cyberjalakam.com

ജാലകം

Monday, October 9, 2017

ഒരു മദ്രാസ് യാത്രയും കോർപറേറ്റ് കാറ്റസ്ട്രാഫിയും

മദ്രാസിലേക്കുള്ള രണ്ടാമത്തെ യാത്ര സംഭവബഹുലമായിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എഴിൽ ഐ .സി.ഡ.ബ്ല്യു ഫൈനൽ പഠിക്കുന്ന കാലത്തൊരു ദിവസം നോട്ടീസ് ബോർഡിൽ ഒരു മെസേജ് കണ്ടു. സതേർന് ഇന്ത്യ റീജിയണൽ കൗൺസിലിലെ കുട്ടികൾക്കായുള്ള മത്സരം മദ്രാസിൽ നടക്കുന്നുണ്ടെന്നും, പോകാൻ താല്പര്യമുള്ളവർ പേര് കൊടുക്കാനുമായിരുന്നു, സന്ദേശം. നോട്ടീസ് ബോർഡിനു മുമ്പിൽ കുത്തിപ്പിടിച്ചു നിന്ന് വായിക്കുന്ന എന്നെ നോക്കി ആൺകുട്ടികൾ കളിയാക്കി, "അത് തന്നെ പോലുള്ളവർക്ക് അല്ല, അത് ഞങ്ങളെ പോലെ ആൺകുട്ടികൾക്ക് ഉള്ളതാ. ലോ കോളേജിൽ പഠിച്ച് ഹൈ കോടതിയിൽ പോയിട്ടെന്താ കാര്യം. വെറുതെ ബോർഡു നോക്കി നിന്ന് കൊതിക്കാമെന്നല്ലാതെ. ധൈര്യമുണ്ടെങ്കിൽ മദ്രാസിൽ പോയി വാ." എൻറെ ധൈര്യത്തെ മാത്രമല്ല, എന്റെ വർഗത്തെ മൊത്തമാണ് അപമാനിച്ചിരിക്കുന്നത്. കൂടെ നിന്ന പെൺകുട്ടികളും പറഞ്ഞു, "ഇത് നീതിയല്ല, സക്കീനേ, നീ പോയി ചോദിക്ക്".


കൊച്ചി ഐ.സി. ഡ.ബ്ല്യു ഭവനിൻറെ അന്നത്തെയും ഇന്നത്തെയും മാനേജർ ജോസഫ് സാദിക് ആണ് . അദ്ദേഹം മതം മാറി മുസ്ലിമായതാണ്. പക്ഷേ അഹമദിയാ മുസ്ലിമാണ്. എന്തെങ്കിലും കാര്യത്തിന് ഓഫീസിലെത്തിയാൽ പുള്ളിക്കാരൻ ഖുർ-ആനിൽ ഇന്ത്യയിൽ നിന്ന് അവസാന മസീഹ് എത്തിയ വിവരമുണ്ടെന്നും അവരാണ് യഥാർത്ഥ മുസ്ലിമെന്നുമെല്ലാം തട്ടി വിടാറുണ്ട്.
ഞാൻ ജോസഫ് സാറിന്റെ മുമ്പിലെത്തി കാര്യം അവതരിപ്പിച്ചു. ഫീസ് തരുന്നത്തിലും പരീക്ഷ എഴുതുന്നതിലും അറ്റന്ടസിന്റെ കാര്യത്തിലും ആൺ പെൺ ഭേദമില്ല, പക്ഷേ ഞങ്ങളുടെ കഴിവ് ക്ലാസ് റൂമിനപ്പുറം പ്രകടിപ്പിക്കാൻ എന്തിനാണ് വിവേചനം? ജോസഫ് സാർ ആകെ കുഴപ്പത്തിലായി. " ഇത് മാനേജ്മെന്റിന്റെ തീരുമാനമാണ്. എന്തായാലും അടുത്ത ആഴ്ച മാനേജ്മെന്റ് മീറ്റിംഗിൽ ഞാൻ അവതരിപ്പിക്കാം." ആൺ കുട്ടികൾ കൂവൽ തുടർന്ന് കൊണ്ടേയിരുന്നു.


