്കാനെത്തിയതായിരുന്നു, പുഴക്കടവിലേക്ക് കിടക്കുന്ന പള്ളിനടയില് .കരച്ചില് കേട്ടയാള് നോക്കിയപ്പോള് ഒരു പെണ് കൊച്ച് നട്ടാറം വെയിലത്ത് മണിക്കിണറിന്ടെ തീരത്ത്. അവളുടെ വിരലുചൂണ്ടുന്ന ഭാഗത്തതാ വലിയൊരനക്കവും. മുണ്ടഴിച്ച് കരയിലേക്കിട്ട് ഒരുവിധത്തിലയാളെന്നെ കരയിലെത്തിച്ചു.

" ഇത്ര തോന്ന്യാസമുള്ള പെമ്പിള്ളേരോ,കന്നാലിപോലും വരാത്ത നേരത്ത് മണിക്കിണറിലിറങ്ങാന് "
അയാളോട് പറയണമെന്നുണ്ടായിരുന്നു, കന്നാലിയ്ക്ക് പോലുമറിയാം, പുഴയിലുണ്ടാവുന്നത് കുഴിയും ഒഴുക്കുമാണ്, മത്തായിയും മണ്ണാങ്കട്ടയുമല്ലെന്ന്, ഇവന്ടെയൊക്കെ ഒരു ദൈവോം, പിശാചും.
posted by അഡ്വ.സക്കീന @ 3:16 AM 7 comments links to this post
Wednesday, August 17, 2016

ഒരു മാജിദും പിന്നെ കാശ്മീരും


മാജിദ് വീട്ടിൽ നിന്നും പോയിട്ട് ഒന്നര മാസം തികയുന്നു. . പ്രത്യകിച്ചൊരു ഭാവമാറ്റവും വീടിനില്ല. ഉണ്ടായിരുന്നപ്പോഴും അങ്ങിനെയൊരാൾ വീട്ടിലുന്ടെന്നൊരു തോന്നൽ ഉണ്ടാക്കാതെയായിരുന്നു അയാളുടെ താമസം. തന്റെ മുറിയിലിരുന്ന് സദാ സമയവും ഫേസ് ബുക്ക് നോക്കുകയോ ഫോണ്‍ ചെയ്യുകയോ ആവും മാജിദ് വീട്ടിലുള്ളപ്പോൾ . എങ്കിലും ഒറ്റക്കിരിക്കാൻ പേടിയുള്ള എനിക്ക് ഒരാൾ വീട്ടിലുണ്ടല്ലോ സമാധാനവും തനിച്ചാക്കിയല്ലല്ലോ പോയതെന്ന സമാധാനം ഭര്ത്താവിനും നല്കാൻ ഈ സാന്നിദ്ധ്യം ഉപകരിച്ചിരുന്നു. താഴത്തെ ഫ്ലാറ്റിൽ ഒരു പട്ടി കുരച്ചാൽ അടുത്തുള്ള പാർക്കിൽ ഒരു കാറ്റടിച്ചു മരമനങ്ങിയാൽ ഹൃദയം ഇരട്ടി വേഗതയിൽ ഇടിക്കുന്ന ധൈര്യം മാത്രമേ എനിക്കുള്ളൂ എന്ന് ഋഷികേശ് മുതൽ ദുബായ് വരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഒറ്റയ്ക്ക് സഞ്ചരിച്ചു താമസിച്ച ഞാൻ മനസ്സിലാക്കുമ്പോൾ സാഹചര്യമാണ് എല്ലാ ധൈര്യത്തിന്റെയും അടിസ്ഥാനമെന്ന് വീണ്ടും പഠിക്കുകയാണ്

എനിക്കേറ്റവും പേടിയുള്ളതെന്നും എകാന്തതയെയാണ്. ഏറ്റവും ക്രൂരമായ വിധിയും തനിച്ചാക്കപ്പെടലാണ്. എന്തുകൊണ്ടോ മിക്കപ്പോഴും എന്റെ ജീവിത സഹചാരി ആ ഏകാന്തത തന്നെയായിരുന്നു. സമുദായവും സദാചാരവും ബന്ധങ്ങൾക്കെന്നും വിലക്കുകൾ ഏർപ്പെടുത്തിയപ്പോൾ വിവാഹമായിരുന്നു, ബന്ധത്തിന്റെ ഒരേയൊരു മാനദണ്ഡം. പുനർ വിവാഹത്തിലൂടെ ഇംഗ്ലണ്ടിൽ എത്തി പുനരാരംഭിച്ചത് കലാലയ ജീവിതമായിരുന്നു. രണ്ടാം സെമസ്റ്റരിൽ ആദ്യ ക്ലാസിൽ പരിചയപ്പെട്ടത് മാജിദിനെയാണ് .

ആദ്യ സെമസ്റ്ററിലെ ആദ്യ ക്ലാസിലെ അദ്ധ്യാപകൻ പാക്കിസ്ഥാൻ കാരനായിരുന്നു. തലയിലെ ഹിജാബ് കാരണമാവാം, അദ്ദേഹം ഉറപ്പിച്ചു, ഞാൻ പാക്കിസ്ഥാനിയെന്നു. ഞാൻ തിരുത്തി, അല്ല. ബംഗ്ലാദേശി ആവും അല്ലേ ? വിഷമത്തോടെ ഞാൻ വീണ്ടും തിരുത്തി. അല്ല. ഞാൻ ഇന്ത്യാകാരിയാണ്. ഒരു മുസ്ലിമിന് താൻ ഇന്ത്യാകാരനാണെന്നു ലോകത്തെ മനസ്സിലാക്കി കൊടുക്കാനുള്ള വിഷമം പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരു ഇന്ത്യാകാരന് താൻ ഇന്ത്യാകാരനാണെന്നു ഇന്ത്യൻ മണ്ണിൽ മന്സ്സിലാക്കിക്കേണ്ട വിഷമവും.

ദുബായിലെ സ്പോണ്‍സർക്കു ആദ്യമായി സലാം കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു, എത്ര വന്നാലും നീ ഇന്ത്യകാരിയല്ലേ, നീ ഹിന്ദു, പാകിസ്ഥാനികൾ ഹിജാബിടുന്നവർ ആണ്, അവർ മുസ്ലിം ആണ്. ഉച്ചാരണ ശുദ്ധിയോടെ ഫാത്വിഹ പോലും ഓതാൻ അറിയില്ലെങ്കിലും അവർ ഇസ്ലാമിന്റെ വക്താക്കളാണ്.

മനുഷ്യാവകാശത്തിനു പേരു കേട്ട ഈ നാട്ടിലും ഇന്ത്യയും പാക്കിസ്ഥാനുമെല്ലാം തന്നെ അടിസ്ഥാന വിവരം. ആവർത്തിച്ചാവർത്തിച്ചു ഞാൻ ഉറപ്പിച്ചു. ഞാൻ ഇന്ത്യാകാരിയാണ്, തല മറയ്ക്കുന്നതെന്റെ വിശ്വാസമാണ്. അല്ലെങ്കിലും ഭാരതീയ ഹിന്ദു സ്ത്രീകളിൽ തല മറയ്ക്കുന്നവരുമുണ്ട്. ക്രിസ്തീയ വിശ്വാസത്തിലെ മേരി തല മാത്രമല്ല, ശരീരം മുഴുവൻ മൂടിയിട്ടാണ് ചിത്രങ്ങളിൽ കാണുന്നത്. ശരീരം പ്രദർശിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമൂഹം ശരീരം പുറത്തു കാട്ടാത്തവരെ നികൃഷ്ടരായി കാണുന്നത് പരിഹാസ്യമാണ്. പൊട്ടു കുത്തുന്നവരേയും സിന്ദൂരം തൊടുന്നവരെയും ഹിന്ദുവോ കൃസ്ത്യാനിയോ ആയാലും ഇന്ത്യാകാരനായി അംഗീകരിക്കുന്നതു പോലെ ഹിജാബിട്ടവളെയും ഇന്ത്യാകാരിയായി അംഗീകരിക്കാൻ ഇന്ത്യാകാരന് മനസ് വരണം, അവൾ മുസ്ലിം മാത്രമാകരുത്. ഹിജാബിടുന്നവളെ ഇന്ത്യാകാരിയായി മനസ്സിലാക്കാൻ ലോകത്തിനും കഴിയണം, ഇന്ത്യയിലെ ഇസ്ലാമിനും ഈമാൻ ഉണ്ടെന്നു അറബിയും മനസ്സിലാക്കണം, അറബിക്ക് അനറബിയേക്കാളും ശ്രേഷ്ടത ഖുർ -ആൻ കല്പിക്കുന്നില്ലെങ്കിലും.

