cyberjalakam.com

ജാലകം

Thursday, January 6, 2011

ആദ്യപാചകം

എനിക്കന്നുമിന്നുമെന്നും ഏറ്റവും നന്നായി പാചകം ചെയ്യാനറിയാവുന്നത് സുലൈമാനിയെന്ന കട്ടന്‍ ചായ മാത്രമാണ്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നിയേക്കാമെങ്കിലുംകോമ്പിനേഷനില്‍ വളരെ ശ്രദ്ധ ഇതിന് ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം. കടുപ്പം കൂടി മധുരം കുറഞ്ഞാലും കടുപ്പം കുറഞ്ഞ് മധുരം കൂടിയാലും കടുപ്പവും മധുരവും ഒരേപോലെയായാലും കുടിക്കാന്‍ പറ്റില്ല. നേരിയ അനുപാതത്തില്‍ കടുപ്പവും പിന്നെയൊരല്പം മധുരവുമായാല്‍ ഇതിനോളം രുചി മറ്റൊന്നിനുമില്ല. എറണാകുളം-ആലുവ ബസ്സിലിരുന്ന്മുഷിയുമ്പോള്‍ സുലൈമാനിയെന്ന ഈ സുന്ദരിയായ കൂട്ടുകാരിയെയോര്‍ത്തെനിക്ക് നഷ്ട്ബോധം തോന്നാറുണ്ടായിരുന്നു. എന്റെ സുലൈമാനി പരീക്ഷിച്ചിട്ടുള്ളവര്‍ക്കെല്ലാം സാധാരണ ചായയോട് മടുപ്പായിരുന്നു.

ദിവസവും കഴുകിയ അതേ പ്ലേറ്റ് തന്നെ വീണ്ടും കഴുകിയിട്ടും, വൃത്തിയാക്കിയ മുറികള്‍ തന്നെ വീണ്ടും വൃത്തിയാക്കിയിട്ടും, അലക്കിയ തുണികള്‍ വീണ്ടും അലക്കിയിട്ടും, മെനു ആവര്‍ത്തിക്കപ്പെട്ടിട്ടും ഒരിക്കലും പരാതിപ്പെടാതെ, ബോറടിക്കാതെ ചെയ്യുന്ന സ്ത്രീജനങ്ങളെ എന്നും അസൂയയോടെയും അത്ഭുതത്തോടെയും മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. മറ്റുള്ളവര്‍ പാചകം ചെയ്തത് കഴിച്ചു മാത്രം ശീലിച്ച എനിക്ക് ഇന്നും അവരൊരത്ഭുതം തന്നെയാണ്.

ആദ്യമായി എന്റെ പാചകം പരീക്ഷിക്കുന്നത് സതിചേച്ചിയുടെ അടുക്കളയിലാണ്.മകളുടെ ഡാന്‍സ് മത്സരത്തിന് സ്കൂളില്‍ പോയപ്പോള്‍ സന്ദീപിന് കൂട്ടിരിക്കുകയായിരുന്നു ഞാന്‍. വായിക്കാനായി എന്തെങ്കിലും പരതിയപ്പോള്‍ വന്നുപെട്ടത് ഒരു പാചകപുസ്തകം.ഒരുപാട് ഐറ്റം കണ്ടു,കൂട്ടത്തില്‍ ഒരു വെണ്ടക്കാ കറിയും.

ഫ്രിഡ്ജില്‍ നോക്കിയപ്പോള്‍ വെണ്ടക്കയുണ്ട്, അടുക്കളയില്‍ ഉപ്പും പുളിയും മുളകുമെല്ലാമുണ്ട്. എന്നാലിവനെയൊന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം. വെണ്ടക്ക വെളിച്ചെണ്ണയില്‍ പൊരിച്ചു മാറ്റി. അടുത്ത പ്രശ്നം തേങ്ങ വറുക്കണം, അടുക്കളയിലെങ്ങും തേങ്ങ കണ്ടില്ല. സന്ദീപ് ഒരു മുഴുവന്‍ തേങ്ങഎടുത്തു തന്നു.സര്‍ക്കസിലേതെന്ന പോലെ മിനിറ്റുകള്‍ക്കകം തേങ്ങ മറ്റുള്ളവര്‍ പൊളിക്കുന്നത് വായ പൊളിച്ച് നോക്കി നിന്നിട്ടുണ്ടെന്നതും തേങ്ങാവെള്ളം കുടിച്ചിട്ടുണ്ടെന്നതുമല്ലാതെ എന്റെ കയ്യിലൂടെ ഒരു തേങ്ങയും അന്നേവരെ കടന്നു പോയിട്ടില്ലായിരുന്നു.