പിറ്റേ ആഴ്ച മീറ്റിംഗ് കഴിഞ്ഞ ഉടനെ സാർ എന്നെ വിളിപ്പിച്ചു. മാനേജ്മെന്റ് അംഗങ്ങൾ എല്ലാവരും ഉണ്ട്. ശരി, പെൺകുട്ടികൾക്കും അവസരം ഉണ്ടാക്കാം. പക്ഷേ ഒരു കണ്ടീഷൻ, ക്ലാസിൽ നിന്നും ഒരു പെൺകുട്ടിയും പോകാൻ തയ്യാറാകാതിരുന്നാൽ താൻ പോയേ മതിയാകൂ. ഞങ്ങൾ റീജിയണൽ കൌൺസിലിൽ വിളിച്ചു അറിയിച്ചതിന് ശേഷമാണ് തീരുമാനിച്ചത്.
മദ്രാസിൽ പഠിക്കുന്ന പെൺകുട്ടികൾ മാത്രമേ പരിപാടിയിൽ പങ്കെടുക്കുന്നുള്ളൂ. ഞങ്ങൾ ട്രാവൽ ചാർജ് മാത്രമേ നൽകുന്നുള്ളൂ. പെൺകുട്ടികൾക്ക് പ്രത്യേക താമസ സൗകര്യം ഇല്ല."
ഞാൻ എന്നെ നിര്ബന്ധിച്ച് മാനേജരുടെ അടുത്ത് പരാതിക്കയച്ച കൂട്ടുകാരികളോട് കാര്യം പറഞ്ഞു. എനിക്ക് ഐ.സി. ഡ. ബ്ല്യു പാർട് ടൈമും ടൈം പാസുമാണ് . അവരാണെങ്കിൽ ഫുൾ ടൈം വിദ്യാർഥികളും. സെന്റ് തെരേസാസിലും സേക്രഡ് ഹാർട്ടിലുമെല്ലാം പഠിച്ച് വന്ന അവർക്ക് എന്നെക്കാൾ കഴിവുണ്ട് താനും. ഞാൻ ബി.കോം പോലും പ്രൈവറ്റ് കോളേജിൽ ആണ് പഠിച്ചത്.


എന്റെ പ്രതീക്ഷക്ക് വിപരീതമായി അവരെല്ലാം എന്നെ കൂട്ടത്തോടെ കയ്യൊഴിഞ്ഞു. ഞങ്ങളെ വീട്ടിൽ നിന്ന് വിടില്ല. സക്കീന പോയാൽ മതി. ഞങ്ങളെല്ലാം പ്രാർഥിക്കാം, സമ്മാനവുമായി തിരെച്ചെത്താൻ.
ഞാൻ ആകെ കുഴപ്പത്തിലായി. ഒരു വശത്ത് വെല്ലുവിളിക്കാൻ ക്ലാസിലെ മുഴുവൻ ആൺകുട്ടികൾ, മറുവശത്ത് മാനെജമെന്റിനോടുള്ള കമ്മിറ്റ്മെന്റ്. ഞാൻ വീട്ടിൽ കാര്യം അവതരിപ്പിച്ചു. ആദ്യം തന്നെ ഉമ്മച്ചി ചോദിച്ചു, "നിന്റെ ക്ലാസിൽ നിന്നും വേറെ എത്ര പെൺകുട്ടികൾ പോകുന്നുണ്ട്." ഞാൻ മാത്രമേ ഉള്ളൂ. ശരിയാ, അവരെല്ലാം അച്ഛനമ്മമാരെ പേടിച്ചു വളരുന്നവർ ആണ്. നിനക്ക് ലോകത്തിൽ ആരേയും പേടിയില്ല. എന്തായാലും ഇവിടെ നിന്ന് നീ പോകുന്ന പ്രശ്നമില്ല.

ആകെ ഞാനടക്കം നാല് കുട്ടികളെയാണ് കൊച്ചിൻ ഭവനിൽ നിന്നും സെലക്റ്റ് ചെയ്തിരിക്കുന്നത്. ഹരികൃഷ്ണനും, ഫ്രാൻസിസും, ജയശങ്കറും. ഞാൻ അവരോട് എൻറെ പ്രതിസന്ധി പറഞ്ഞു, അവർ ധൈര്യം പകർന്നു. എനിക്ക് പോകാതെ നിവൃത്തിയില്ല.
തലേദിവസം ഞാൻ ഡ്രസ് അടുക്കി വെക്കാൻ ബാഗെടുത്തു. ഞെട്ടിപ്പോയി, എന്റെ ഒരൊറ്റ ഉടുപ്പ് പോലുമില്ല. എല്ലാം ഉമ്മച്ചിയും അനിയത്തിമാരും മാറ്റിയിരിക്കുന്നു. ഞാൻ അവരോടു കെഞ്ചി പറഞ്ഞു, ഈ ഒരു പ്രാവശ്യം മാത്രം ഞാൻ പോകട്ടെ. ഇനിയൊരിക്കലും ഇതാവർത്തിക്കില്ല. എന്റെ കൂടെ പോകുന്ന ആൺകുട്ടികൾ നല്ലവരാണ്. ഞാൻ അവരെ ഉമ്മിച്ചിക്ക് പരിചയപ്പെടുത്താം. പക്ഷേ ഉമ്മിച്ചി ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.