മാജിദും ഉറപ്പിച്ചു, ഞാൻ പാക്കിസ്ഥാനിയെന്ന് . അരികിൽ വന്ന് ഉർദുവിൽ സംസാരം തുടങ്ങി. ചില വാക്കുകളുടെ അർഥം മനസ്സിലായെങ്കിലും ഞാൻ വാ പൊളിച്ചു നിന്നു. അവസാനം ഞാൻ ഇംഗ്ളീഷിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. കാമ്പസിൽ നിന്നും പുറത്ത് കടന്ന് ഞങ്ങൾ ലൂട്ടൻ മാളിലൂടെ സ്റ്റേഷനിലേക്ക് നടന്നു. ട്രെയിൻ സ്റ്റേഷനിലേക്ക് തിരിയുന്നതിന് മുമ്പ് നമുക്കല്പ നേരം പുറത്തിരുന്ന് സംസാരിക്കാമെന്നായി മാജിദ്.

സംസാര മദ്ധ്യ മനസ്സിലാക്കി അവന്റെ കയ്യിൽ ഒരു പൗണ്ട് പോലുമില്ല.എന്റെ കയ്യിലാണെങ്കിൽ അധികം പൈസയുമില്ല, വട്ടച്ചിലവിന് കരുതുന്ന ഇരുപത് പൗണ്ട് മാത്രമേയുള്ളൂ. തൽക്കാലം ഞാൻ അത് കൊടുത്ത് സമാധാനിപ്പിച്ചു. വീട്ടിൽ വന്ന് ഭർത്താവിനോട് കാര്യം പറഞ്ഞപ്പോൾ നൂറ് പൗണ്ട് എടുത്ത് തന്ന് ഇപ്പോൾ തന്നെ മാജിദിന് കൊടുക്കണമെന്നായി അദ്ദേഹം. ലൂട്ടൻ വരെ പോകാൻ മുപ്പത്തി രണ്ട് പൗണ്ട് വേണം, അവിടെ വരെ എത്താൻ രണ്ട് മണിക്കൂറും. എന്തായാലും നാളെയാവട്ടെ, ഇന്നവൻ എങ്ങിനെയെങ്കിലും കഴിയട്ടേ എന്നായി ഞാൻ. പിറ്റേ ദിവസം ഞങ്ങൾ രണ്ട് പേരും കൂടി ക്ലാസ് ഇല്ലായിരുന്നുവെങ്കിലും മാജിദിനെ കാണാനായി ലൂട്ടനിലേക്ക് തിരിച്ചു.

തിരിച്ച് പോരുമ്പോൾ മാജിദിനെയും അവന്റെ ലഗേജിനെയും കൂടെ കൂട്ടി. അടുത്ത മുറിയിൽ മാജിദിന് താമസ സൗകര്യം ഏർപ്പെടുത്തി. ഇതിനിടെ മാജിദിന് ഒരു ഐഡിയ ഉദിച്ചു, ഡോക്ടർ സാബ്, നമുക്കെല്ലാവർക്കും ലൂട്ടനിലേക്ക് താമസം മാറ്റിയാലോ, സക്കീനക്ക് കോളേജിൽ പോകാൻ എളുപ്പമാകും, എനിക്ക് നിങ്ങളോടൊപ്പം താമസിക്കുകയുമാവാം.

വീട് അയാൾ തന്നെ ഏതോ പരിചയക്കാരായ കാശ്മീരി റിയൽ എസ്റ്റേറ്റ് മുഖേന തരപ്പെടുത്തി. ഒരു രണ്ട് ബെഡ് റൂം ഫ്‌ളാറ്റ്. ഞങ്ങൾ കഴിക്കുന്ന പാലക്കാടൻ മട്ട അരിയുടെ ചോറും മീൻ കറിയുമൊന്നും മാജിദ് കഴിക്കില്ല, പുള്ളിക്കാരന് ബസ്മതി റൈസും ചിക്കൻ കറിയും വേണം. പൊതുവെ പാചകത്തിൽ വലിയ നൈപുണ്യവും താല്പര്യവുമില്ലാത്ത എനിക്ക് ഇതൊരു ബാധ്യതയായി തീർന്നു. ഭർത്താവ് പറയും, അവൻ അതിഥിയാണ്, അതിഥി ഐശ്വര്യമാണ്, ഇബ്രാഹിം നബി അതിഥികളില്ലാത്തതിനാൽ ഏഴ് ദിവസം പട്ടിണി കിടന്നിട്ടുണ്ട്, അവസാനം അല്ലാഹു മലക്കുകളെ അതിഥികളായി അയച്ചു, എന്നൊക്കെ.


ഇതിനിടയിൽ മാജിദിന് ഭർത്താവിന്റെ സുഹൃത്തിന്റെ സർജറിയിൽ ജോലിയും തരപ്പെടുത്തി കൊടുത്തു. രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം മാജിദിന്റെ കസിൻ കാശ്മീരിൽ നിന്നും ജേർണലിസം പഠിക്കാനെത്തി. അയാളും ഞങ്ങളോടൊപ്പം താമസമാക്കി. ഏകദേശം ഒരു വര്ഷം കഴിഞ്ഞപ്പോൾ കസിന് ലണ്ടനടുത്തുള്ള ഈസ്റ്റാമിൽ ജോലി കിട്ടി. മാജിദിനും ലണ്ടനിൽ തന്നെയായി ജോലി. എന്റെ ലൂട്ടനിലെ പഠിത്തവും അവസാനിച്ചു. ഞങ്ങളെ തനിച്ചാക്കി അവർ ലണ്ടനിലേക്ക് താമസം മാറി.

മാജിദ് പി.എച്ച് .ഡി ക്ക് അപേക്ഷിച്ചെങ്കിലും പുതിയ നിയമത്തിലെ വ്യവസ്ഥ മൂലം അഡ്മിഷൻ തരപ്പെട്ടില്ലാത്തതിനാൽ നാട്ടിലേക്ക് തിരിച്ചു പോയി. ഇതിനിടെ മാജിദിന് ഒരു കുട്ടിയുണ്ടായി, ഒരു പെൺകുട്ടി.


ഒന്നര വർഷം നാട്ടിൽ നിന്നതിന് ശേഷം വീണ്ടും മാജിദ് എം.ബി. എ ക്കായി സ്റ്റുഡന്റ് വിസയിൽ തന്നെ എത്തിയിരിക്കുകയാണ്. വീട് മാറിയെങ്കിലും സൗകര്യമുണ്ടായതിനാൽ മാജിദ് ഞങ്ങളോടൊപ്പം തന്നെ കൂടി.ഒരേ വീട്ടിൽ താമസിച്ചിട്ടും സഭ്യമല്ലാത്ത ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല എന്നുള്ളതാണ് എന്റെ സഹപാഠിയും സുഹൃത്തുമായ മാജിദിന്റെ ഏറ്റവും വലിയ പ്രത്യകത. അഞ്ചും ആറും മുറികളുള്ള വീട്ടിൽ പല രാജ്യക്കാർ ആണും പെണ്ണുമായി ഒരുമിച്ച് താമസിക്കാറുണ്ട്, ഇവിടെ. പക്ഷേ പീഡനവും തുറിച്ചു നോട്ടവുമെല്ലാം ഇന്ത്യയിലെ മാത്രം പ്രത്യകത കൾ ആണെന്ന് തോന്നിപോയിട്ടുണ്ട്. സ്ത്രീ ഒരുപാട് സംരക്ഷിക്കപ്പെടുമ്പോഴാണ് അവൾ ഒരുപാട് ആക്രമിക്കപ്പെടുന്നതും. അവൾ അബലയാണെന്നും അവൾ കഴിവ് കെട്ടവൾ ആണെന്നും സംരക്ഷണം കൊണ്ട് മാത്രം നില നിൽക്കേണ്ടവൾ ആണെന്നുമുള്ള ധാരണയാണോ അവളെ പീഡിപ്പിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്.

പലപ്പോഴും ഞാനും മാജിദും തമ്മിൽ കാശ്മീരിനെ ചൊല്ലി വഴക്കടിക്കാറുണ്ട്. നിങ്ങൾ ആസാദ് കാശ്മീരിന് വേണ്ടി ശബ്ദമുയർത്തേണ്ടതിന് പകരം കശ്മീർ ഇന്ത്യയിൽ യോജിക്കാനായി പ്രവർത്തിക്കാനായിരുന്നു എന്റെ വാദം.