കയ്യില്‍ തേങ്ങയുമായി ഞാന്‍ സന്ദീപിനെ നോക്കി, അറിയില്ലെന്ന് പറഞ്ഞാല്‍ മോശമല്ലേ."മോന്‍ വാക്കത്തിയെടുക്ക്, ചേച്ചി പൊളിക്കാം". പൊക്കിയാല്‍ പൊങ്ങാത്ത വാക്കത്തിയുമായി അവന്‍ വന്നു. ഞാന്‍ തേങ്ങ പൊളിക്കാനിരുന്നു, കൈ വെട്ടി പോകാതിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് ബിസ്മി ചൊല്ലി. തേങ്ങയ്ക്കും വാക്കത്തിക്കും നോവാത്ത തരത്തില്‍ ആദ്യത്തെ കൊത്ത് കൊത്തി. ഒന്നും സംഭവിച്ചില്ല. തേങ്ങ എന്നെ നോക്കി പല്ലിളിച്ചുകാട്ടി. പിന്നെയും രണ്ടുമൂന്ന് കൊത്ത്, മൂന്നാമത്തെ കൊത്ത് നേരേ ചെന്നത് വിരലില്‍. ചോരയൊഴുകി. സന്ദീപ് “അയ്യോ” എന്ന് പറഞ്ഞ് മരുന്നും വെച്ചുകെട്ടാന്‍ തുണിയുമായിവന്നു. കുറച്ചുനേരം വേദന മാറ്റാന്‍ റിലാക്സ് ചെയ്തു. വീണ്ടുമാലോചിച്ചു, ഈ ഭൂലോകത്തുള്ള പെണ്ണുങ്ങളെല്ലാം, തേങ്ങ പൊളിക്കുന്നു, എനിക്കിതിന് കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തിന് പെണ്ണായിട്ട് ജീവിക്കണം.

"വാടാ തേങ്ങേ, നിന്നെ ഞാനിന്ന്‍ കാണിച്ച് തരാം", വീണ്ടും കയ്യില്‍ വാക്കത്തിയെടുത്തു. സന്ദീപ് ചോദിച്ചു,“ ചേച്ചീ, ഇനിയും വേണോ ഒരു പരീക്ഷണം”.ആദ്യത്തെ കൊത്തില്‍ ഒരു ചെറിയ നാര് പൊന്തി വന്നു. ഞാനത് പല്ല് കൊണ്ട് കടിച്ചു പറിച്ചു. ആ ഗ്യാപ്പില്‍ വീണ്ടും വീണ്ടും നാരുകള്‍ കിട്ടികൊണ്ടേയിരുന്നു. ഓരോ നാരു പോരുന്തോറും ആത്മവിശ്വാസവും ഞാനും ഈ ഭൂമിയില്‍ എന്തൊക്കെയോ ആണെന്നുമുള്ള തോന്നലും വര്‍ദ്ധിച്ചു വന്നു. അതോടെ ആവേശവും. അവസാനം ഒരു ഒന്നൊന്നരമണിക്കൂര്‍ യത്നത്തിന് ശേഷം തേങ്ങ മൊത്തി മാത്രമായി കയ്യില്‍ കിട്ടി. മൊത്തിയും കളഞ്ഞ് അതിനെ വൃത്തിയാക്കി. ഇനി തേങ്ങയുടയ്ക്കണം. കൈവെള്ളയില്‍ വെച്ച് അമ്പെയ്ത്തിന്റെ ഉന്നവുമായി ഒറ്റ വെട്ടില്‍ തേങ്ങ പൊട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാനും അതുപോലെ വെച്ചു, ഉന്നം തെറ്റിപ്പോയി. രണ്ടു കഷണത്തിന് പകരം പല മുറികളായിപ്പോയി. എന്നാലും വേണ്ടില്ല, പണ്ടാറം പൊട്ടിയല്ലോ.

പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് ചിരകിയ തേങ്ങ വറുക്കാനാണ്. അടുത്തതായി തേങ്ങ ചിരകണം. പ്രത്യേക സ്റ്റൈലില്‍ രണ്ട് കാലും ഒരു വശത്തേക്ക് നീട്ടി ചിരവയില്‍ഇരുന്ന് രണ്ട് കൈപത്തിയും കൊണ്ട് തേങ്ങാമുറിയെ പൊത്തിപ്പിടിച്ചിരുന്നാണ് ചിരകുന്നത്. ഇവിടെ തേങ്ങാമുറിയില്ല, മുറിക്കഷണമേയുള്ളൂ. ഞാന്‍ ഇരുന്നു.ചിരണ്ടിയപ്പോള്‍ പൊടി പൊടിയായി തേങ്ങ വീഴുന്നു. എന്റെ വിജയം ഞാന്‍ സന്ദീപിനെ വിളിച്ചു കാട്ടിക്കൊടുത്തു. ഇതിത്ര വലിയ കാര്യമൊന്നുമല്ലെന്ന മട്ടില്‍ ഒരു ചിരി ചിരിച്ച്അവന്‍ പോയി. മുറിക്കഷണം കൈവെള്ളയില്‍ കുത്തി വേദനിക്കുന്നുണ്ടായിരുന്നു. എന്നാലും പകുതി തേങ്ങ മുഴുവന്‍ ചിരകി. മണം വരുവോളം വറുത്തു, പുസ്തകം നോക്കി,മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയുമെല്ലാം ഇട്ടു.

ഇനി അരയ്ക്കണം. മിക്സി ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് അമ്മി തന്നെ ശരണം. ചെറുപ്പത്തിലെ മൈലാഞ്ചി അരച്ചിട്ടുള്ളത് കൊണ്ട് അരയ്ക്കാനറിയാം. അരയ്ക്കാന്‍ നിന്നു.ഈ ലോകത്തില്‍ ഒരു ജോലിയും എളുപ്പമല്ല എന്ന്‍ വിളിച്ചറിയിക്കുന്ന വിധത്തില്‍ എന്റെ പുറവും കയ്യുമെല്ലാം വേദനിക്കാന്‍ തുടങ്ങി. വാശിയോടെ അരച്ചു തീര്‍ത്തു.വെണ്ടയ്ക്കയില്‍ മിക്സ് ചെയ്തു. വാളന്‍ പുളിയുമൊഴിച്ച് തിളപ്പിച്ചു. പിന്നെ കടുകും വേപ്പിലയും വറുത്തൊഴിച്ച് ആദ്യമായി ഞാനൊന്ന് രുചിച്ച് നോക്കിയപ്പോള്‍ “ അമ്പടാ, ഞാന്‍വെച്ചാലും കറിയുണ്ടാകുമെന്ന് ഈ ലോകത്തോട് മുഴുവന്‍ വിളിച്ച് പറയാന്‍ തോന്നി”.

ഞാന്‍ സന്ദീപിന് ചോറ് വിളമ്പിക്കൊറുത്തു. തൈരും പിന്നെ എന്റെ കറിയും. “ആഹാ ഇത് വിചാരിച്ചതിലും ഉഗ്രനായിട്ടുണ്ടല്ലോ ചേച്ചീ, മമ്മി വരുമ്പോള്‍ നല്ല കോമ്പ്ലിമെൻറ് കിട്ടും ”. സതിചേച്ചിക്കും വിശ്വസിക്കാനായില്ല, ഞാനുണ്ടാക്കിയ കറിയാണതെന്ന്. വീട്ടില്‍ ചെന്നപ്പോള്‍ കയ്യിലെ കെട്ട് കണ്ട് ഉമ്മിച്ചി ചോദിച്ചപ്പോള്‍ തേങ്ങ പൊളിച്ചതും കറിയുണ്ടാക്കിയതുമായ വിവരം പറഞ്ഞു. ആദ്യം അവര്‍ വിശ്വസിച്ചില്ലെങ്കിലും പിന്നെ പറഞ്ഞു,“ആരാന്റമ്മയ്ക്ക് കല്ലിടിക്കും, സ്വന്തം അമ്മയ്ക്ക് തവിടിടിയ്ക്കില്ല”. ഞാനും വിട്ടു കൊടുത്തില്ല, കല്ലിടിച്ചാല്‍ പൊടിയും, തവിടിടിച്ചാല്‍ പറന്ന് കണ്ണ് കാണാതാവും, അതുകൊണ്ടാ.