ഞാൻ അടുത്ത വീട്ടിലെ നൂർജിയോട് കാര്യം പറഞ്ഞു. അവളുടെ ഡ്രസ് പാകമാകുമോ എന്ന് നോക്കാൻ പറഞ്ഞു. ഒരുവിധം പാകമായവയെല്ലാം കറുത്ത നിറം ഉള്ളവയായിരുന്നു. ഇനി കയ്യിൽ കരുതാൻ കുറച്ചെങ്കിലും പൈസ വേണം. ഞാൻ അനിയത്തിയുടെ ഭർത്താവ് കരീമിനോട് എന്റെ അവസ്ഥ പറഞ്ഞു, അവൻ പൈസയും തന്നു വിട്ടു.

പൈസയും ഡ്രസും ആയെങ്കിലും മനസ്സമാധാനം തീരെയില്ലാതെയാണ് ബസ്സിലിരുന്നത്. എറണാകുളം സൌത്തിൽ നിന്നാണ് ട്രെയിൻ. കൂട്ടുകാർ അവിടെ കാത്തുനിൽക്കുന്നുണ്ടാവും. ഉമ്മിച്ചിയുടെ ശാപവുമായാണ് പോകുന്നത്. അവരോട് അവസാനമായി ഞാൻ തിരിച്ചു പോകട്ടേയെന്ന് ചോദിച്ചു. "താനുള്ളതാണ് ഞങ്ങളുടെയും ധൈര്യം. എന്തായാലും അമ്മയല്ലേ, സാരമില്ല". ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നും അടുത്ത വീട്ടിലേക്ക് വിളിച്ച് ഉമ്മച്ചിയോടു സംസാരിക്കണമെന്ന് പറഞ്ഞു. പ്രതീക്ഷിക്കാതെ ഉമ്മച്ചി വന്നു, സംസാരിച്ചു, കരഞ്ഞു കൊണ്ട് പറഞ്ഞു," നിനക്കൊരു കുഞ്ഞുണ്ടാകുമ്പോഴേ എന്റെ വേദന മനസ്സിലാകൂ. എന്തായാലും ഞാൻ പ്രാര്തിച്ചോളം, സൂക്ഷിച്ച് പോയി വാ".


ഹാവൂ, സമാധാനമായി. നെഞ്ചിൽ ഒരു വലിയ കല്ല് കയറ്റി വെച്ച വിഷമമായിരുന്നു, ഇത് വരെ. അതെടുത്ത് മാറ്റിയ സന്തോഷം.
ട്രെയിനിൽ നല്ല തിരക്കായിരുന്നു. ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്തതിനാൽ കിടക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. കൂട്ടുകാർ സംസാരിച്ചിരിക്കേ ഞാൻ മുകളിലെ ബർത്തിൽ ഉറങ്ങാൻ കിടന്നു. സമയം എത്രയായെന്നറിയില്ല, എന്റെ ശരീരത്തിലൂടെ ഒരു കൈ ഇഴഞ്ഞു കയറുന്നു. സ്ഥലകാലബോധം വന്നപ്പോൾ മനസ്സിലായി, ഞാൻ വീട്ടിലല്ലെന്നും, ഇത് ട്രെയിൻ ആണെന്നുമെല്ലാം. ഞാൻ ഉറക്കെ ഹരികൃഷ്ണനെ വിളിച്ചു. അവർ അടുത്തടുത്തുള്ള ബർത്തുകളിൽ ഉറങ്ങുകയായിരുന്നു. എന്റെ ശബ്ദം കേട്ട് സമീപത്തുള്ളവരെല്ലാം എഴുന്നേറ്റു. അപ്പോഴേക്കും ശല്യപ്പെടുത്തിയയാൾ ഓടുന്നത് ഞാൻ കണ്ടു.
ഇനി ഞങ്ങൾ ഉറങ്ങുന്നില്ല, താൻ ഉറങ്ങിക്കോ. ആരും ശല്യം ചെയ്യാതെ ഞങ്ങൾ നോക്കികൊള്ളാം. പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും ബാംഗ്ലൂർ എത്തുംവരെ കണ്ണടച്ചു കിടന്നു. മനസ്സിലെ ധൈര്യം ഒക്കെ പോയി ഭയം തല പൊക്കാൻ തുടങ്ങി.