ഇന്ത്യയിലെ മുസ്ലിങ്ങൾ ഇന്ത്യയിൽ സുരക്ഷിതരാണെന്നും, അവർക്ക് ഉപരി പഠനത്തിലും ഏതൊരു സർക്കാർ ജോലിയിലും ഇന്നും സംവരണമുണ്ടെന്നും ഞാൻ വാദിച്ചു. കാശ്മീരിൽ മുസ്ലിമായാലും ഒരു ചെറിയ വിദ്യാലയത്തിൽ അധ്യാപികയായി ജോലി ലഭിക്കാൻ അഞ്ച് വര്ഷം തുച്ഛമായ മൂവായിരം രൂപ ശമ്പളത്തിൽ ജോലി ചെയ്യണം. മാജിദിന്റെ ഭാര്യ അങ്ങിനെയൊരു അധ്യാപികയാണ്.

ഒരു ദശാബ്ദം മുമ്പ് ഞാൻ വിട്ടിട്ട് പോന്ന ഇന്ത്യ, പ്രത്യേകിച്ചും കേരളം ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ന് വർഗീയവാദിയും തീവ്രവാദിയും അല്ലാതെ മുസ്ലിമിനെ നോക്കി കാണാൻ ഒരു സർക്കാരിനുമാവില്ല. ഇതായിരുന്നില്ല, ഇതല്ല, എന്റെ ഇന്ത്യയെന്നും, ഇന്ത്യയെ കുറിച്ച് ഞാനറിയുന്ന സോഷ്യൽ മീഡിയയും അതിരു കവിഞ്ഞ മാധ്യമ സ്വാതന്ത്ര്യവും ആയിരിക്കണേ എന്റെ വിശ്വാസത്തിന് നിദാനമെന്ന് ഞാൻ പ്രാർത്ഥിച്ചു പോകുകയാണ്, തീവ്രമായി ആഗ്രഹിക്കുകയാണ്.

മാജിദ് ഒരിക്കൽ പറഞ്ഞു, ഒരു കാശ്മീരി മൂന്ന് കാര്യങ്ങൾ ആണ് ഏറ്റവും അധികം സ്നേഹിക്കുന്നത്, ഒന്ന് അമ്മയെ, പിന്നെ മതത്തെ, പിന്നെ പാക്കിസ്ഥാനെ. ഇൻഗ്ലണ്ടിൽ വന്ന് കുറെ പാക്കിസ്ഥാനികളുമായി ഇടപഴകിയതിന് ശേഷം ഇപ്പോൾ ആദ്യത്തെ രണ്ട് കാര്യങ്ങളെ മാത്രമേ സ്നേഹിക്കുന്നുള്ളൂ എന്ന്. മാജിദിനെ ഒരു പരിധി വരെ ഇന്ത്യാക്കാരനാക്കാൻ കഴിഞ്ഞെന്ന് ഞാൻ ആശ്വസിച്ചു.

രണ്ടാമത് യു.കെ യിലെത്തിയതിന് ശേഷം മാജിദിന്റെ എല്ലാ സംസാരവും ഫേസ് ബുക്ക് പോസ്റ്റുമെല്ലാം തന്റെ മൂന്ന് മാസം പ്രായമായ മകളെ കുറിച്ച് മാത്രമായിരുന്നു. തനിക്ക് മകൾ പിറന്നതിന് ശേഷമാണ് തന്റെ ഭാര്യ, അമ്മ എന്നിവരുടെ സ്ത്രീ എന്ന നിലയിലുള്ള പ്രാധാന്യം എനിക്ക് മനസ്സിലാകുന്നതെന്ന് അയാൾ കൂടെ കൂടെ പറഞ്ഞു കൊണ്ടിരുന്നു. ആദ്യത്തെ വരവിൽ തന്റെ കാലാവധിയായ പതിനെട്ട് മാസം പൂർത്തിയാക്കിയിട്ടല്ലാതെ നാട്ടിൽ പോകാത്ത മാജിദിന് ആറ് മാസം പോലും മകളെ കാണാതെ നിൽക്കാനായില്ല.

അതിനാൽ ജോലി സ്ഥലത്ത് നിന്നും കഷ്ടപ്പെട്ട് ലീവ് സമ്പാദിച്ച് കോളേജ് അവധിയിൽ ഒരു മാസം മകൾക്കായി ചിലവഴിക്കാൻ ഒന്നര മാസം മുമ്പ് മാജിദ് കാശ്മീരിലേക്ക് യാത്രയായി. ഒരു മാസത്തേയ്ക്ക് ആയിരുന്നു, യാത്ര. എയർപോട്ടിൽ എത്തിച്ച് തിരിച്ച് പോന്നതാണ്. എത്തിച്ചേർന്ന ഉടനെ വിളിക്കാമെന്ന് ഉറപ്പ് പറഞ്ഞിട്ടാണ് പോയത്. വിവരം അറിയാത്തതിനാൽ ഭാര്യയുടെ നമ്പറിലേക്ക് വിളിച്ചു. ഫോൺ ഓഫാണെന്ന ഇലക്ട്രോണിക് സന്ദേശമല്ലാതെ ഒരു വിവരവുമില്ല.

ഓരോ ആഴ്ച്ച കൂടുമ്പോഴും വിളിച്ചു കൊണ്ടിരുന്നുവെങ്കിലും മറുപടി അത് തന്നെയായിരുന്നു. ഭക്ഷണം കഴിച്ചില്ലെങ്കിലും ഫേസ് ബുക്കിൽ സ്റ്റാറ്റസ് ഇടാൻ മറക്കാനില്ലാത്ത മാജിദിന്റെ വാളും ജൂലൈ ഏഴിന് ശേഷം ശൂന്യമായിരുന്നു.

ഹന്ദ്‍വാര എന്ന മാജിദിന്റെ സ്വദേശത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി പ്രക്ഷോപം നടക്കുന്നതായും അയാളുടെ കസിനൊരാൾ മരണപ്പെട്ടതായും സൂചിപ്പിച്ചിരുന്നു.

ഞങ്ങൾ അയാളുടെ ഡൽഹിയിൽ ജേർണലിസ്റ്റായ കസിനെ വിളിച്ചന്വേഷിച്ചു. കാശ്മീരിൽ പ്രശ്നമാണെന്നും ഫോൺ കണക്ഷൻ എല്ലാം തകരാറിലാണെന്നും അതാണ് വിളിച്ചാൽ കിട്ടാത്തതെന്നും അറിയാൻ കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയ മാജിദ് ഒന്നര ലക്ഷം രൂപ വരുമാനമുള്ള ജോലി ഒഴിവാക്കി നാട്ടിൽ കഴിയാനെന്തായിരിക്കും കാരണമെന്ന് ആലോചിച്ചു ഞാൻ സങ്കടപ്പെട്ടു.

ഒരു ജനതയെ തലമുറകളോളം പ്രശ്നങ്ങളിലും സങ്കീർണതയിലും ആകുലതയിലും ഭയത്തിലും സുരക്ഷയില്ലായ്മയിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ചുരുക്കം ചില അധികാര മോഹികളുടെ സ്വാർത്ഥതയല്ലാതെ മറ്റെന്താണ്?

അധികാരം ലോകത്തിലെ മറ്റെല്ലാ തെറ്റുകളേക്കാളും ഭീകരമായ ഒന്നാണ്.
അധികാരിക്ക് ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. അതുകൊണ്ടാവാം. നിന്റെ ഭരണാധികാരി നിന്റെ പുറത്തടിക്കുകയും നിന്റെ സ്വത്തെല്ലാം എടുക്കുകയും ചെയ്താലും നീ അവനെ അനുസരിക്കാൻ ഇസ്‌ലാം അനുശാസിക്കുന്നത്ഭരണാധികാരികളെ അനുസരിക്കുന്നത് ദൈവത്തെ അനുസരിക്കുന്നതിന്റെ ഭാഗമാണ്.

കാശ്മീരിനും അതുപോലെ പ്രശ്നങ്ങളിൽ കഴിയുന്ന നിസ്സഹായരായ ജനതയ്ക്കും വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കാനല്ലാതെ നമുക്ക് വേറെന്തിന് കഴിയും?Monday, August 15, 2016

എനിക്കുമുണ്ടൊരു ഡ്രൈവിംഗ് ലൈസൻസ്

ലക്ഷദ്വീപിൽ നിന്നും ഒരു ഇത്ത ഏറണാകുളത്തു വന്ന കഥ കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ. പണ്ടൊക്കെ പ്രസവിക്കാനും വലിയ രോഗങ്ങൾക്ക് ചികിൽസിക്കാനുമെല്ലാം ലക്ഷദ്വീപിൽ നിന്നും എറണാകുളം ജനറൽ ആശുപത്രിയിൽ ആയിരുന്നുവത്രേ എല്ലാവരും വന്നിരുന്നത്. നമ്മുടെ ഇത്തയും മകളുടെ പ്രസവാവശ്യത്തിനായി ആണു ഇവിടെ എത്തിയത്. മരുന്നോ മറ്റോ വാങ്ങാനായി പുള്ളിക്കാരി ഓട്ടോറിക്ഷയിൽ കയറി. തിരിച്ചിറക്കി വിടുമ്പോൾ ഓട്ടോകാരൻ ഇരുപതു രൂപ ചോദിച്ചു. ഇത്ത നൂറു രൂപ കൊടുത്തു.

