cyberjalakam.com

ജാലകം

Saturday, November 20, 2010

എന്റെ ഉള്ളില്‍ കാറാണ്‌

ഇന്നലെ രാത്രിയിലും ആ വെളുത്ത കാര്‍ എന്റെ അടുത്തു വന്നു നിര്‍ത്തി.
കയ്യാലയ്ക്കും റോഡിനുമിടയിലുള്ള ഇത്തിരിയകലത്തില്‍ അവരെന്നെ പിടിച്ചതിനകത്താക്കി.
തുറന്നു നോക്കാന്‍ എനിക്ക് കണ്ണുകളില്ലായിരുന്നു, അതവര്‍ കുത്തിയെടുത്തിരുന്നു.
അനക്കാന്‍ ശരീരവും , പണിതീരാത്ത ഏതോ കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളിലായിരുന്നു അത്.
മനുഷ്യാസ്ഥി ഇട്ടാല്‍ കെകെട്ടിടത്തിന്‌ ബലം കൂടുമത്രേ.

വെള്ളക്കാറില്‍ വരുന്നത് പിള്ളേരെ പിടുത്തക്കാരാണ്.
അവര്‍ കുട്ടികളുടെ കണ്ണ്കുത്തി, കൈവെട്ടി, മുഖഠ ആസിഡൊഴിച്ചു ഭീകരമാക്കി പിച്ചക്കാരാക്കുഠ,
അല്ലെങ്കില്‍ കെട്ടിടങ്ങള്‍ക്ക് ബലമുണ്ടാക്കും.
എന്തിനാണ് ഞാന്‍ ഈ നേരത്ത് റോഡില്‍ വന്നത്.പിന്നെന്തു ചെയ്യും?
എന്റെ പള്ളിക്കൂടം ഒരുപാട് ദൂരത്തിലാണ്. വഞ്ചിക്കാരന്റെ ക്രൌര്യഠ കാണണം.
ഇന്നു ഞാന്‍ വൈകിപ്പോയി, ആരുമില്ലായിരുന്നൂ വഞ്ചിയിലും .
വഞ്ചി കടന്ന് പള്ളിക്ക് മുമ്പിലൂടെയുള്ള ചെമ്മണ്‍ പാത കഴിഞ്ഞാലാണ് കാറ് വരുന്ന റോഡുള്ളത്.

പള്ളിയുടെ അടുത്തെത്തുമ്പോഴും മനസ്സില്‍ പേടി തോന്നും.
ദൈവത്തിന്ടെ വീടാണെങ്കിലും പരേതാത്മാക്കളാണല്ലോ അവിടെയും .
പ്രേതങ്ങളെ എല്ലാവര്‍ക്കുഠ പേടിയാണ്.ശവത്തെ അതിലേറെയുഠ.
ഈ ശ്വാസമൊന്നു നിലച്ചാല്‍ പേടിപ്പേടുത്തുന്നവരാണ്, നാമെന്ന് ഒരിക്കലുഠ ഓര്‍ക്കാറില്ലല്ലോ നമ്മളാരുഠ.
പള്ളിയുടെ മുമ്പിലേത്തുമ്പോള്‍ തട്ടഠ വലിച്ചിട്ട് ആയത്തുല്‍ കുര്‍സി ഓതി ഒറ്റ ഓട്ടമാണ്.

അങ്ങിനെ മെയിന്‍ റോഡിലെത്തി.
അവിടെ നിന്നുഠ വലത്തോട്ടു നടക്കണഠ, പള്ളിക്കൂടത്തിലേക്ക്.
മിനിട്ടറിയാന്‍ എനിക്ക് വാച്ചൊന്നുമില്ല.
കുറെ നടക്കുമ്പോള്‍ ഒരു കയറ്റമുണ്ട്.രണ്ട് വശത്തുഠ റബ്ബര്‍ തോട്ടമാണ്, നോക്കെത്താദൂരഠ വരെ.