ബാംഗ്ലൂരിൽ എത്തിയ അന്ന് തന്നെ പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പ്രഭാതകൃത്യങ്ങൾക്ക് ശേഷം വസ്ത്രം മാറി ഹാളിലെത്തി. വൈകിയെത്തിയതിനാൽ ഉച്ചയ്ക്ക് ശേഷം നടക്കുന്ന corporate catastrophe യിൽ മാത്രമേ ഞങ്ങൾക്ക് ചേരാനാവൂ. എന്തെങ്കിലുമാകട്ടേ, നമുക്കും ഒരു കൈ നോക്കാം. അവർ ഒരു subject തരും. നാല് പേരും ചേർന്ന് discuss ചെയ്ത ശേഷം ഒരാൾ സ്റ്റേജിൽ present ചെയ്യണം.
വഴിയേ പോയ വയ്യാവേലി തലയിൽ കയറ്റിയത് പോലെയായി വിഷയം കയ്യിൽ കിട്ടിയപ്പോൾ. മാനേജ്മെന്റും കമ്പനി നിയമങ്ങളുമെല്ലാം പുസ്തകത്തിൽ നിന്ന് സ്വായത്തമാക്കിയതല്ലാതെ അതെങ്ങിനെ പ്രാവർത്തികമാക്കുമെന്ന് ഒരു വിവരവുമില്ല. പ്രതിസന്ധിയിൽ അകപ്പെട്ട ഒരു സ്ഥാപനത്തിന്റെ മേധാവി എന്ന നിലയിൽ അത് തരണം ചെയ്യുന്ന വിധം മൂലധനം നിക്ഷേപിച്ച പങ്കുകാരെ ബോധ്യപ്പെടുത്തേണ്ട ചുമതലയാണ് അവതരിപ്പിക്കേണ്ടത്. ഞങ്ങൾ നാല് പേരും ചർച്ച ചെയ്തു തീരുമാനമെടുത്തു.


ആര് സ്റ്റേജിൽ അവതരിപ്പിക്കും എന്നതായി അടുത്ത പ്രശ്നം. എലാവരും കയ്യൊഴിഞ്ഞു. നിർത്താതോടാൻ ശ്രമിക്കുന്ന ബസ്സിന്റെ മുമ്പിൽ നിന്ന് കൂട്ടുകാരെ മുഴുവൻ കയറ്റി, ഓടുന്ന ബസ്സിൽ ചാടി കയറാനും വഴിയിൽ നിന്നസഭ്യം പറയുന്ന പൂവാലന്മാരെ പോലീസ് സ്റ്റേഷനിൽ എത്തിക്കാനുമുള്ള എന്റെ ധൈര്യം അറിയാവുന്ന കൂട്ടുകാർ പ്രശ്നം വേദിയിൽ അവതരിപ്പിക്കുന്നതും എന്നെ തന്നെ ഏല്പിച്ചു.

അനായാസേന ഒഴുകുന്ന പുഴപോലെയുള്ള ജീവിതം അർത്ഥമില്ലാത്തതാണ്. പുതുമയുള്ള പ്രതിസന്ധികളും വെല്ലുവിളികളും ഏറിയും കുറഞ്ഞും ദിവസേന തരണം ചെയ്യേണ്ടി വരുമ്പോഴാണ് ജീവിതം പൂർണമാകുകയുള്ളൂ എന്ന വിശ്വാസം ചെറുപ്പത്തിലേ ഉടലെടുത്തതിനാലാവാം മുന്നിൽ വരുന്നവയെല്ലാം മുള്ളുകൾ ആയിരുന്നു. എല്ലാ വെല്ലുവിളികളും ആവേശത്തോടെ സ്വീകരിക്കാൻ ഈ പാഠം എന്നെ പഠിപ്പിച്ചു കൊണ്ടേയിരുന്നു.
ഞാൻ തയ്യാറെടുത്തു. അപ്പോഴതാ ഇന്ന് ഇനി നടക്കാനിരിക്കുന്ന പരിപാടികളെല്ലാം റദ്ദു ചെയ്തതായുള്ള പ്രഖ്യാപനവുമായി സംഘാടകരിലൊരാൾ വേദിയിലെത്തുന്നു. ഞങ്ങളുടെതടക്കം നാലഞ്ച് പേർ കൂടിയേ ഇനി പങ്കെടുക്കാനുള്ളൂ. ഞങ്ങളെല്ലാവരും ഒത്തുചേർന്നു സംഘാടകരുടെ അടുത്തെത്തി. കൊച്ചിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമെല്ലാം രാത്രി മുഴുവൻ ഉറക്കമില്ലാതെ പലതരം പീഡനങ്ങളും സഹിച്ച് വന്നത് നിങ്ങളുടെ പ്രഹസനം നോക്കി കാണാനല്ല, ഞങ്ങളിവിടെ എത്തിയത് എന്തിന് വേണ്ടിയാണോ അത് പൂർത്തീകരിക്കാതെ പിന്മാറുകയില്ലെന്ന പ്രക്ഷോഭ സ്വരത്തിലുള്ള താക്കീതിനു മുമ്പിൽ സംഘാടകർക്ക് മുട്ട് മടക്കേണ്ടി വന്നു. അവർ ഓരോരുത്തരെയായി പേര് വിളിച്ചു.