ഓട്ടോകാരൻ ബാക്കി കൊടുത്തിട്ടും ഇത്ത വാങ്ങുന്നില്ല. അയാൾ നിർബന്ധിച്ചപ്പോൾ ഇത്ത ഒരേയൊരു വാശി, "നീയിതു വെച്ചോ, നീ മിടുക്കനാ, ഇത്രേം ബല്യ വണ്ടികൾക്കിടയിലൂടെ ഞമ്മളെ ഒരു കേടും പറ്റാതെ ഇവിടെ കൊണ്ട് വന്നെത്തിച്ചില്ലേ. ഇനീം ഒരു നൂറു കൂടി തന്നാലും മതിയാവൂല."

ലക്ഷദ്വീപിലെ ഇത്തയുടെ ആദരവായിരുന്നു, ചെറുപ്പത്തിലെ വണ്ടിയോടിക്കുന്ന ഡ്രൈവറോട് തോന്നിയിരുന്നത്. എത്ര വലിയ വണ്ടിയാ ഈ ചെറിയ മനുഷ്യൻ ഓടിക്കുന്നതെന്ന അത്ഭുതം. പി.എം. എസ് . ബസ് ആദ്യമായി മണിക്കിണറിൽ വന്നപ്പോൾ തൊട്ടും തലോടിയും അടിയിലെ പെട്രോൾ ഒന്ന് മണത്തിയും എത്ര സമയം അതിനടുത്ത് നിന്നിട്ടുണ്ടെന്നോ. കവളങ്ങാട് സ്കൂളിലേക്കുള്ള യാത്രയിൽ ഓരോ വീടിനു മുമ്പിലും നിർത്തിയിട്ട് ആളെ കയറ്റുന്ന പി.എം.എസ്. അത് തന്നെയാണ് ജീവിതത്തിൽ ആദ്യം ഇഷ്ടപ്പെട്ട വാഹനം.

സൈക്കിളും സ്കൂട്ടറും കാറു അന്നൊന്നും ഞങ്ങളുടെ നാട്ടിൽ പെണ്‍കുട്ടികൾ ഒടിച്ചിരുന്നില്ല. പൈറ്റത്തു നിന്ന് ആലുവയിലേക്ക് കുടിയേറിയതിന് ശേഷമാണ് പെണ്‍കുട്ടികൾ സൈക്കിൾ ഓടിക്കുന്നത് കാണുന്നത്. അയൽ വീട്ടിലെ പാത്തുകുട്ടി സൈക്കിൾ ഓടിച്ച് ചീറി പായുന്നത് കാണുമ്പോൾ അത്ര സ്പീടിലല്ലെങ്കിലും ഈ കുന്തം ഒന്നോടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനും ആശിച്ചിട്ടുണ്ട്.

പാത്തുകുട്ടിയുടെ ജീവിതം പകുതി സമയവും സൈക്കിളിൽ തന്നെയായിരുന്നു. അവസാനം പെണ്ണ് കാണാൻ വന്നപ്പോൾ ബ്രോക്കർ ചെറുക്കനോട് പറഞ്ഞു, "ആ പോകുന്ന പെണ്ണില്ലേ. അതിനെയാണ് നമ്മൾ കാണാൻ പോകുന്നത്." വീട്ടിലെത്തി ചായസൽക്കാരമൊക്കെ കഴിഞ്ഞു തിരിച്ചു പോകും വഴി ചെറുക്കൻ പറഞ്ഞത്രേ, "ആ പെണ്ണിൻറെ അത്രയും തൂക്കം സ്വർണം തന്നാലും എനിക്കാ പെണ്ണിനെ വേണ്ട". പത്തുകുട്ടി സൈക്കിൾ മാറ്റി ഇപ്പോൾ സ്കൂട്ടർ ഓടിച്ചു സുഖമായി നടക്കുന്നു.

എന്തായാലും വീട്ടിൽ വാപ്പിചിയെ പേടിച്ച് എന്റെ സൈക്കിൾ ഓടിക്കാനുള്ള മോഹം മോഹമായി തന്നെ അവശേഷിച്ചു. അഞ്ചാറു വർഷങ്ങൾക്ക് ശേഷം വാപ്പിച്ചി മരിച്ചു. ഒരു ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് പോയതായിരുന്നു. അവിടെ എളാപ്പയുടെ മക്കൾ രണ്ടു പേരും സൈക്കിൾ ഓടിച്ചു വിലസുന്നു. അവരേക്കാൾ പ്രായമുണ്ടായിരുന്നു എനിക്കെങ്കിലും ഞാൻ സ്വകാര്യമായി ജബിയോട് ചോദിച്ചു, "നീ എന്നെയൊന്നു സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചു തരുമോ?"

അവൾ ഒറ്റ വാക്കിൽ ഉത്തരം നല്കി, "നീ ഒന്ന് പോ സക്കീനാ ".

ഇനിയെന്ത് ചെയ്യും? ഞാൻ ആലോചിച്ചു, എന്ത് കൊടുത്ത് ഇവളെ ഒന്ന് വളയ്ക്കും ? ജബിയ്ക്ക് എല്ലാമുണ്ട്, വളയും മാലയുമെല്ലാം. പക്ഷേ എന്റെ കയ്യിൽ പല നിറത്തിൽ ഉള്ള ക്രിസ്റ്റൽ മാല ഇവൾക്കില്ല. ഞാൻ എളീമ കേൾക്കാതെ പറഞ്ഞു, എന്നെ സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചാൽ നിനക്ക് ഞാൻ ഇഷ്ടമുള്ള കളറിലെ ക്രിസ്റ്റൽ മാല തരാം.

അവൾ ചിരിച്ചു കൊണ്ട് സമ്മതിച്ചു. അങ്ങിനെ ഞങ്ങൾ പുറകു വശത്തുള്ള റോഡിലൂടെ സൈക്കിൾ ചവിട്ടാൻ ആരംഭിച്ചു. എന്നെ സൈക്കിളിൽ ഇരുത്തി. ജബി സൈഡിലൂടെ ഹാൻഡിലിൽ പിടിച്ചു നടന്നു. എന്നോട് ചവിട്ടാൻ പറഞ്ഞു. ഞാൻ പതുക്കെ ചവിട്ടി.

ദൂരെ നിന്നും ഒരു കാർ എതിരേ വരുന്നത് കണ്ടു, ഞാൻ സൈക്കിളിൽ നിന്നെടുത്തു ഇടതു വശത്തുള്ള പറമ്പിലേക്ക് ചാടി. ജബിയും സൈക്കിളും റോഡിൽ വീണു കിടന്നു. കാർ ഡ്രൈവർ ഇറങ്ങി ജബിയെ പൊക്കിയെടുത്തു.

കൈകാലുകളിലെ മുറിവുകൾ എളീമയെ കാണിച്ചു കൊടുക്കുന്നത്തിനിടയിൽ ജബി ദേഷ്യവും സങ്കടവും കലർത്തി പറഞ്ഞു, "മോളെനിക്ക് ക്രിസ്റ്റൽ മാലയല്ല, ഡയമണ്ട് നെക്സ്ലേസ് വാങ്ങി തന്നാലും ഇനി സൈക്കിൾ ചവിട്ടി പഠിപ്പിക്കാൻ എന്നെ കിട്ടുകയല്ല. എനിക്കെന്റെ ജീവനാ വലുത്."

അതോടെ ആ മോഹം എന്നെന്നേക്കുമായ് പൊലിഞ്ഞു.

പിന്നെ സ്കൂട്ടറുകളുടെ കാലമായി. സ്കൂട്ടിയും കൈനറ്റിക് ഹോണ്ടയുമെല്ലാം കൂട്ടുകാർ ഓടിച്ച് കോളേജിൽ വരുന്നത് കണ്ടിട്ടും സതി ചേച്ചിയുടെ കൈനറ്റിക് ഹോണ്ടയിൽ കയറി കോതമംഗലം-അടിമാലി, ഇടമലയാർ -ഭൂതത്താൻ കെട്ട് മുഴുവൻ ചുറ്റിയിട്ടും എന്തോ സ്കൂട്ടർ ഓടിക്കാൻ അത്ര മോഹം തോന്നിയിട്ടില്ല.