ആ കയറ്റത്തിലാണ്, വെള്ളക്കാറുഠ ഞാനുമുള്ളത്.
ലൂഡിനകത്തു കയറി ലൈറ്റിട്ടപ്പോള്‍ കണ്ണുകളറിയാതെ തുറന്നു.
എന്നെ പിള്ളേരെപിടുത്തക്കാരു പിടിച്ചില്ലായിരുന്നോ?
ഞാന്‍ തപ്പിനോക്കി.
ഇല്ല, എന്ടെ ബെഡ്ഡിലെ ഡബിള്‍ പുതപ്പിനുള്ളിലെ എന്നെ കണ്ടപ്പോള്‍ ലോകത്തിലെ ഏറ്റവുഠ സന്തോഷവതി ഞാനായിരുന്നു.എനിക്ക് ഉറക്കെ വിളിച്ചു കൂവാന്‍ തോന്നി.

ഇന്ന് ഞാന്‍ പിള്ളയല്ല, തള്ളയാണ്.
എന്നിട്ടുഠ അവരെന്തേ എന്നെ വിടാത്തത്.
കടലുഠ കടന്ന്, ആയിരഠ നാഴികകള്‍ക്കപ്പുറമെത്തിയിട്ടുഠ
ഈ വെള്ളക്കാര്‍ എന്നെ പിന്തുടരുന്നതെന്തേ?

എന്നാണ് ഞാനാദ്യഠ ഇവരുടെ കണ്ണില്‍ പെടുന്നത്?
അന്നൊരു ഞായറാഴ്ചയാരിന്നു.
സ്കൂളില്ലാത്ത ദിവസഠ ഞാന്‍ അനിയത്തിയുമൊത്ത് അമ്മായിയുടെ വീട്ടില്‍ പോകാനിറങ്ങി.
പുഴയം പള്ളിയും കയറ്റവും കടന്ന്, നുണക്കഥകളുഠ പറഞ്ഞ് ചിരിച്ച് നടക്കുമ്പോളാണ്, ആവെള്ളക്കാര്‍ അടുത്തുള്ള തിരിവില്‍ നിര്‍ത്തിയത്.

ഡോറിന്ടെ ചില്ലു തുറന്ന് ചുമന്ന സാരിയുടുത്ത ഒരു സ്ത്രീ ഞങ്ങളെ കൈ കാണിച്ചു വിളിച്ചു.
"സീനാ, ഓടിക്കോ, പിള്ളേരെപ്പിടുത്തക്കാര്‍ "വെള്ള കാറുഠ പിള്ളേരെപ്പിടുത്തക്കാരുമെല്ലാഠ പ്രസിദ്ധമായ കാലമായിരുന്നു അത്.

ഉച്ചനേരമായതിനാല്‍ റോഡ് വിജനമായിരുന്നു.
ഞങ്ങള്‍ അടുത്തു കണ്ട ഒരിടവഴിയിലേക്കോടി.
കുറെ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍ കാറുമതാ ഞങ്ങളുടെ പുറകെ.
നേരെ ഓടിയാല്‍ രക്ഷയില്ല.അരികിലുള്ള പാടത്തേക്കെടുത്തു ചാടി.
പിടഞ്ഞെഴുന്നേറ്റു, അറിയാവുന്ന സ്വലാത്തെല്ലാം ഉറക്കെ ചൊല്ലി നേര്‍ത്ത വരമ്പിലൂടെ ഓടി.
ഭാഗ്യഠ, ചെരിപ്പ് ഹൈഹീല്‍ഡായിരുന്നില്ല അന്ന്.

ദൂരെയൊരു നീല പെയിന്റടിച്ച വീടു കണ്ടു, അതിനരികില്‍ ഒരു വൈക്കോല്‍ കൂനയുഠ.
ഞങ്ങളതിനു മറവില്‍ പതുങ്ങിയിരുന്നു.
കുറേ കഴിഞ്ഞു തല പൊക്കിനോക്കിയപ്പോള്‍ ചുമന്ന സാരിയുടുത്ത സ്ത്രീ കാറിനുള്ളിലേക്ക് തിരിച്ചു കയറുന്നു.
കാറുഠ പതുക്കെ സ്ഥലഠ വിട്ടു.

പിന്നീടൊരുപാടു വര്‍ഷഠ വിജനമായ ആ വഴിയിലൂടെ ഒറ്റക്ക് നടക്കേണ്ടി വന്നിട്ടുണ്ട്.
അപ്പോഴെല്ലാഠ എന്റെ കൂടെ ഈ വെള്ളക്കാറുമുണ്ടായിരുന്നു.
ഞാന്‍ കാറിനുള്ളിലായിരുന്നില്ല.
എന്റെ ഉള്ളില്‍ കാറായിരുന്നു.