ബാംഗ്ലൂർ ടീം തമാശ രൂപേണ എന്തൊക്കെയോ കാണിച്ച് പിന്മാറി. രണ്ടാമത്തെ ഊഴം ഞങ്ങളുടെതായിരുന്നു. ചർച്ച ചെയ്ത് തീരുമാനിച്ചതനുസരിച്ച് പ്രശ്നം ഞാൻ വേദിയിൽ അവതരിപ്പിച്ചു. ഭരണസമിതിക്ക് മുന്നിൽ പ്രശ്ന പരിഹാരം നിർദ്ദേശിച്ചത് കൂടാതെ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളും ശുപാർശയിൽ ഉൾപ്പെടുത്തിയിരുന്നു. അത് മറ്റ് ടീമുകൾ ചെയ്തിരുന്നില്ല. റിസൾട്ട് വന്നപ്പോൾ ഞങ്ങൾക്കായിരുന്നു, ഒന്നാം സമ്മാനം. ട്രോഫിയും സർട്ടിഫിക്കറ്റുമായിരുന്നു പാരിതോഷികം. എന്റെ സർട്ടിഫിക്കറ്റിൽ “excellent” എന്ന് അടയാളപ്പെടുത്തിയിരുന്നു.

സന്ധ്യയായി. ആൺകുട്ടികൾ എല്ലാം കുറച്ച് ദൂരെയായുള്ള പൊതു ശയന മുറിയിലേക്ക് പോയി. പെൺകുട്ടിയായി ഞാൻ മാത്രമേ അതിഥികളായി എത്തിയവരിൽ ഉള്ളൂ. കൽകത്തയിൽ നിന്നും വന്നിട്ടുള്ള ചെയർമാനടക്കം ഉള്ള വിശിഷ്ടാഥിതികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് എഗ്മോറിലെ സതേൺ ഇന്ത്യ റീജിയണൽ കൌൺസിലിനോട് ചേർന്നുള്ള കെട്ടിടത്തിലാണ്. അവർ എന്നേയും അവിടേക്ക് കൂട്ടി കൊണ്ട് പോയി. ചെയർമാന്റെ മുറിയുടെ തൊട്ടടുത്തായി എനിക്കും ഒരു മുറി തന്നു. ഏ .സി, ടി .വി അടക്കം എല്ലാ സൌകര്യങ്ങളും ഉണ്ട്. ഞാൻ വാതിൽ അടച്ചു. എനിക്ക് പേടിയായി. ഇത് വരെ തനിച്ചൊരു മുറിയിൽ ഉറങ്ങിയിട്ടില്ല. വീട്ടിൽ അഞ്ചു മക്കളിൽ മൂത്തതാണെങ്കിലും വെല്ലുമ്മിച്ചിയെ കെട്ടിപ്പിടിച്ചാണ് ഇതുവരെ ഉറങ്ങിയിട്ടുള്ളത്.