സൌദിയിൽ ഭർത്താവിന്റെ കാറിന്റെ സൈഡ് സീറ്റിലിരിക്കുമ്പോൾ ഡ്രൈവിംഗ് എന്ന മോഹമേ പാടില്ലാത്തതിനാൽ അതിനെ കുറിച്ച് അന്നൊന്നും ചിന്തിച്ചില്ല. ലോണെടുത്തതാണെങ്കിലും സ്വന്തം പേരിലൊരു കാറുണ്ടാകുന്നത് ദുബായിൽ ആയിരുന്നപ്പോഴാണ്. സെക്കന്റ് ഹാൻഡ് ആയിരുന്നിട്ടും ആര് കണ്ടാലും "ഇത് വില്ക്കുമോ " എന്ന് ചോദിപ്പിക്കത്തക്ക സുന്ദരിയായ എന്റെ സിൽവർ കളർ കാംറി. ഭാഗ്യവശാലോ നിർഭാഗ്യവശാലോ അതിനൊരു ഡ്രൈവറും ഉണ്ടായിരുന്നു. അയാൾ അതിന്റെ സ്റ്റിയരിംഗിൽ പോലും തൊടാൻ സമ്മതിച്ചിരുന്നില്ല.

ദുബായിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് അനുവദിക്കപ്പെട്ടിട്ടും ഒരിക്കലും അത് പഠിക്കണമെന്നു തോന്നിയില്ല, അഥവാ സാഹചര്യം അനുവദിച്ചില്ല.

ലണ്ടനിലേക്ക് വരാൻ ഒന്നര മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഭർത്താവ് ഡ്രൈവിംഗ് പഠിക്കാൻ നിർബന്ധിക്കുന്നത്. കാറില്ലാത്ത ഞാനെന്തിന് ഡ്രൈവിംഗ് പഠിക്കണം എന്നതായിരുന്നു, അതുവരെയുണ്ടായിരുന്ന കാഴ്ചപ്പാട്.

അങ്ങിനെ ആലുവയിലെ ബിനു ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു. ആദ്യ ദിവസം ടീച്ചർക്ക് ഗുരു ദക്ഷിണ കൊടുക്കണം, ഞാൻ അഞ്ഞൂറ് രൂപ കൊടുത്തു, ടീച്ചർ വാങ്ങുന്നില്ല. " ഇതെന്റെ അവസാനത്തെ ദിവസമാണ്, നാളെ മുതൽ ഞാനുണ്ടാവില്ല. വേറെ ടീച്ചർ ആയിരിക്കും, അവർക്ക് കൊടുത്താൽ മതി. ഇന്ന് ഞാൻ ജസ്റ്റ് സ്റ്റിയരിംഗും ബ്രേക്കും പരിചയപ്പെടുത്തി തരാം. എന്ത് പരിചയപ്പെടുത്തിയാലും ഇതെന്റെ ആദ്യത്തെ ഡ്രൈവിംഗ് ക്ലാസ് ആണ്, ടീച്ചർ വാങ്ങിക്കോ, ഞാൻ പൈസ കൊടുത്തു.

പറവൂർ കവലയിൽ നിന്നും ആലുവ ശിവരാത്രി മണൽപുറത്തേക്കുള്ള റോഡിലൂടെ കുറെ നേരം ഓടിച്ചു. ഞാൻ ആദ്യമായി ഓടികൊണ്ടിരുന്ന വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലിരുന്നു.

ശമ്പളം കുറവായതിനാൽ ടീച്ചർ പിരിഞ്ഞു പോയി. പിറ്റേ ദിവസം വന്നത് മേരി ടീച്ചർ ആയിരുന്നു. ടീച്ചർ ഓരോ ദിവസവും ഓരോ ഭാഗങ്ങൾ പരിചയപ്പെടുത്തുകയും ചെറുതായി ഓടിക്കാൻ പഠിപ്പിക്കുകയും ചെയ്തു. ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നുണ്ടെങ്കിലും ക്ലച്ചും ബ്രേക്കുമെല്ലാം അമർത്തുന്നുണ്ടെങ്കിലും ഇവയെല്ലാം ടീച്ചറിന്റെ കാലിനടിയിലും ഉണ്ടായിരുന്നു. അതുകൊണ്ട് ഓടിക്കുമ്പോൾ ഒരു അപകർഷതാ ബോധം തോന്നാതിരുന്നില്ല. എന്നാലും ആലുവാ തൃശൂർ നാഷണൽ ഹൈവേയിലൂടെയല്ലേ ഓടിക്കുന്നത്, സാരമില്ല, സമാധാനിക്കും.

എനിക്ക് ലണ്ടനിലേക്ക് പോകാൻ ഒരു മാസത്തെ സമയമേ ഉള്ളൂ. അതിനിടയിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടുകയെന്നതാണ്, ടാർജറ്റ്. അതിനാൽ ഞാൻ ഫാസ്റ്റ് ട്രാക്കിൽ പഠിക്കാനുള്ള വഴി നോക്കി. കിലോമീറ്ററിന് ഇരുപത്തിഅഞ്ചു രൂപ കൊടുത്താൽ കൂടുതൽ സമയം പഠിക്കാം. മേരി ടീച്ചർ ഡ്രൈവിംഗ് സ്കൂളിൽ പറഞ്ഞു അനുവാദം വാങ്ങി. ഞങ്ങൾ ആലുവ പാലം കടന്നു പെരുമ്പാവൂർ റൂട്ടിൽ മാറമ്പിള്ളി വരെയും തിരിച്ചു കളമശ്ശേരി വരെയുമെല്ലാം ഓടിച്ചു പഠിച്ചു. വണ്ടി ഓടിക്കുന്നതിനിടയിൽ മേരി ടീച്ചർ തന്റെ കഥ പറയാൻ തുടങ്ങും.

മേരി ടീച്ചർ കൂടുതലും സംസാരിക്കുന്നത് അമ്മയെ കുറിച്ചാണ്, പക്ഷേ കുറ്റപ്പെടുത്തിയാവും തുടങ്ങുന്നതും അവസാനിപ്പിക്കുനതും. അവരെ ഒരിക്കയും അമ്മയെന്ന് വിശേഷിപ്പിച്ചിട്ടില്ല. "ആ തള്ളയാണ് എന്റെ ജീവിതം നശിപ്പിച്ചത്. പത്തൊമ്പത് വയസ്സിൽ മകൾക്ക് വൈധവ്യം വാങ്ങി തന്നവരാണ് അവർ."

പതിനെട്ട് വയസ്സിലായിരുന്നു, ടീച്ചറിനെ പെണ്ണ് കാണാൻ അയാൾ എത്തിയത്. മുഴുകുടിയനാണെന്ന് അന്വേഷിക്കാൻ പോയ പലരും പറഞ്ഞപ്പോൾ ടീച്ചർ കരഞ്ഞു കൊണ്ട് ഒരുപാട് എതിർത്തുവത്രേ. അപ്പോൾ അമ്മയ്ക്ക് ഒരേയൊരു വാശി. ചെറുക്കൻ കുടിയനായാലെന്താ, അച്ഛനെ കണ്ടാൽ പൂവൻ പഴം പോലെ വെളുത്ത് തുടുത്തല്ലേ ഇരിക്കുന്നത്.

എന്തായാലും അമ്മ ആ കല്യാണം തന്നെ നടത്തി. ഭര്ത്താവിനെ കൂടാതെ എട്ടു മക്കളുണ്ടായിരുന്ന ആ കുടുംബത്തിൽ നിന്ന് നിവരാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ലത്രേ. വൈകാതെ ടീച്ചർ ഗർഭിണിയായി. പ്രസവത്തിനു മുമ്പേ അയാൾ മരിക്കുകയും ചെയ്തു. അന്ന് മുതൽ ടീച്ചർ ഒറ്റയ്ക്കാണ്. ഇന്ന് മകന് പത്തൊമ്പത് വയസ്സായി. എല്ലാ പ്രതീക്ഷകളും മകനിൽ അർപ്പിച്ച് ഇത്ര കാലം ജീവിച്ചു. അവനെ വളർത്താനാണ് ഡ്രൈവിംഗ് പഠിച്ചതും പഠിപ്പിക്കുന്നതും. പക്ഷേ മകൻ പ്ലസ് ടു വിനു പഠിക്കുകയാണ്, ഞാൻ പറഞ്ഞാൽ ഒരക്ഷരം അവനും അനുസരിക്കില്ല.

