cyberjalakam.com

ജാലകം

Thursday, June 23, 2011

അദ്ധ്യായം ഒന്ന് - മഹര്‍

ഇന്ന് ജൂണ്‍ ഇരുപത്തിമൂന്ന്, പത്തു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇതുപോലൊരു സായന്തനത്തിലാണ് നാം ഒന്നേ ചേര്‍ന്നത്‌,
ഒരുപാട് കാത്തിരിപ്പിനും നെടുവീര്‍പ്പുകള്‍ക്കും ശേഷം ഒരിക്കല്‍ കൂടി മാത്രം ഈ ഓര്‍മ്മകളെ താലോലിക്കട്ടേ.
അവയെ ഞാനിവിടെ ഉപേക്ഷിക്കുകയാണ്. എനിക്കെന്നെ തിരികെ വേണം.
കൂട്ടിച്ചേര്‍ത്ത ഇഴകളെ നീ വേര്‍പ്പിരിച്ചപ്പോള്‍ ഞാനെന്ടെ കണ്ണീരെന്ന തപസ്സിനാല്‍ ഒട്ടിച്ചു നോക്കി.
ഇല്ല മിയാ, ഇനി നീ വരില്ല, അതുകൊണ്ട്ഞാന്‍ പോകുകയാണ്, എന്നിലേയ്ക്ക്. എന്ടെ കണ്ണീര്‍ വറ്റിത്തീര്‍ന്നു.

മാട്രിമോണിയല്‍ ഡോട്ട് കോമില്‍ തമാശ കളിച്ചതായിരുന്നു, ഞാനന്ന്.
എങ്ങിനെയിരിക്കുമൊന്ന് പ്രൊഫൈലിട്ടാല്‍.അങ്ങിനെ പ്രൊഫൈലിട്ടു.
അന്നൊരു മെയ് പതിനാറാം തീയതിയായിരുന്നു.
കൂട്ടുകാരിയെ ഇന്റര്‍നെറ്റ് പഠിപ്പിക്കാന്‍ വന്നതായിരുന്നു കഫേയില്‍. കഫേയിലെ കൂട്ടുകാര്‍ കാണിച്ചുതന്ന പുതിയ സൈറ്റായിരുന്നു മാട്രിമോണിയല്‍ ഡോട്ട് കോം.
"ചേച്ചീ, ഒന്നു പരീക്ഷിച്ചാലോ. കിട്ടിയാലൊരു കല്യാണം കൂടാ‍മല്ലോ". അവര്‍ തമാശിച്ചു. അങ്ങിനെ ഞാന്‍ പ്രൊഫൈലിട്ടു. അതായിരുന്നു, നമ്മുടെ ബന്ധത്തിന്ടെ തുടക്കം.
പിറ്റേന്ന് മെയില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു മറുപടി. ഒരേ ഒരു മറുപടി.
"I am very much interested in your profile. Please check mine."

ചെറുപ്പത്തിലേ ഒരു സങ്കല്പമുണ്ടായിരുന്നു. ഒരുപാട് പ്രായവ്യത്യാസമുള്ള ആളെ കല്യാണം കഴിച്ചാല്‍ ഒരുപാട് സ്നേഹം കിട്ടുമെന്ന്.
വാപ്പിച്ചി കാണാതെ പാഠപുസ്തകത്തിലൊളിപ്പിച്ച് വച്ച് വായിച്ച മിത്സ് & ബൂണ്‍സിന്ടെ സ്വാധീനമാണോ ആവോ.
എന്തായാലും പ്രൊഫൈലില്‍ പതിനഞ്ച് വയസ് പ്രായവ്യത്യാസം വേണമെന്ന് കാണിച്ചിരുന്നു.
അങ്ങിനെ കദീര്‍ എന്ടെ കാഴ്ചപ്പാടിലെ ഉത്തമ വരനായിരുന്നു.
ഞാനെഴുതി" I am also interested in your profile".