ലോകത്തിൽ എന്നെ ഏറ്റവും സ്നേഹിച്ചിട്ടുള്ള എന്റെ വെല്ലുമ്മിച്ചി, ചെറുപ്പത്തിൽ ദിവസേന കിടക്കയിൽ മൂത്രമൊഴിച്ചാലും നേരം വെളുക്കുമ്പോൾ ഇനിയെന്റെ ഉമറിൽ നിന്നെ എന്റെ അടുത്തു കിടത്തില്ലെന്ന ആത്മഗതവുമായി കിടക്ക ഒറ്റയ്ക്ക് കഴുകി, രാത്രിയാകുമ്പോൾ, "സക്കീനാ, നീ ഉറങ്ങിയോ, ഇവിടെ വന്നു കിടന്നോ" എന്ന് വിളിച്ചരികിൽ കിടത്താറുള്ള വെല്ലുമ്മിച്ചി. എന്റെ വെല്ലുമ്മിച്ചി മരിച്ചു പോയി. മയ്യിത്ത് കുളിപ്പിച്ച്, ഖുർ-ആൻ ഓതി എന്റെ വെല്ലുമ്മിച്ചിയെ യാത്രയാക്കിയപ്പോൾ ആണ്, ജീവിതത്തിൽ ആദ്യമായി ഞാൻ ബോധം കേട്ട് വീണത്. മരിച്ചവരെ കുറിച്ചുള്ള ഓരോ ഓർമയും കരൾ പിളർന്നെടുക്കുന്ന വേദനയാണ് സമ്മാനിക്കുന്നത്. ദൈവം എന്ന അസ്തിത്വത്തിന്റെ സാമീപ്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും മരണമെന്ന പ്രതിഭാസത്തിനു മുന്നിലാണ്. മരിച്ചവരെ സംരക്ഷിക്കാൻ ദൈവം ഉണ്ടെന്നുള്ള ആശ്വാസം. മരിച്ചവർക്കായി ദൈവത്തോടുള്ള യാചനയായി എല്ലാ ദിവസവും ഞാൻ മഗ്ഫിറത്ത് നമസ്കരിക്കാറുണ്ട് , എന്റെ വെല്ലുമ്മിച്ചിയേയും വാപ്പിച്ചിയേയും അകാലത്തിൽ പിരിഞ്ഞു പോയ എന്റെ അനിയനേയും എല്ലാ മനുഷ്യരേയും കാത്തു കൊള്ളണേ എന്ന കണ്ണീരിൽ കുതിർന്ന യാചന.

വെല്ലുമ്മിച്ചി മരിച്ച ശേഷം ഉമ്മിച്ചിയുടെ വഴക്ക് കേട്ടിട്ടാണെങ്കിലും രാത്രിയാവുമ്പോൾ പുതപ്പുമായി അരികിൽ അറിയാതെ ചേർന്ന് കിടന്നാണ് നേരം വെളുപ്പിക്കുന്നത്.
ഞാൻ ചുറ്റും കണ്ണോടിച്ചു. രാത്രിയുടെ നിശ്ശബ്ദതയിൽ ഒറ്റയ്ക്കായ എന്റെ മുന്നിലേക്ക് മണിക്കിണർ പുഴയിലൂടെ ഒഴുകിപ്പോകുന്ന സെവ്യറിന്റെയും തങ്കമ്മയുടെയും മുഖം ഓടിയെത്തി. ആലുവയിലെത്തും മുമ്പ് വളർന്നതും പഠിച്ചതുമെല്ലാം കോതമംഗലത്തിനടുത്തുള്ള പൈമറ്റത്തായിരുന്നു. വിരിച്ചിട്ട പച്ചപുല്ല് നിറഞ്ഞ റോഡരികിൽ ചെമ്പരത്തിയും റോസാപൂക്കളും വിവിധ വർണത്തിൽ ഇലകളുമായി പേരു മറന്ന ചെടികളുമുള്ള കുഞ്ഞു വീടിന്റെ പിൻവശത്ത് മനോഹരമായൊഴുകുന്ന പുഴയായിരുന്നു. ചെമ്പരത്തിയിലയിലും വെള്ളിലയിലും ഇഞ്ച ചേർത്ത് പുഴ്യ്ക്കരികിലെ പാറകൾക്കുള്ളിൽ പതിയിരിക്കുന്ന കുഴിയിലമർത്തി താളിയുണ്ടാക്കി കൂട്ടുകാർക്കൊപ്പം നീന്തിത്തുടിച്ച് കുളിച്ച് തിമർക്കുന്ന ബാല്യത്തിലെ ഓർമയിലേറെയും ഈ പുഴയായിരുന്നു. എത്ര കുളിച്ചാലും കളിച്ചാലും മതിവരാത്ത കാലത്തിൽ കൂട്ടുകാരികളോടൊപ്പം തോർത്ത് വീശി മീൻ പിടിച്ചതും അരികിൽ പതിയിരിക്കുന്ന ചെമ്മീനിനെ കൈപത്തി പൊത്തി കൂട്ടിലാക്കിയതും ഈ പുഴയിലായിരുന്നു.