എനിക്കൊരേ ആഗ്രഹമേയുള്ളൂ, എങ്ങിനെയെങ്കിലും ആ അമ്മയിൽ നിന്നും മകനിൽ നിന്നും അകന്ന് എവിടെയെങ്കിലും ദൂരെ താമസിക്കണം. അപ്പോഴേ അവർ എന്റെ വില മനസ്സിലാക്കുകയുള്ളൂ. ഞാൻ ടീച്ചറെ സമാധാനിപ്പിച്ചു. "ദു:ഖങ്ങൾ എല്ലാവർക്കും ഉണ്ട്. നാം അവ തരണം ചെയ്തേ മതിയാകൂ. അമ്മയും മകനുമെല്ലാം നാം അനുഭവിക്കേണ്ട ദുരന്തങ്ങൾക്കെല്ലാം ഒരു നിമിത്തം മാത്രമാണ്.
ക്ലാസ് കഴിയുമ്പോൾ ഞങ്ങൾ ആലുവയിലേതെങ്കിലും രസ്റ്റോരന്റിൽ പോയി ഊണു കഴിക്കും.

അപ്പോഴെല്ലാം ബാബു ചേട്ടൻ ഓട്ടോയുമായി പറവൂർ കവലയിൽ കാത്തു നിൽക്കുന്നുണ്ടായിരിക്കും. എന്നെ ഇറക്കിയിട്ട് തിരിച്ച് പോകാൻ പറഞ്ഞാൽ ചേട്ടൻ പറയും, കടുങ്ങല്ലൂർ സ്ടാന്ടിൽ പോയാലും ഞാൻ അവിടെ വെറുതെ കിടക്കുകയായിരിക്കും. മോള് പോയിട്ട് വാ, ഞാനിവിടെ ഇരുന്നോളാം. ബാബു ചേട്ടനും ഒരുപാട് കള്ള് കുടിക്കുമായിരുന്നു. പ്രേമിച്ച് വിവാഹം ചെയ്ത ഭാര്യ വേറെയാളുടെ ഭാര്യ ആയതിലെ നിരാശ ആണത്രേ. വയസ്സായ അമ്മയെയും അച്ഛനെയും നോക്കാനുള്ളത് കൊണ്ടാണ്, അല്ലെങ്കിൽ ഈ ജീവിതം പണ്ടേ ഉപേക്ഷിക്കുമായിരുന്നുവെന്ന് പലപ്പോഴും പറയുമായിരുന്നു. എന്തായാലും, വയസ്സായ അമ്മയേയും അച്ഛനെയും തനിച്ചാക്കി ബാബു ചേട്ടൻ യാത്രയായി. അതേ ഓട്ടോയിൽ മരിച്ചു കിടന്നിരുന്നു, ഒരു ദിവസം നേരം പുലർന്നപ്പോൾ.
പതിനഞ്ചു ദിവസം കൊണ്ട് ഒരു വിധം ഡ്രൈവിംഗ് പഠിച്ചു. കാറിലിരുന്നു ഓടിച്ച് പഠിക്കാൻ വലിയ പ്രയാസമില്ല. പക്ഷേ പറവൂർ കവലയിലെ ഒരു മരത്തണൽ പോലുമില്ലാത്ത വിജനമായ പറമ്പിൽ ഉച്ചക്ക് രണ്ടു മണിക്ക് എച്ച് എടുക്കുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്.

ഷോൽഡർ ലവൽ വരയ്ക്കൊപ്പമെത്തുമ്പോൽ സ്റ്റിയരിംഗ് വലത്തോട്ട് തിരിച്ച്, പച്ചകുപ്പി രണ്ടാമത്തെ ഗ്ലാസ്സിലൂടെ കാണുമ്പോൾ ഇടത്തോട്ടു തിരിച്ചു, പിന്നെ കമ്പിയും ചുമന്ന കുപ്പിയും പച്ചകുപ്പിയും മാറി മാറി കാണുന്നതനുസരിച്ച് വലത്തോട്ടും ഇടത്തോട്ടും തിരിച്ച് അവസാനം റിവേർസ് എടുത്തു എച്ച് എടുക്കുക എന്നത് എഴുതിയ എല്ലാ പരീക്ഷകളെക്കാളും പ്രയാസകരമാണ്. ഓരോ പ്രാവശ്യം എച്ച് എടുത്തു പരാജയപ്പെടുമ്പോഴും ഇന്സ്ട്രക്ടറോഡ്‌ ചോദിക്കും ഇതെന്തിനാണെന്നും, ഇതിന്റെ ഉപയോഗമെന്താണെന്നും കൂടി പറഞ്ഞു തരാൻ, അയാൾ പറയും, "എന്റെ പൊന്ന് ചേച്ചീ, അതൊന്നും നിങ്ങളറിയണ്ട, ഇത് ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം എടുത്താൽ മതി, അത് കൊണ്ട് ധൈര്യമായി പറയും പോലെ ചെയ്തോളൂ".
ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റിൽ റോഡ് ടെസ്റ്റ് പാസായെങ്കിലും എച്ച് എടുക്കുന്നതിൽ പരാജയപ്പെട്ടു. ജയിച്ചാൽ ടീച്ചർക്കും കൂടെ നിൽക്കുന്നവർക്കും കൊടുക്കാനായി കൊണ്ടുപോയ മിഠായി കൂടി നിന്ന പോലീസ് കാർക്ക് കൂടി പങ്കു വെച്ച് കൊടുത്തപ്പോൾ അവർ കളിയാക്കി, ആദ്യമായാണ് തോറ്റതിന് ചിലവ് കിട്ടുന്നതെന്ന്.

രണ്ടാഴ്ച കഴിഞ്ഞേ അടുത്ത ടെസ്റ്റിന്റെ തീയതി കിട്ടുകയുള്ളൂ. അതിനായി ബുക്ക് ചെയ്ത് എച്ച് എടുക്കാനുള്ള കഠിന പരിശ്രമം ആരംഭിച്ചു. എച്ചിന് പൊട്ടുമോയെന്നുള്ള പരിഭ്രാന്തിയിൽ റോഡ് ടെസ്റ്റിൽ ശ്രദ്ദിക്കാൻ കഴിഞ്ഞില്ല. നെടുമ്പാശ്ശേരി വഴിയുള്ള ഓട്ടത്തിൽ കൂടെയിരുന്നു പോലീസ് കാരൻ പ്രോത്സാഹിപ്പിച്ചു, "മാഡം പേടിക്കേണ്ട, ശരിയാകുന്നുണ്ട്, അല്പം കൂടി ശ്രദ്ധിച്ചാൽ മതി" എന്നൊക്കെ. എന്തായാലും ഇത്തവണ എച്ച് എന്ന മഹാ മാരണം കടന്നു കിട്ടി.

രണ്ട് ദിവസത്തിന് ശേഷം ഭർത്താവിനോടൊപ്പം യാത്ര തിരിച്ചു. ആദ്യമായി കാറിൽ യാത്ര പോയത് ക്രോയ്ഡനിൽ നിന്നും റ്റൂട്ടിംഗിലേക്ക് ആയിരുന്നു. പുറത്തെവിടെയോ പോയി തിരിച്ച് വന്ന ഭർത്താവ് "ഡ്രൈവിംഗ് ലൈസൻസ് ഒക്കെ കിട്ടിയതല്ലേ, കാറ് താനെടുത്തോളൂ" എന്ന് പറഞ്ഞു.

ഉള്ളിൽ പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും എൻറോൾ ചെയ്ത പിറ്റേ ദിവസം ഹൈക്കോടതിയിൽ കേസ് തന്ന് സ്റ്റേ വാങ്ങാൻ സീനിയറായ രാജേന്ദ്രൻ സാർ പറഞ്ഞപ്പോൾ തോന്നിയ പരിഭ്രമം പോലെ ഒന്നായിരിക്കും ഇതെന്ന് സമാധാനിച്ചു. അന്ന് സ്റ്റേ കിട്ടിയ ആത്മവിശ്വാസത്തിൽ കാറെടുക്കാനായി ശ്രമിച്ചു. കാലെത്തുന്നില്ല, അടുത്തിരുന്ന് ഭർത്താവ് ധൈര്യം പകർന്നു, "മുന്നോട്ടെടുത്തോ".

ഞാൻ മുന്നോട്ടെടുത്തു. കാർ നേരെ ചെന്ന് മുന്നിൽ കിടന്ന കാറിലിടിച്ച് നിന്നു . ബ്രെക്ക് ചവിട്ടാനും സ്റ്റിയറിംഗ് തിരിക്കാനുമെല്ലാം ഭർത്താവ് ശബ്ദം വെച്ചെങ്കിലും അദ്ദേഹത്തിനറിയില്ലല്ലോ, ഇന്നേവരെ സ്റിയറിംഗിന്റെയും ബ്രെക്കിന്റെയും നിയന്ത്രണം കൂടെയിരുന്ന ടീച്ചറിന്റെ കാലിനടിയിൽ ആയിരുന്നത് കൊണ്ടാണ് ഞാൻ വണ്ടി ഓടിച്ചു പഠിച്ചതെന്ന്.