Saturday, November 13, 2010

പ്രവാസിയെന്നാല്‍

ഫോണിലൂടെ ഇന്നവന്‍ പറഞ്ഞു,
"മമ്മീ, ആച്ചൂനിന്ന് ചാറ്കിട്ടീലോ"
എന്താ കിട്ട്യാ?"ചാറ്".
എനിക്ക് മനസ്സിലായില്ല, "ചാറ്, ചാറ്, ചാറ്",അവന്‍ വീണ്ടുംവീണ്ടും പറഞ്ഞുനോക്കി.
പിന്നെയും ചോദിച്ചപ്പോളവന്‍ ദേഷ്യം വന്നു.
"കുന്തം മമ്മീം മമ്മീടൊരു ചെവീം"
അവന്‍ ഫോണ്‍ വലിച്ചെറിഞ്ഞിട്ടിട്ട് പോയി.

ആകാംക്ഷയില്‍ അനിയത്തിയോട് ചോദിച്ചു, അവനെന്താ കിട്ടിയതെന്ന്.
ചിരിയടക്കി അവള്‍ പറഞ്ഞു,അവന്, സ്റ്റാര്‍ കിട്ടി,
നോട്ട് ബുക്കില്‍, 'ബി'യും 'സി'യും, പിന്നെ വണ്ണും ടുവും എഴുതിയതിന്.

എനിക്ക് സങ്കടം വന്നു.
നക്ഷത്രങ്ങളും ചുമന്നെന്ടെ മോന്‍ ,മിന്നിമിന്നിയെത്തുന്നത് കാണാന്‍ "നുനീ',
നിന്ടെ മമ്മിയിന്നവിടില്ലല്ലോ
നക്ഷത്രങ്ങളേക്കാളും ദൂരത്തിലല്ലേ മമ്മിയിന്ന്.

ഓരോ മനുഷ്യാത്മാവും ശരീരത്തില്‍ നിന്ന്
വേര്‍പ്പെടുമ്പോള്‍
ആകാശത്ത് ഒരു നക്ഷത്രം കൂടി മുളയ്ക്കുമത്രേ.
അവരവിടിരുന്ന് പ്രിയപ്പെട്ടവരെയെല്ലാംകാണുന്നുണ്ടു പോലും.

മമ്മി "ദുംബായി"ലാണെന്ന് നിനക്കറിയാം.
ദുംബായിലേക്കുള്ള വഴി ആകാശത്തിലൂടാണെന്നും
വിമാനത്തിന്ടെ ആകാശത്തു നിന്ന് കേള്‍ക്കുമ്പോള്‍ ,
മുറ്റത്തിറങ്ങി നീ തുള്ളിച്ചാടാറുണ്ട്, മമ്മിയെ കാണാനല്ലേ.

ഒത്തിരി വിശേഷങ്ങള്‍ ചൊല്ലാനുണ്ടാവും
നിനക്ക്ചായപ്പെന്‍സിലിന്ടെ മുനയൊടിഞ്ഞത്,
ലാപ്ടോപ്പിന്ടെ ബാറ്ററി തീര്‍ന്നത്,
ബുക്ക് കീറിയപ്പോള്‍ ഇത്താത്ത പിച്ചിയത്.

ഒന്നും പറയാനാവാതെ നീ പടികയറിപ്പോകുന്നത് മമ്മിക്ക് കാണാം കുട്ടാ
വല്ലപ്പോഴുമൊരിക്കല്‍ പുറത്ത് പോകുന്ന
ഉമ്മച്ചിയെ കാത്ത് ഞാനുമീ നില്പ് നിന്നിട്ടുണ്ട്.

എന്നാലും നിനക്ക് ദുബായില്‍ വരണ്ടല്ലോ?

നിനക്കറിയോ?
നിന്ടെ മമ്മിയും ഒരു പ്രവാസിയാണിന്ന്.
എന്താണ് പ്രവാസിയെന്നോ?