വർഷക്കാലത്ത് പുഴ കര കവിഞ്ഞൊഴുകും. വീടിന്റെ വരാന്തയിലിരുന്ന് വെള്ളത്തിൽ കളിക്കാനാവും വിധം വെള്ളം കയറും. ഉമ്മിച്ചിയുടെ കപ്പയും ചേമ്പും കൂർക്കയുമെല്ലാം വെള്ളത്തിനടിയിലാവും. ഇങ്ങനെയുള്ള ഒരു വർഷക്കാലത്താണ് പുഴയിലൂടെ തങ്കമ്മ ഒഴുകി പോകുന്നത് കണ്ടത്. ജോലി കഴിഞ്ഞ് മുള്ളിരിങ്ങാട് പുഴ നീന്തി കടക്കുന്നതിനിടയിലാണ് വെള്ളം പൊങ്ങിയതും തങ്കമ്മയ്ക്ക് പിടിവിട്ട് പോയതും. കൂട്ട്കാരികൾ രക്ഷപ്പെട്ടു. അടുത്ത വീട്ടിലെ ജമീല ഒച്ചവെച്ചോടുന്നതിനു പുറകെ ഞങ്ങളും ഓടി. മഞ്ഞ പാവാടയും ചുമന്ന ബ്ലൌസുമിട്ട തങ്കമ്മയുടെ ശവശരീരം ഞാനന്ന് തെളിഞ്ഞ് കണ്ടു.

സ്കൂളിൽ പോകും മുമ്പ് കുളിപ്പിക്കാനായി ഉമ്മിച്ചി രാവിലെ പുഴയിൽ കൊണ്ട് പോകും. അതിന് മുമ്പ് വിറക് പെറുക്കാനായി ഉമ്മച്ചി അടുത്തുള്ള തുരുത്തിൽ ഒരു റോന്ത് ചുറ്റലുണ്ട്. പുഴയിലൂടോഴുകുന്ന കമ്പുകളെല്ലാം ഈ തുരുത്തിൽ കുടുങ്ങി കിടക്കും. ഉമ്മിച്ചി അതിനെയെല്ലാം രാവിലെ കരയിലേക്കെറിയും. ഞാനും കൂടെ പോകും. നടന്നു നടന്ന് കുറച്ച് ദൂരെയെത്തിയപ്പോൾ ഉമ്മിച്ചി അതാ ഉച്ചത്തിൽ നിലവിളിക്കുന്നു."അള്ളാ , ദേ ഒരാൾ". കൂടെ ഞാനും അലറി വിളിച്ചു. ശബ്ദം കേട്ട് വാപ്പിച്ചി ഓടി വന്നു. തുരുത്തിന് നടുവിലായി പച്ച നിക്കറിട്ട ഒരാൾ കമിഴ്ന്ന് കിടക്കുന്നു. ചുറ്റുപാട് നിന്നും ആളുകൾ ഓടിക്കൂടി. പോലീസെത്തി. ശവം പൊതിയാനും പിടിക്കാനുമെല്ലാം വാപ്പിച്ചിയും സഹായിച്ചു. ദിവസങ്ങളോളം വാപ്പിച്ചിയുടെ കയ്യിൽ തൊടാൻ പോലും പേടിയായിരുന്നു. ഈ രണ്ട് മൃതദേഹങ്ങളാണ്, ചെറുപ്പത്തിൽ ആദ്യമായി കണ്ടത്. എത്ര വലുതായിട്ടും എവിടെയെങ്കിലും ഒറ്റയ്ക്കായാൽ ആദ്യം എന്റടുത്ത് ഓടിയെത്തുക ഇവർ രണ്ട് പേരുമായിരിക്കും.


എഗ്മോറിലെ മുറിയിൽ ഒറ്റയ്കായപ്പോഴും ഇവർ രണ്ടു പേരും എന്റെയടുക്കലേയ്ക്ക് മത്സരിച്ചോടിയെത്തി. എനിക്ക് ഒരു നിമിഷം അവിടെ ഇരിക്കാനായില്ല. പേടിച്ച് വിറച്ച മുഖവുമായി ഞാൻ പുറത്ത് നില്ക്കുന്ന പരിചാരകന്റെ സമീപത്തായി നിലയുറപ്പിച്ചു. കാര്യം ചോദിച്ച അയാളോട് എനിക്ക് പേടിയാവുന്നുവെന്നും ഒറ്റയ്ക്ക് ഉറങ്ങാനാവില്ലെന്നും പറഞ്ഞു. മാനേജർ വന്നു. എന്റെ അവസ്ഥ അയാളെയും ബോധ്യപ്പെടുത്തി. ഇവിടം സുരക്ഷിതമാണെന്നും, തൊട്ടടുത്ത മുറികളിൽ ചെയർമാനും മറ്റ് അതിഥികളെല്ലാവരും ഉണ്ടെന്നും അയാൾ എന്നെ മനസ്സിലാക്കാൻ ആവുന്നത്ര ശ്രമിച്ചു. ഞാൻ എന്റെ കൂട്ടുകാരുടെ അടുത്തേയ്ക്ക് പോകണമെന്ന് വാശി പിടിച്ചു. അവസാനം അവർ എന്നെ ദോർമിറ്ററിയിലെത്തിച്ചു.