മുന്നിൽ കിടന്ന കാർ ഒരു പാക്കിസ്ഥാനിയുടേതായിരുന്നു. ചുറ്റുമുള്ള പാക്കിസ്ഥാനികൾ ഓടി കൂടി. ഭർത്താവ് അഡ്രസും ഫോൺ നമ്പറും കൊടുക്കുന്നതിനിടയിൽ ഞാൻ പതുക്കെ പുറത്തിറങ്ങി നോക്കി, ഞങ്ങളുടെ കാറിന് കാര്യമായൊന്നും സംഭവിച്ചിട്ടില്ല, പക്ഷേ മുന്നിലെ കാർ ഹോണ്ട ആയതിനാൽ പിൻവശം പാടേ ചളുങ്ങി പോയി.

റിപ്പയറിംഗിനായി ആയിരത്തി അഞ്ഞൂറ് പൗണ്ട് അധികമായത് കൂടാതെ മാസം മാസമുള്ള ഇൻഷുറൻസ് തുകയും അന്ന് മുതൽ വർദ്ധിപ്പിച്ചു.

ചെറിയ കാറ് വാങ്ങി പിന്നീട് പലവട്ടം ഓടിച്ചു പഠിക്കാൻ നിർബന്ധിക്കുന്നുവെങ്കിലും ഇന്നേവരെ സ്റ്റീയറിംഗിൽ ഞാൻ തൊട്ടിട്ടില്ല.

എന്നാലും അഭിമാനപൂർവ്വം പറയാൻ എനിക്കുമുണ്ടൊരു ഡ്രൈവിംഗ് ലൈസൻസ്.Wednesday, May 1, 2013

മരണ വേദനയും പ്രസവ വേദനയും...............

ഉമ്മച്ചി പറയാറുണ്ട്‌, പ്രസവ വേദന മരണ വേദനയെക്കാൾ ഭീകരമാണെന്നു. ഒരു സ്ത്രീ പ്രസവത്തോടെ മരിക്കുകയാണെങ്കിൽ അവൾ സ്വർഗത്തിൽ പോകുമത്രേ. ഇതൊക്കെ കേട്ടതിനാലോ എന്തോ പ്രസവിക്കാൻ എനിക്ക് പേടിയായിരുന്നു. പക്ഷേ എനിക്കൊരു കുട്ടിയെ വേണം.

സാമ്പത്തികമായി തുലോം പിന്നോക്കാവസ്ഥയിലുള്ള കൂലിപ്പണിക്കാരന്റെ മകള്ക്കാര് കുട്ടിയെ ദത്തു തരും. രണ്ടു മൂന്നു ബിരുടമുണ്ടെങ്കിലും ഒരു ജോലി പോലുമില്ല. എനിക്ക് വട്ടാണ്‍. പഠിക്കാൻ എനിക്ക് വട്ടുണ്ടായിരുന്നില്ല. ഒന്നാം ക്ലാസോടെ മാര്ക്ക് വാങ്ങാൻ അതൊരു പ്രശ്നമായിരുന്നില്ല. പരീക്ഷ എഴുതി പൂര്ത്തിയാക്കാൻ മരുന്ന് മൂലമുള്ള വിരലിന്റെ വിറയൽ അനുവദിക്കാരുണ്ടായിരുന്നില്ല. എങ്കിലും ഒരു ജോലി എന്ന സ്വപ്നം മറ്റെല്ലാവരെയും പോലെ എന്നെയും പഠിപ്പിച്ചു.

പഠിക്കാൻ തുടങ്ങിയ കാലം മുതൽ നാണക്കേടുമായി മുന്നിലുല്ണ്ടായിരുന്നു, സംവരണം. കഴിവില്ലായ്മയുടെ ഒന്നാമത്തെ അടയാളമായി അതെല്ലായിടത്തും പിന്തുടർന്നു. അങ്ങിനെയാണ്, വക്കീലാകാൻ തീരുമാനിച്ചത്. വക്കീലിന് വാക്സാമാര്ത്യവും കഴിവും വേണമെന്നും നാവിലാര്ക്കും സംവരണം വിളമ്പി തരാൻ കഴിയില്ലെന്നുമോക്കെയായിരുന്നു അന്നത്തെ ധാരണ. ഇന്ത്യൻ രാഷ്ട്രീയം പോലെ പിന്തുടർച്ചാവകാശം ആണ് വക്കീൽ ജോലിയെന്ന് എല്ലാവരും പറഞ്ഞെങ്കിലും എനിക്കതൊരു മിഥ്യ ആയിരുന്നു. ആദ്യമായി ശമ്പളം തന്നപ്പോൾ കേരളാ ഹൈക്കൊടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജൂനിയർ ഫീസ്‌ വാങ്ങിയ വക്കീൽ താനായിരിക്കും, താനാണ് എന്ന് പറഞ്ഞ എന്റെ സീനിയർ മഹാമാനസ്കനായിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ എനിക്കാദ്യം കിട്ടിയ ജൂനിയര് ഫീസ്‌ ആറായിരം രൂപയായിരുന്നു. അഭിമാനത്തോടെ, ആഗ്രഹത്തോടെ, അതിലേറെ സ്വപ്നത്തോടെ, കേവലമൊരു ജോലിക്കു വേണ്ടിയല്ലാതെ ഞാൻ നേടിയ എന്റെ വക്കീൽ ജോലിയും പോയി. എനിക്ക് വീണ്ടും ഭ്രാന്തായി.

കഞ്ഞി കുടിക്കാൻ വകയില്ല, പിന്നെയല്ലേ കുഞ്ഞിനെ ദത്തെടുക്കുക. ഇനിയെന്ത് എന്നാലോചിച്ചു നടന്നപ്പോഴാണ് ഒരു കല്യാണം കഴിക്കാൻ തീരുമാനിച്ചത്. ഇനിയും പഠിക്കുന്നതിൽ അർത്ഥമില്ല. അങ്ങിനെ ഇന്ടര്നേറ്റുവേളി കഴിച്ചു. സൌദിയിൽ പോകും മുമ്പേ തീരുമാനിച്ചു, ആദ്യം തന്നെ ഒന്ന് പ്രസവിക്കുക. അമ്മയാകണം. സ്ത്രീയാകണം. ഈ സ്ത്രീത്വം ഒന്ന് മനസ്സിലാക്കണം.

പ്രസവിക്കുക, കുഞ്ഞിനെ വളര്ത്തുക, അമ്മയാകുക, കുടുംബിനിയാകുക, ഇതെല്ലാം എന്റെ മാത്രം സങ്കൽപ്പങ്ങൾ ആയിരുന്നു. ഭർത്താവദ്ദേഹത്തിനു ഇതിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു, "You are a baby, You don't need a baby". പക്ഷേ ഇന്ത്യൻ -ഇസ്ലാം സ്ത്രീത്വ സങ്കല്പങ്ങളെ മുഴുവൻ വിമർശിച്ചു നടന്ന ഞാനെങ്ങനെ സ്ത്രീത്വം അറിയാതെ പോകും.

അങ്ങിനെ സൗദിയിൽ എത്തിയ ഉടനെ ഗർഭിണിയായി. നേരം വെളുത്ത് എഴുന്നേറ്റ് പല്ല് തേക്കുമ്പോൾ കുറച്ച് വിഷമവും നാട്ടിൽ നിന്ന് കൊണ്ട് പോയ വസ്ത്രങ്ങൾ പാകമല്ലാത്ത വിഷമവുമല്ലാതെ കാര്യമായ പ്രയാസങ്ങൾ ഒന്നും ഗർഭാവസ്ഥയിൽ ഉണ്ടായില്ല. ഏഴാം മാസത്തിൽ പ്രസവത്തിനായി നാട്ടിലേക്ക് പോന്നു. ഭര്ത്താവ് കാലു പിടിച്ചു പറഞ്ഞു, ഞാൻ നോക്കിക്കോളാം, ആരെയെങ്കിലും നിർത്താം, വീട്ടില് നിന്ന് ഉമ്മയെ വരുത്താമെന്നൊക്കെ. ഞാനെങ്ങിനെ സമ്മതിക്കും. പ്രസവം, മരണ തുല്യമാണ്. മരിച്ചു പോയാൽ എന്നെ കടുങ്ങല്ലൂർ പള്ളിയിൽ മറവു ചെയ്യണം . അതിനാൽ ഞാൻ നാട്ടിലേക്കു പോന്നു.