ആത്മാവു പേറുന്ന നക്ഷത്രത്തിന്, ശരീരമില്ല.
പക്ഷേ പ്രകാശപൂരിതമാണ്.
പ്രവാസിക്ക് ശരീരമുണ്ട്,
ആ ശരീരത്തിനകത്തെ ആത്മാവ് നിര്‍വ്വികാരമാണ്,
നിസ്സംഗ്ഗമാണ്,
അന്ധകാരപൂര്‍ണ്ണമായ ശൂന്യതയാണ്.

നീ അറിയുന്ന ദുബായിയില്‍ ,
വര്‍ണ്ണച്ചില്ലുകളും സ്റ്റീലും പൊതിഞ്ഞ കുറേ കെട്ടിടങ്ങള്‍ മാത്രമേയുള്ളൂ.
അവയ്ക്കുള്ളില്‍ കുറേ ക്രിസ്റ്റല്‍ വിളക്കുകളുമുണ്ട്.
അവയാണീ നാടിന്ടെ ജീവാത്മാവും പരമാത്മാവും.

ചില്ലുപൊതിഞ്ഞ കൂടാരങ്ങളില്‍ ശീതീകരണിയുണ്ട്.
അതുകൊണ്ട് മനുഷ്യവാസത്തിന്‍ തകരാറില്ല.
റോഡിലും വീടിലുമെല്ലാം മനുഷ്യരെപ്പോലെ തോന്നിക്കുന്നവരുണ്ട്.
കറുത്തവരും വെളുത്തവരും
കറുകറുത്തവരും വെളുവെളുത്തവരുമുണ്ട്.
പല ഭാഷ സംസാരിക്കുന്നവര്‍ ,
പല വേഷം ധരിക്കുന്നവര്‍ .

ആത്മാവ് സ്വാര്‍ത്ഥമാകുമ്പോഴാണ്,
മനുഷ്യന്‍ വെറും രൂപമാകുന്നത്.

പിന്നെയെന്തിനാ മമ്മിയിവിടെ കഴിയുന്നതെന്നോ?
പ്രതീക്ഷകളാണ് കുഞ്ഞേ,
എല്ലാവരേയും പോലെ ഇവിടെ നില്‍ക്കാന്‍ മമ്മിയേയും പ്രേരിപ്പിക്കുന്നത്.

പ്രതീക്ഷകളില്‍ വസിക്കുന്നവനെയാണോ
പ്രവാസിയെന്നു വിളിക്കുന്നത്?

Thursday, November 11, 2010

പൊക്കിള്‍ കൊടിയുടെ ബന്ധം

ഉമ്മിച്ചി പ്രാകാത്ത ഒരൊറ്റ ദിവസം പോലും എന്ടെ ചെറുപ്പത്തിലില്ലായിരുന്നു. എന്ത് ചെയ്തോട്ടേ എന്ന് ചോദിച്ചാലും ഒരേ ഉത്തരം. വേണ്ട," നീ പെണ്ണാണ്, അല്ലെങ്കില്‍ നമ്മള്‍ മുസ്ലിമീങ്ങളാണ്."
അന്നു ഞാന്‍ തീരുമാനിച്ചു, ചോദിച്ചാലല്ലേ പ്രശ്നമുള്ളൂ. ആദ്യം ചെയ്യുക, പിന്നെ വേണമെങ്കില്‍ പറയുക. അന്നുമുതല്‍ "ഞാന്‍ തന്ടേടിയായി. തന്നിഷ്ടക്കാരിയായി. ഇവളുടെ തലയിരിക്കുന്നിടത്ത് കഴുത്ത് വന്നാല്‍ ഭൂലോകം പുല്ലുകഞ്ഞിയാക്കുമെന്ന് അയല്‍ പക്കത്തെ താത്ത പ്രവചിക്കുകയും ചെയ്തു."
വലുതായപ്പോള്‍ പഠിക്കാന്‍ പോയിത്തുടങ്ങി. കോളേജും ലൈബ്രറിയുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് ചിലപ്പോള്‍ പത്ത് മണിയാകും. ആദ്യം ഇടവഴിയില്‍ കാത്ത് നിന്ന്, സമയം കൂടുന്തോറും അത് ബസ് സ്റ്റോപ്പിനടുത്തേക്കെത്തും. ബസ്സിറങ്ങി വീട്ടിലെത്തും വരെ നല്ല സൌഹൃദത്തിലായിരിക്കും ഉമ്മിച്ചി. വീട്ടിലെത്തി ചെരിപ്പെല്ലാം ഊരി ഒന്നിരിക്കാനായി ഭാവിക്കുമ്പോളതാ കയ്യിലൊരു പുളിങ്കൊമ്പുമായി തള്ളച്ചി.