അവിടെ നാല്പതോളം ആൺകുട്ടികൾ ഉണ്ടായിരുന്നു. അവരാരും ഉറങ്ങുകയായിരുന്നില്ല. ഹരികൃഷ്ണനും ഫ്രാൻസിസും രവിശങ്കരുമെല്ലാം അവിടെയെത്തിയ എല്ലാവരുമായും സൌഹൃദം ആരംഭിച്ചു കഴിഞ്ഞു. അവർ ഒരുമിച്ചു കൂടി ടൌണിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. അവരോട് എനിക്ക് ഒറ്റയ്ക്ക് ഉറങ്ങാനാവില്ലെന്നും പേടിയാവുന്നുവെന്നും മടിച്ചു മടിച്ചാണെങ്കിലും പറഞ്ഞു. "ക്ലാസിൽ എല്ലാവരേയും വാചകമടിച്ച് വിറപ്പിക്കാറുള്ള തനിക്ക് പേടിയോ? എന്തായാലും ഞങ്ങളുടെ കൂടെ കൂടിക്കോ?" ഞങ്ങളെല്ലാവരും എഗ്മോർ ചുറ്റിയടിച്ചു. ചെന്നൈ ടീമിലെ അനന്തകൃഷ്ണനും രാഹുലുമെല്ലാമായി സൌഹൃദത്തിലായി. തിരിച്ച് ഹാളിലെത്തി. അവരാരും ഉറങ്ങിയില്ല. ചിലർ മദ്യപിച്ച് 'വാള് ' വെച്ചു. ചിലർ പാട്ട് പാടി നൃത്തം ചെയ്തു. എന്റെ കൂട്ടുകാർ ആരും മദ്യപിച്ചില്ല. ഞാൻ അവരോടൊപ്പം ഇരുന്ന് നേരം വെളുപ്പിച്ചു.

പിറ്റേ ദിവസം ഞങ്ങൾ പങ്കെടുത്ത മുഖ്യമായ പരിപാടി "Group Discussion " ആയിരുന്നു. Seniority Vs Merit ആയിരുന്നു, വിഷയം. ഇതിലും വേദിയിൽ അവതരിപ്പിക്കേണ്ട ചുമതല എനിക്കായിരുന്നു. സേവന വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്ന വക്കീലിന്റെ കൂടെ ട്രെയിനിമ്ഗ് ചെയ്യുന്നതിനാൽ എനിക്ക് സീനിയോറിറ്റിയും മെരിറ്റും നന്നായറിയാവുന്ന വിഷയങ്ങൾ ആയിരുന്നു. ഞാൻ നന്നായി അവതരിപ്പിച്ചു. പക്ഷേ അവസാനം ഒരു അബദ്ധം കാണിച്ചു, ഏതെങ്കിലും ഒന്നിന് പ്രാധാന്യം നൽകേണ്ടതിന് പകരം ഞാൻ രണ്ട് വിഷയത്തേയും പ്രശംസിച്ചായിരുന്നു സംസാരിച്ചത്. അതിനാൽ ഒന്നാം സമ്മാനം നഷ്ടമായി. പക്ഷേ പരിപാടി കഴിഞ്ഞപ്പോൾ ചെയർമാൻ വേദിയിൽ നിന്നിറങ്ങി വന്ന് തോളിൽ തട്ടി അഭിനന്ദിച്ചു,”You are Super”. ദോർമിറ്റരിയിലെ കൂട്ടുകാർ “Miss Cochin” എന്ന വിശേഷണവും നല്കി.

അന്ന് രാത്രി തന്നെ ഞങ്ങൾ മദ്രാസിൽ നിന്നും യാത്രയായി, രാവിലെ തന്നെ വീട്ടിലെത്തി. ഉമ്മച്ചിയുടെ ദേഷ്യമെല്ലാം ഐസു പോലെ ഉരുകിയൊലിച്ചു പോയിട്ടുണ്ടായിരുന്നു. ട്രോഫി കാണിച്ച് ഞാൻ തമാശയായി പറഞ്ഞു, ഉമ്മിച്ചിയുടെ ശാപമാണ് ഈ ട്രോഫി. "നിനക്കറിയില്ല, ഞാൻ എത്ര കണ്ണീരൊഴുക്കി അല്ലാഹുവിനോട് പ്രാർതിച്ചെന്ന്, ഒരാപത്തും വരാതിരിക്കാൻ, നിനക്കൊരു കുഞ്ഞുണ്ടാകുമ്പോഴേ നിനക്കറിയൂ, മാതൃത്വത്തിന്റെ വില", ഉമ്മിച്ചി പ്രതിവചിച്ചു.