പിന്നെ മെയിലുകളുടെ പ്രവാഹമായി. പിറ്റേ ദിവസം അഞ്ചു മെയില്‍ നീ അയച്ചു.
കൂടെ ഫോട്ടോയും.എന്ടെ ഫോട്ടോ അയയ്ക്കാന്‍ ഒരു റിക്വസ്റ്റും.
ഞാന്‍ ഫോട്ടോ എടുത്തയച്ചു. പരസ്പരം ഇഷ്ടപ്പെട്ടു.
വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പൊന്നുമുണ്ടായില്ല.
മുപ്പത് വയസ്സു വരെ കല്യാണമേ കഴിക്കില്ലെന്ന്പ്രതിഞ്ജ ചെയ്തവള്‍ ആരെയെങ്കിലുമൊന്ന് കെട്ടാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍.
ഒന്നുമില്ലെങ്കിലും സ്വന്തം ജാതിയുമാണല്ലോ, അവര്‍ കരുതി.
ഞാന്‍ പ്രതിഞ്ജ ചെയ്ത പോലെ സ്ത്രീധനം വേണ്ട.
പകരം മഹറായി സ്തീധനം ഇങ്ങോട്ട് തരണമത്രേ അവര്‍ അറബികളായതിനാല്‍.
“എത്ര ലക്ഷം വേണം മഹര്‍.”?
“എനിക്കൊന്നും വേണ്ട, ഞാന്‍ പൊരുത്തപ്പെട്ടോളാം”. ഞാന്‍ മറുപടി എഴുതി.
"അതിന് ഞാനൊരു ഫക്കീറല്ല. സെക്യൂരിറ്റിയായി കൂട്ടിക്കോളൂ. "

"I will give you land or building wherever you want".
"എനിക്കൊന്നും വേണ്ട. I just need your love."
"yes baby, that will be there, i will love you too much."

അവസാനം ഒരു ലക്ഷം ക്യാഷായും ഒരു ലക്ഷം ചെക്കായും മുപ്പത്തഞ്ചു പവന്‍ സ്വര്‍ണ്ണമായും മഹറുറപ്പിച്ചു. ജമാ‍അത്തില്‍ ഇത്രയും മഹര്‍ പെണ്ണില്‍ നിന്ന് വാങ്ങാതെ കൊടുക്കുന്നത് ആദ്യമായിരുന്നുവത്രേ.പണ്ട് വാപ്പിച്ചി പറയുമായിരുന്ന പോലെ ഒരു ലക്ഷം ഒറ്റ നോട്ട് ഒറ്റ മണിക്കൂറില്‍ വിരലുകള്‍ കൊണ്ടെണ്ണികിട്ടിയില്ലെന്ന് മാത്രം.

രണ്ട് ദിവസത്തിനുള്ളില്‍ നമ്മളടുത്തു. എല്ലാം പങ്കുവെച്ചു. കൂട്ടത്തില്‍ എന്ടെ ഭ്രാന്തും.
പ്രീഡിഗ്രിക്ക് ടീച്ചര്‍ മാര്‍ക്ക് കുറച്ചപ്പോള്‍ അല്‍ അമീന്‍ കോളേജ് തന്ന സമ്പാദ്യം.നിനക്കത് പ്രോബ്ലമായിരുന്നില്ല, ഞാന്‍ നിന്ടെ വട്ടിനേയും accept ചെയ്തോളാം. പകരം യോഗ പഠിക്കണം.
യോഗ എന്ടെ ജീവനാണ്. എന്ടെ ജീവിതമാണ്.നീ അത് പഠിക്കണം. ഞാന്‍ സമ്മതിച്ചു. ഒരാഴ്ചയ്ക്കകം ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു.

ഞാന്‍ ഇടക്കൊച്ചിയില്‍ സുധീര്‍ മാഷിന്ടെ അടുക്കല്‍ യോഗ പഠിക്കാന്‍ ചേര്‍ന്നു.
ആലുവയില്‍ നിന്നും നാല്പത്തിയഞ്ച് മിനിറ്റ് യോഗ പഠിക്കാന്‍ ആറ് മണിക്കൂര്‍ യാത്ര ചെയ്യണമായിരുന്നു എനിക്ക്.
അതായിരുന്നു നിന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചതും.
കാണാതെ പോലും കല്യാണം കഴിക്കാതെ പോലും ഞാന്‍ അനുസരിച്ചത്.
ഈ ലോകത്തിലെ എല്ലാ ഭര്‍ത്താക്കന്മാ‍ര്‍ക്കുമിഷ്ഠം അനുസരിക്കുന്ന ഭാര്യമാരെയാണ്. അവന്‍ പ്രായത്തില്‍ ഇളയതായാല്‍ പോലും.അല്ലാ‍ഹുവിനുമിഷ്ഠം അനുസരിക്കുന്ന അടിമയെയാണ്.
അതുകൊണ്ടാവാം അല്ലാഹു പറഞ്ഞത് “ ഞാന്‍ ഈ ലോകത്ത് ഏതെങ്കിലും മനുഷ്യന് മുമ്പില്‍നമസ്കരിക്കാന്‍ മനുഷ്യനോട് കല്പിക്കുമായിരുന്നുവെങ്കില്‍, അത് ഭര്‍ത്താവിന് മുമ്പില്‍ ഭാര്യയോടാകുമായിരുന്നു.”അതുകൊണ്ടാവാം ഏതൊരു സ്ത്രീയുടേയും കാണപ്പെട്ട ദൈവം ഭര്‍ത്താവായത്.