"നിന്നെ ഏതവളാടീ, ഈ പാതിരാത്രി പഠിപ്പിക്കുന്നത്. " പഠിപ്പിക്കുന്നത്, അവളല്ല,ഭാരതീയ വിദ്യാഭവനിലെ ജേര്‍ണലിസം സാറ് അവനാണ്, ക്ലാസ് കഴിയുന്നത് എട്ട് മണിക്കാണ്, ബസ് കിട്ടി വീട്ടിലെത്തുമ്പോള്‍ ഇത്ര നേരമാകും എന്നെല്ലാം എന്നും പറയുന്നതാണ്. പറയും മുമ്പേ വീണിരിക്കും അടി പുറം വഴി.വെല്ലുമ്മിച്ചി വീട്ടിലുണ്ടിങ്കില്‍ സാരമില്ലായിരുന്നു. വെല്ലുമ്മിച്ചിയുടെ മറവില്‍ പറ്റിക്കിടന്നാല്‍ അടിക്കാന്‍ ഉമ്മിച്ചിക്ക് ധൈര്യമില്ല.

"തൊട്ടുപോകരുതെന്ടെ കൊച്ചുങ്ങളെ". വെല്ലുമ്മിച്ചി പറയും.
നിങ്ങടെ കൊച്ചുങ്ങളോ, അതേതു വകുപ്പിലാ?."
എന്ടെ മോന്ടെ കൊച്ചുങ്ങളാ,
"നിങ്ങടെ മോന്ടെ കൊച്ചുങ്ങള്, നിങ്ങടെ കൊച്ചുങ്ങള്, അതുപോലെ ഞാന്‍ പ്രസവിച്ച കൊച്ചുങ്ങള്, എന്ടെയാകാത്തതെന്തേ?

അമ്മായിയമ്മയ്ക്കും മരുമകള്‍ക്കുമിടയിലെ കാലത്തിനു പോലും ഉത്തരം കിട്ടാത്ത ഈ അവകാശവാദത്തിനുമുമ്പില്‍ എന്ടെ വൈകിവരവും തല്ലലുമെല്ലാം ഉമ്മിച്ചി മറന്നു പോകും.

അനിയത്തിയപ്പുറത്തിരുന്നു കരഞ്ഞുകൊണ്ട് പറയും, നിന്ടെയൊടുക്കത്തെ പഠിത്തം കാരണം ഒരു ദിവസം പോലും സ്വൈര്യമില്ല, ഈ കുടുംബത്തില്‍ .
വെല്ലുമ്മിച്ചിയില്ലെങ്കില്‍ എന്ടെ വിധിയാണ്.
അടിയും പ്രാക്കുമെല്ലാം കഴിഞ്ഞ് കയ്യിലെയും തുടയിലെയും പാടെണ്ണിനോക്കുന്ന എന്നെ കാണുമ്പോള്‍ ഉമ്മിച്ചിക്ക് പാവം തോന്നി പറയും.

" പെറ്റ തള്ളയ്ക്കാടീ അതിന്ടെ ദെണ്ണമറിയൂ".
എല്ലാ ദേഷ്യവും സങ്കടവും സടയുണര്‍ത്തി ഞാന്‍ പറയും. "ഒടുക്കത്തെ ഒരു പെറ്റ തള്ള. നിങ്ങളോട് ഞാന്‍ പറഞ്ഞോ എന്നെ പ്രസവിക്കാന്‍ . എന്ടെ അനുവാദമില്ലാതെ എന്നെയെന്തിന് പ്രസവിച്ചു. പൊക്കിള്‍ ക്കൊടിയുടെ ബന്ധം പറഞ്ഞ് എന്ടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്ന ഈ നരകത്തില്‍ നിന്ന് ഞാനെങ്ങോട്ടെങ്കിലും പോവുകയാണ്".