നാട്ടിലെത്തിയ അന്ന് മുതൽ നാലും അഞ്ചും മണിക്കൂർ തുടര്ച്ചയായി ചാറ്റ് ചെയ്യാറുണ്ട്. കൃത്യം എട്ടു മാസം തികഞ്ഞ അന്നും പതിവ് പോലെ ചാറ്റ് ചെയ്തു. പകൽ ഡോക്ടറെ കാണാൻ ചെന്നപ്പോൾ നടക്കണമെന്ന് പറഞ്ഞതിനാൽ ആലുവ മുഴുവൻ രണ്ടു പ്രാവശ്യം കറങ്ങി. ഫെഡരൽ ബാങ്ക് നാലാം നില നടന്നു കയറി. എന്തായാലും പതിനൊന്നു മണിയായപ്പോൾ കാലിലും നടുവിലും അസാധാരണമായൊരു വേദന. ഉമ്മച്ചി വീട്ടിലില്ല. ഏതോ മരണാവശ്യത്തിനു പോയ എളാപ്പയുടെ കുട്ടിക്ക് കൂട്ടിരിക്കാൻ പോയി.

ഞാൻ ഒരു അമ്മായിയെ വിളിച്ചു ചോദിച്ചു. ലക്ഷണങ്ങൾ പറഞ്ഞപ്പോൾ പുള്ളിക്കാരി പേടിപ്പിച്ചു, ഇനി നോക്കിയിരിക്കണ്ട, സക്കീനാ, ആശുപത്രിയിൽ ഉടനെ പൊയ്ക്കോ. എനിക്ക് പേടിയായി, പടച്ചവനേ, ഞാൻ പ്രസവിക്കാൻ പോകുകയാണോ ? ടാക്സിക്കാരന്റെ നമ്പർ ഉണ്ടായിരുന്നു. ഉടനെ വിളിച്ചു, ഉമ്മച്ചിയെ വിളിപ്പിച്ചു, അനിയത്തിയും യാത്രയായി. വണ്ടി കിടക്കുന്ന റോഡ്‌ വരെ ഇടവഴിയാണ്. ഞാൻ മനസ്സില് കരുതി ഉറപ്പിച്ചു. പ്രസവം മരണ തുല്യമാണ്. ഞാൻ തിരിച്ചു വരുന്നതെങ്ങിനെയെന്നറിയില്ല. അസ്മാഉൽ ഹുസ്ന (അല്ലാഹുവിന്റെ നൂറ് പേര് ) കാണാതെ അറിയാം. അത് ചൊല്ലാൻ തുടങ്ങി. ഈ ലോകം ഞാൻ മറന്നു. എന്റെ മരണം ഞാൻ സ്വപ്നം കണ്ടു.

കാറ് നിന്നത് കെ. എം. കെ യുടെ മുംബിലാണെന്നു തോന്നുന്നു. മാസം തികയാത്തത് കൊണ്ട് അവർ മെഡിക്കൽ സെന്റരിലേക്കയച്ചു. രണ്ടു നഴ്സുമാർ കൂടെ വന്നു, അവർ പിറുപിറുക്കുന്നു, വയസ്സും മുപ്പത്തോന്നായി, complicated ആണു. കൂട്ടിന് ഒരു ആണ്‍ തുണ പോലുമില്ല. മെഡിക്കൽ സെന്റരെത്തി. അപ്പോഴേക്കും രാത്രി രണ്ടു മണിയായി. ഡോക്ടർ വരണമെങ്കിൽ അര മണിക്കൂർ എടുക്കും. എന്നോട് ശ്വാസം അമര്ത്തിപ്പിടിച്ചു കിടക്കാൻ പറഞ്ഞു.

ഉമ്മച്ചി കയ്യിലെ വളയും മോതിരവുമെല്ലാം നേര്ച്ച്ച നിരന്നു. അനിയത്തി അടുത്തിരുന്നു തല തടവി മന്തിരിക്കുന്നു. ഞാൻ എല്ലാം മറന്നു മരണ വേദനയും പ്രതീക്ഷിച്ചു അസ്മാഉൽ ഹുസ്ന ചൊല്ലികൊണ്ടേ കിടന്നു. അവസാനം ഡോക്ടർ വന്നു. ലേബര് റൂം റെഡി ആയി. പരിശോധിച്ചു കൊണ്ടിരുന്നപ്പോൾ എന്നോട് ശ്വാസം വിടാൻ പറഞ്ഞു. റൂമിലേക്കൊന്നും കയറ്റേണ്ടി വന്നില്ല. അപ്പോളതാ കുഞ്ഞിന്റെ കരച്ചിൽ കേള്ക്കുന്നു. ഞാൻ അടുത്താരെങ്കിലും പ്രസവിച്ചതാകുമെന്നു കരുതി തല തിരിച്ചു കണ്ണു തുറന്നു നോക്കി.

ഉമ്മച്ചിയുടെ കയ്യിൽ വലിയ കണ്ണുള്ള ഒരു കുഞ്ഞ്. ഞാൻ പ്രസവിച്ചോ? അപ്പോൾ മരണ വേദന. എന്തായാലും പ്രസവിച്ചു. നോർമലായിരുന്നു. പക്ഷേ സർട്ടിഫിക്കറ്റിൽ അവർ സിസേറിയാൻ എന്നെഴുതി തന്നു. മാനസിക വേദനയും അവഗണനയുടെ വേദനയും ഒരുപാടനുഭാവിച്ച്ചത് കൊണ്ട് അല്ലാഹു നിനക്ക് പ്രസവേദന തന്നില്ലെന്നു കൂട്ടിയാൽ മതി. അതല്ലെങ്കിൽ നീ അല്ലാഹുവിനെ വിളിച്ചതിന്റെ തീവ്രത കൊണ്ട്. ഉമ്മച്ചി പറഞ്ഞു.

അറിയില്ല, മരണ വേദന എങ്ങിനെ ആണെന്ന്, ശരീരവും ആത്മാവും തമ്മിലുള്ള വേർ പിരിയലാണു മരണം. ഓരോ നിമിഷവും അവർ പരസ്പരം പറയുമത്രേ " എന്റെ റൂഹേ, എന്റെ തടിയേ, നമ്മൾ തമ്മിൽ പിരിഞ്ഞാലുള്ള അവസ്ഥ എന്തെന്നു". ഇസ്ലാമിൽ മരണവും മരണാനന്തരവും ഭീകരമാണു. ഒരമ്മയ്ക്ക് കുഞ്ഞ് ആത്മാവിന്റെ ഭാഗമാണു. അല്ലെങ്കിൽ ആത്മാവ് തന്നെയാണു. അത് ശരീരത്തിൽ നിന്ന് വേര്പിരിയുന്ന നിമിഷമായതിനാലാവാം പ്രസവം മരണ തുല്യമാകുന്നതു.

അല്ലാഹുവേ, പ്രസവ വേദന നീ ഇല്ലാതാക്കിയത് പോലെ നീ മരണവേദനയും എനിക്കന്യമാക്കണേ . ഇന്നെന്റെ പൊന്നോമന മകന്റെ കണ്‍ പോളയിലൊരു തടിപ്പ് വന്നെന്നു കേട്ടപ്പോൾ ദൂരെയിരുന്നെന്റെ മനസ്സെത്ര ഉരുകിയെന്നു നിനക്കറിയാമല്ലോ? നഴ്സ് പറഞ്ഞു, എന്ത് സ്നേഹം ഉള്ള ഭര്ത്താവ്, അദ്ധേഹം അത്ര നേരവും ഫോണിൽ വിശേഷം തിരക്കി കൊണ്ടേയിരുന്നു. ഏ. സി റൂമും സൌകര്യങ്ങളെല്ലാം നല്കാൻ പറഞ്ഞു. അങ്ങിനെ പ്രസവ ശേഷം ഏ.സി റൂമിലേക്ക്‌ മാറ്റി. രാവിലെ ഭര്ത്താവ് വിളിച്ച് പറഞ്ഞു, " Give his name as ASIM ABDUL KHADEER. ASIM MEANS PROTECTOR. HE WILL PROTECT YOU EVEN IF I AM NOT THERE".

അങ്ങിനെ തന്നെ സംഭവിച്ചു. ഞാൻ അമ്മയായി. കദീർ അച്ഛനും. മാതൃത്വം സത്യമെന്നും പിതൃത്വം മിഥ്യ എന്നും ഞാൻ കേട്ട വരികൾ സത്യമായിരുന്നോ? കദീർ ആസിമിന്റെ പേരിലുണ്ട്, കഴിഞ്ഞ പത്തു വര്ഷമായി കൂടെയില്ല........