Thursday, January 6, 2011

ആദ്യപാചകം

എനിക്കന്നുമിന്നുമെന്നും ഏറ്റവും നന്നായി പാചകം ചെയ്യാനറിയാവുന്നത് സുലൈമാനിയെന്ന കട്ടന്‍ ചായ മാത്രമാണ്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നിയേക്കാമെങ്കിലുംകോമ്പിനേഷനില്‍ വളരെ ശ്രദ്ധ ഇതിന് ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം. കടുപ്പം കൂടി മധുരം കുറഞ്ഞാലും കടുപ്പം കുറഞ്ഞ് മധുരം കൂടിയാലും കടുപ്പവും മധുരവും ഒരേപോലെയായാലും കുടിക്കാന്‍ പറ്റില്ല. നേരിയ അനുപാതത്തില്‍ കടുപ്പവും പിന്നെയൊരല്പം മധുരവുമായാല്‍ ഇതിനോളം രുചി മറ്റൊന്നിനുമില്ല. എറണാകുളം-ആലുവ ബസ്സിലിരുന്ന്മുഷിയുമ്പോള്‍ സുലൈമാനിയെന്ന ഈ സുന്ദരിയായ കൂട്ടുകാരിയെയോര്‍ത്തെനിക്ക് നഷ്ട്ബോധം തോന്നാറുണ്ടായിരുന്നു. എന്റെ സുലൈമാനി പരീക്ഷിച്ചിട്ടുള്ളവര്‍ക്കെല്ലാം സാധാരണ ചായയോട് മടുപ്പായിരുന്നു.

ദിവസവും കഴുകിയ അതേ പ്ലേറ്റ് തന്നെ വീണ്ടും കഴുകിയിട്ടും, വൃത്തിയാക്കിയ മുറികള്‍ തന്നെ വീണ്ടും വൃത്തിയാക്കിയിട്ടും, അലക്കിയ തുണികള്‍ വീണ്ടും അലക്കിയിട്ടും, മെനു ആവര്‍ത്തിക്കപ്പെട്ടിട്ടും ഒരിക്കലും പരാതിപ്പെടാതെ, ബോറടിക്കാതെ ചെയ്യുന്ന സ്ത്രീജനങ്ങളെ എന്നും അസൂയയോടെയും അത്ഭുതത്തോടെയും മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. മറ്റുള്ളവര്‍ പാചകം ചെയ്തത് കഴിച്ചു മാത്രം ശീലിച്ച എനിക്ക് ഇന്നും അവരൊരത്ഭുതം തന്നെയാണ്.

ആദ്യമായി എന്റെ പാചകം പരീക്ഷിക്കുന്നത് സതിചേച്ചിയുടെ അടുക്കളയിലാണ്.മകളുടെ ഡാന്‍സ് മത്സരത്തിന് സ്കൂളില്‍ പോയപ്പോള്‍ സന്ദീപിന് കൂട്ടിരിക്കുകയായിരുന്നു ഞാന്‍. വായിക്കാനായി എന്തെങ്കിലും പരതിയപ്പോള്‍ വന്നുപെട്ടത് ഒരു പാചകപുസ്തകം.ഒരുപാട് ഐറ്റം കണ്ടു,കൂട്ടത്തില്‍ ഒരു വെണ്ടക്കാ കറിയും.

ഫ്രിഡ്ജില്‍ നോക്കിയപ്പോള്‍ വെണ്ടക്കയുണ്ട്, അടുക്കളയില്‍ ഉപ്പും പുളിയും മുളകുമെല്ലാമുണ്ട്. എന്നാലിവനെയൊന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം. വെണ്ടക്ക വെളിച്ചെണ്ണയില്‍ പൊരിച്ചു മാറ്റി. അടുത്ത പ്രശ്നം തേങ്ങ വറുക്കണം, അടുക്കളയിലെങ്ങും തേങ്ങ കണ്ടില്ല. സന്ദീപ് ഒരു മുഴുവന്‍ തേങ്ങഎടുത്തു തന്നു.സര്‍ക്കസിലേതെന്ന പോലെ മിനിറ്റുകള്‍ക്കകം തേങ്ങ മറ്റുള്ളവര്‍ പൊളിക്കുന്നത് വായ പൊളിച്ച് നോക്കി നിന്നിട്ടുണ്ടെന്നതും തേങ്ങാവെള്ളം കുടിച്ചിട്ടുണ്ടെന്നതുമല്ലാതെ എന്റെ കയ്യിലൂടെ ഒരു തേങ്ങയും അന്നേവരെ കടന്നു പോയിട്ടില്ലായിരുന്നു.