അപ്പോള്‍ ഉമ്മിച്ചി ആകാശത്തേയ്ക്ക് കൈകളുയര്‍ത്തി ഒരു തേട്ടമുണ്ട്.
" പടച്ചവനേ, കല്യാണം കഴിച്ചില്ലെങ്കിലും ഇവള്‍ക്ക് നീയൊരു കുഞ്ഞിനെ കൊടുക്കണേ. ഈ വിഷമം ഇവളൊന്നറിയണേ."ഞാന്‍ മനസ്സില്‍ പറയും.
വിവാഹമോചനത്താല്‍ വേര്‍ പിരിയുമെന്ന് പേടിച്ച് വിവാഹമേ വേണ്ടെന്നു വെച്ചിരുന്ന കാലമായിരുന്നു, അത്.

കുഞ്ഞിന് സുഖമില്ലാതെ ഒരാഴ്ച ആശുപത്രിയിലായിരുന്നു. എങ്ങിനെയിരിക്കുന്നുവേ ആവോ അവനിപ്പോള്‍ . ക്ഷീണിച്ചിട്ടുണ്ടാകുമോ. അടുത്തുണ്ടായിരുന്ന ഒരാഴ്ച മുഴുവനും അനങ്ങാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചായിരുന്നു, കിടന്നത്.
ഇന്നെന്തോ ഉറക്കം വരുന്നില്ല. വീട്ടിലേക്ക് വിളിച്ചു. മോനുറങ്ങുകയാണ്, എന്നാലും. അനിയത്തി ഫോണെടുത്ത് ഉമ്മിച്ചിയ്ക്ക് കൊടുത്തു. ഉമ്മിച്ചീ, എനിക്കെന്ടെ മോനെയോര്‍ത്ത് ഉറക്കം വരുന്നില്ല. ...അവസാനം.
നിന്ടെ മോനിവിടെ സുഖമാണ്, ഞങ്ങളവനെ പൊന്നു പോലെ നോക്കുന്നുണ്ട്. എന്നിട്ട്,
"ഇതാ മോളേ പണ്ട് ഉമ്മിച്ചി പറഞ്ഞ പെറ്റ വയറിന്ടെ ദെണ്ണം.നീ പണ്ട് വലിച്ചെറിഞ്ഞിട്ട്, ഗംഗയിലും ഹിമാലയത്തിലുമൊക്കെ പോയില്ലേ, അതേ പൊക്കിള്‍ കൊടിയുടെ ബന്ധം".

Sunday, November 7, 2010

സ്നേഹത്തിനും കന്യകാത്വമോ?

മറക്കാന്‍ പറഞ്ഞ കണക്കുകളുടെ കൂട്ടത്തില്‍ നീ എടുത്തു പറഞ്ഞില്ലേ, കന്യകയൊന്നുമല്ലല്ലോ?
എന്നാണു ആദ്യമായി കന്യകാത്വത്തെ കുറിച്ചു കേട്ടത് അത് വയലാറിന്റെ രാവണപുത്രിയിലാണ്,
"എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമ" എന്ന് ആക്രോശിച്ചു ശപിച്ചു ചൊല്ലിയപ്പോഴോന്നും ഓര്‍ത്തില്ല, അതിത്ര വലുതാണെന്ന്.
ശരിയായിരുന്നു, അതും എനിക്ക് നഷ്ടമായി, നീണ്ട മുപ്പത് വര്‍ഷം ഞാന്‍ സൂക്ഷിച്ച എന്ടെ കന്യകാത്വം.
ഞാന്‍ പതിവ്രതയുമല്ല.
വിവാഹമോചിതയ്ക്കെങ്ങിനെ പതിവ്രതയാകാനാകും?
നഷ്ടപ്പെട്ടതോര്‍ത്തു ദുഃഖിക്കാന്‍ ഞാനൊന്നും സമ്പാദിച്ചില്ലല്ലോ?
സമര്‍പ്പണം പാതിവ്രത്യത്തിന്ടെ ഭാഗമായിരുന്നല്ലോ?
ഒന്നുമില്ലെങ്കിലും ഞാനൊരു സ്ത്രീയായില്ലേ.
സ്ത്രീയാകണമെങ്കില്‍ പ്രസവിക്കണം, അമ്മയാകണം.
ഞാനറിയാതെ പണ്ടെന്റെ ബാഗ് പരിശോധിക്കുന്നതിനിടയില്‍ ഹബീബു പറഞ്ഞു, ലോകത്തില്‍ ഏതു സ്ത്രീയുടെ ബാഗില്‍ നോക്കിയാലും കാണാം, ഒരു വര്‍ഷത്തിനപ്പുറം പഴക്കമുള്ള പലതും, അത് ശരിയാണോന്നു നോക്കിയതാ, എന്നിട്ടോരാത്മഗതവും, "എന്തായാലും സക്കീന സ്ത്രീയല്ലല്ലോ, സ്ത്രീയാകണമെങ്കില്‍ അമ്മയാകണം"
ആത്മാഭിമാനത്തിന് അന്നേറ്റ മുറിവില്‍ പ്രതിന്ജ എടുത്തു, വിവാഹം കഴിച്ചില്ലെങ്കിലും എനിക്ക് പ്രസവിച്ച്ചേ മതിയാകൂ. സ്ത്രീയുടെ അവകാശവും വനിതാബില്ലും ഏകാസിവില്‍ കോടുമെല്ലാം പത്രത്തില്‍ എഴുതി നടന്ന കാലത്ത് ഒരു സ്ത്രീ പോലുമല്ല എന്ന അറിവെന്നെ കുറച്ചൊന്നുമല്ല അലട്ടിയത്, അവിടെ മുതലാണ്‌, വിവാഹം എന്ന സ്വപ്നം ജീവിതത്തില്‍ ആദ്യമായി കടന്നു വന്നത്.
അതേ, മാതൃത്വമാണ് ഏറ്റവും വലിയ അനുഭൂതി, ഏറ്റവും വലിയ സത്യവും.
അവകാശങ്ങളെല്ലാം പൈതൃകത്തിനു ദാനം ചെയ്യാനുള്ള മഹാമനസ്കത. .

കന്യകാത്വം കാത്തു സൂക്ഷിക്കാന്‍ വരുവാനിരിക്കുന്ന ഭര്‍ത്താവില്ലല്ലോ ഇന്നെനിക്ക്.
വേദപുസ്തകങ്ങളിലും കേട്ടുകേള്‍വിയിലും പ്രവാചകമനസ്സറിയുമ്പോഴും
പ്രബോധനത്തിലൂടെ സ്വര്‍ഗ്ഗീയ സ്വപ്നം കാണുമ്പോഴും കൂട്ടുകാ‍രാ, നീയോര്‍ക്കുക്.
കാണാതെ പോയ എന്ടെ മനസ്സിനെ,
തട്ടിയെടുക്കാനില്ലാതെ പോയ എന്ടെ കന്യകാത്വത്തെ.
കന്യകയല്ലാത്തത് വിധവയാകും പോലൊരു തെറ്റല്ലാത്തത് നന്ന് .

വിധവയേക്കാള്‍ നികൃഷ്ടയാണല്ലോ വിവാഹമോചിത.
ശരീരത്തിനപ്പുറം ബന്ധങ്ങളില്ലാത്ത നമ്മുടെ ലോകത്ത് കവിയും ഭാവനയും കലയുമെല്ലാം മിഥ്യ.
ഒരിക്കല്‍ സ്നേഹിച്ച മനസ്സിന് വീണ്ടും സ്നേഹിക്കാനാവില്ലെന്നനിന്ടെ നിര്‍വ്വചനം കന്യകാത്വം പോലൊരു മിഥ്യയോ?

വിധി വിലക്കുകള്‍ സ്ത്രീ മനസ്സിനല്ലേ?
പര്‍ദ്ദകൊണ്ടു മൂടിയ ശരീരത്തിനപ്പുറം കാണുന്ന കണ്ണുകള്‍ക്കപ്പുറം
മരിക്കാത്ത മനസ്സിന് പുനര്‍ജ്ജന്മം പോലുമില്ലല്ലോ?
അടുത്ത ജന്മത്തിലെങ്കിലുമെനിക്കു സ്നേഹിക്കാന്‍.
സ്നേഹത്തിനും കന്യകാത്വമോ?