കയ്യില്‍ തേങ്ങയുമായി ഞാന്‍ സന്ദീപിനെ നോക്കി, അറിയില്ലെന്ന് പറഞ്ഞാല്‍ മോശമല്ലേ."മോന്‍ വാക്കത്തിയെടുക്ക്, ചേച്ചി പൊളിക്കാം". പൊക്കിയാല്‍ പൊങ്ങാത്ത വാക്കത്തിയുമായി അവന്‍ വന്നു. ഞാന്‍ തേങ്ങ പൊളിക്കാനിരുന്നു, കൈ വെട്ടി പോകാതിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് ബിസ്മി ചൊല്ലി. തേങ്ങയ്ക്കും വാക്കത്തിക്കും നോവാത്ത തരത്തില്‍ ആദ്യത്തെ കൊത്ത് കൊത്തി. ഒന്നും സംഭവിച്ചില്ല. തേങ്ങ എന്നെ നോക്കി പല്ലിളിച്ചുകാട്ടി. പിന്നെയും രണ്ടുമൂന്ന് കൊത്ത്, മൂന്നാമത്തെ കൊത്ത് നേരേ ചെന്നത് വിരലില്‍. ചോരയൊഴുകി. സന്ദീപ് “അയ്യോ” എന്ന് പറഞ്ഞ് മരുന്നും വെച്ചുകെട്ടാന്‍ തുണിയുമായിവന്നു. കുറച്ചുനേരം വേദന മാറ്റാന്‍ റിലാക്സ് ചെയ്തു. വീണ്ടുമാലോചിച്ചു, ഈ ഭൂലോകത്തുള്ള പെണ്ണുങ്ങളെല്ലാം, തേങ്ങ പൊളിക്കുന്നു, എനിക്കിതിന് കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തിന് പെണ്ണായിട്ട് ജീവിക്കണം.

"വാടാ തേങ്ങേ, നിന്നെ ഞാനിന്ന്‍ കാണിച്ച് തരാം", വീണ്ടും കയ്യില്‍ വാക്കത്തിയെടുത്തു. സന്ദീപ് ചോദിച്ചു,“ ചേച്ചീ, ഇനിയും വേണോ ഒരു പരീക്ഷണം”.ആദ്യത്തെ കൊത്തില്‍ ഒരു ചെറിയ നാര് പൊന്തി വന്നു. ഞാനത് പല്ല് കൊണ്ട് കടിച്ചു പറിച്ചു. ആ ഗ്യാപ്പില്‍ വീണ്ടും വീണ്ടും നാരുകള്‍ കിട്ടികൊണ്ടേയിരുന്നു. ഓരോ നാരു പോരുന്തോറും ആത്മവിശ്വാസവും ഞാനും ഈ ഭൂമിയില്‍ എന്തൊക്കെയോ ആണെന്നുമുള്ള തോന്നലും വര്‍ദ്ധിച്ചു വന്നു. അതോടെ ആവേശവും. അവസാനം ഒരു ഒന്നൊന്നരമണിക്കൂര്‍ യത്നത്തിന് ശേഷം തേങ്ങ മൊത്തി മാത്രമായി കയ്യില്‍ കിട്ടി. മൊത്തിയും കളഞ്ഞ് അതിനെ വൃത്തിയാക്കി. ഇനി തേങ്ങയുടയ്ക്കണം. കൈവെള്ളയില്‍ വെച്ച് അമ്പെയ്ത്തിന്റെ ഉന്നവുമായി ഒറ്റ വെട്ടില്‍ തേങ്ങ പൊട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാനും അതുപോലെ വെച്ചു, ഉന്നം തെറ്റിപ്പോയി. രണ്ടു കഷണത്തിന് പകരം പല മുറികളായിപ്പോയി. എന്നാലും വേണ്ടില്ല, പണ്ടാറം പൊട്ടിയല്ലോ.

പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് ചിരകിയ തേങ്ങ വറുക്കാനാണ്. അടുത്തതായി തേങ്ങ ചിരകണം. പ്രത്യേക സ്റ്റൈലില്‍ രണ്ട് കാലും ഒരു വശത്തേക്ക് നീട്ടി ചിരവയില്‍ഇരുന്ന് രണ്ട് കൈപത്തിയും കൊണ്ട് തേങ്ങാമുറിയെ പൊത്തിപ്പിടിച്ചിരുന്നാണ് ചിരകുന്നത്. ഇവിടെ തേങ്ങാമുറിയില്ല, മുറിക്കഷണമേയുള്ളൂ. ഞാന്‍ ഇരുന്നു.ചിരണ്ടിയപ്പോള്‍ പൊടി പൊടിയായി തേങ്ങ വീഴുന്നു. എന്റെ വിജയം ഞാന്‍ സന്ദീപിനെ വിളിച്ചു കാട്ടിക്കൊടുത്തു. ഇതിത്ര വലിയ കാര്യമൊന്നുമല്ലെന്ന മട്ടില്‍ ഒരു ചിരി ചിരിച്ച്അവന്‍ പോയി. മുറിക്കഷണം കൈവെള്ളയില്‍ കുത്തി വേദനിക്കുന്നുണ്ടായിരുന്നു. എന്നാലും പകുതി തേങ്ങ മുഴുവന്‍ ചിരകി. മണം വരുവോളം വറുത്തു, പുസ്തകം നോക്കി,മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയുമെല്ലാം ഇട്ടു.

ഇനി അരയ്ക്കണം. മിക്സി ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് അമ്മി തന്നെ ശരണം. ചെറുപ്പത്തിലെ മൈലാഞ്ചി അരച്ചിട്ടുള്ളത് കൊണ്ട് അരയ്ക്കാനറിയാം. അരയ്ക്കാന്‍ നിന്നു.ഈ ലോകത്തില്‍ ഒരു ജോലിയും എളുപ്പമല്ല എന്ന്‍ വിളിച്ചറിയിക്കുന്ന വിധത്തില്‍ എന്റെ പുറവും കയ്യുമെല്ലാം വേദനിക്കാന്‍ തുടങ്ങി. വാശിയോടെ അരച്ചു തീര്‍ത്തു.വെണ്ടയ്ക്കയില്‍ മിക്സ് ചെയ്തു. വാളന്‍ പുളിയുമൊഴിച്ച് തിളപ്പിച്ചു. പിന്നെ കടുകും വേപ്പിലയും വറുത്തൊഴിച്ച് ആദ്യമായി ഞാനൊന്ന് രുചിച്ച് നോക്കിയപ്പോള്‍ “ അമ്പടാ, ഞാന്‍വെച്ചാലും കറിയുണ്ടാകുമെന്ന് ഈ ലോകത്തോട് മുഴുവന്‍ വിളിച്ച് പറയാന്‍ തോന്നി”.

ഞാന്‍ സന്ദീപിന് ചോറ് വിളമ്പിക്കൊറുത്തു. തൈരും പിന്നെ എന്റെ കറിയും. “ആഹാ ഇത് വിചാരിച്ചതിലും ഉഗ്രനായിട്ടുണ്ടല്ലോ ചേച്ചീ, മമ്മി വരുമ്പോള്‍ നല്ല കോമ്പ്ലിമെൻറ് കിട്ടും ”. സതിചേച്ചിക്കും വിശ്വസിക്കാനായില്ല, ഞാനുണ്ടാക്കിയ കറിയാണതെന്ന്. വീട്ടില്‍ ചെന്നപ്പോള്‍ കയ്യിലെ കെട്ട് കണ്ട് ഉമ്മിച്ചി ചോദിച്ചപ്പോള്‍ തേങ്ങ പൊളിച്ചതും കറിയുണ്ടാക്കിയതുമായ വിവരം പറഞ്ഞു. ആദ്യം അവര്‍ വിശ്വസിച്ചില്ലെങ്കിലും പിന്നെ പറഞ്ഞു,“ആരാന്റമ്മയ്ക്ക് കല്ലിടിക്കും, സ്വന്തം അമ്മയ്ക്ക് തവിടിടിയ്ക്കില്ല”. ഞാനും വിട്ടു കൊടുത്തില്ല, കല്ലിടിച്ചാല്‍ പൊടിയും, തവിടിടിച്ചാല്‍ പറന്ന് കണ്ണ് കാണാതാവും, അതുകൊണ്ടാ.