cyberjalakam.com

ജാലകം

Monday, August 15, 2016

എനിക്കുമുണ്ടൊരു ഡ്രൈവിംഗ് ലൈസൻസ്

ലക്ഷദ്വീപിൽ നിന്നും ഒരു ഇത്ത ഏറണാകുളത്തു വന്ന കഥ കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ. പണ്ടൊക്കെ പ്രസവിക്കാനും വലിയ രോഗങ്ങൾക്ക് ചികിൽസിക്കാനുമെല്ലാം ലക്ഷദ്വീപിൽ നിന്നും എറണാകുളം ജനറൽ ആശുപത്രിയിൽ ആയിരുന്നുവത്രേ എല്ലാവരും വന്നിരുന്നത്. നമ്മുടെ ഇത്തയും മകളുടെ പ്രസവാവശ്യത്തിനായി ആണു ഇവിടെ എത്തിയത്. മരുന്നോ മറ്റോ വാങ്ങാനായി പുള്ളിക്കാരി ഓട്ടോറിക്ഷയിൽ കയറി. തിരിച്ചിറക്കി വിടുമ്പോൾ ഓട്ടോകാരൻ ഇരുപതു രൂപ ചോദിച്ചു. ഇത്ത നൂറു രൂപ കൊടുത്തു.

ഓട്ടോകാരൻ ബാക്കി കൊടുത്തിട്ടും ഇത്ത വാങ്ങുന്നില്ല. അയാൾ നിർബന്ധിച്ചപ്പോൾ ഇത്ത ഒരേയൊരു വാശി, "നീയിതു വെച്ചോ, നീ മിടുക്കനാ, ഇത്രേം ബല്യ വണ്ടികൾക്കിടയിലൂടെ ഞമ്മളെ ഒരു കേടും പറ്റാതെ ഇവിടെ കൊണ്ട് വന്നെത്തിച്ചില്ലേ. ഇനീം ഒരു നൂറു കൂടി തന്നാലും മതിയാവൂല."

ലക്ഷദ്വീപിലെ ഇത്തയുടെ ആദരവായിരുന്നു, ചെറുപ്പത്തിലെ വണ്ടിയോടിക്കുന്ന ഡ്രൈവറോട് തോന്നിയിരുന്നത്. എത്ര വലിയ വണ്ടിയാ ഈ ചെറിയ മനുഷ്യൻ ഓടിക്കുന്നതെന്ന അത്ഭുതം. പി.എം. എസ് . ബസ് ആദ്യമായി മണിക്കിണറിൽ വന്നപ്പോൾ തൊട്ടും തലോടിയും അടിയിലെ പെട്രോൾ ഒന്ന് മണത്തിയും എത്ര സമയം അതിനടുത്ത് നിന്നിട്ടുണ്ടെന്നോ. കവളങ്ങാട് സ്കൂളിലേക്കുള്ള യാത്രയിൽ ഓരോ വീടിനു മുമ്പിലും നിർത്തിയിട്ട് ആളെ കയറ്റുന്ന പി.എം.എസ്. അത് തന്നെയാണ് ജീവിതത്തിൽ ആദ്യം ഇഷ്ടപ്പെട്ട വാഹനം.

സൈക്കിളും സ്കൂട്ടറും കാറു അന്നൊന്നും ഞങ്ങളുടെ നാട്ടിൽ പെണ്‍കുട്ടികൾ ഒടിച്ചിരുന്നില്ല. പൈറ്റത്തു നിന്ന് ആലുവയിലേക്ക് കുടിയേറിയതിന് ശേഷമാണ് പെണ്‍കുട്ടികൾ സൈക്കിൾ ഓടിക്കുന്നത് കാണുന്നത്. അയൽ വീട്ടിലെ പാത്തുകുട്ടി സൈക്കിൾ ഓടിച്ച് ചീറി പായുന്നത് കാണുമ്പോൾ അത്ര സ്പീടിലല്ലെങ്കിലും ഈ കുന്തം ഒന്നോടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനും ആശിച്ചിട്ടുണ്ട്.

പാത്തുകുട്ടിയുടെ ജീവിതം പകുതി സമയവും സൈക്കിളിൽ തന്നെയായിരുന്നു. അവസാനം പെണ്ണ് കാണാൻ വന്നപ്പോൾ ബ്രോക്കർ ചെറുക്കനോട് പറഞ്ഞു, "ആ പോകുന്ന പെണ്ണില്ലേ. അതിനെയാണ് നമ്മൾ കാണാൻ പോകുന്നത്." വീട്ടിലെത്തി ചായസൽക്കാരമൊക്കെ കഴിഞ്ഞു തിരിച്ചു പോകും വഴി ചെറുക്കൻ പറഞ്ഞത്രേ, "ആ പെണ്ണിൻറെ അത്രയും തൂക്കം സ്വർണം തന്നാലും എനിക്കാ പെണ്ണിനെ വേണ്ട". പത്തുകുട്ടി സൈക്കിൾ മാറ്റി ഇപ്പോൾ സ്കൂട്ടർ ഓടിച്ചു സുഖമായി നടക്കുന്നു.

എന്തായാലും വീട്ടിൽ വാപ്പിചിയെ പേടിച്ച് എന്റെ സൈക്കിൾ ഓടിക്കാനുള്ള മോഹം മോഹമായി തന്നെ അവശേഷിച്ചു. അഞ്ചാറു വർഷങ്ങൾക്ക് ശേഷം വാപ്പിച്ചി മരിച്ചു. ഒരു ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് പോയതായിരുന്നു. അവിടെ എളാപ്പയുടെ മക്കൾ രണ്ടു പേരും സൈക്കിൾ ഓടിച്ചു വിലസുന്നു. അവരേക്കാൾ പ്രായമുണ്ടായിരുന്നു എനിക്കെങ്കിലും ഞാൻ സ്വകാര്യമായി ജബിയോട് ചോദിച്ചു, "നീ എന്നെയൊന്നു സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചു തരുമോ?"

അവൾ ഒറ്റ വാക്കിൽ ഉത്തരം നല്കി, "നീ ഒന്ന് പോ സക്കീനാ ".

ഇനിയെന്ത് ചെയ്യും? ഞാൻ ആലോചിച്ചു, എന്ത് കൊടുത്ത് ഇവളെ ഒന്ന് വളയ്ക്കും ? ജബിയ്ക്ക് എല്ലാമുണ്ട്, വളയും മാലയുമെല്ലാം. പക്ഷേ എന്റെ കയ്യിൽ പല നിറത്തിൽ ഉള്ള ക്രിസ്റ്റൽ മാല ഇവൾക്കില്ല. ഞാൻ എളീമ കേൾക്കാതെ പറഞ്ഞു, എന്നെ സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചാൽ നിനക്ക് ഞാൻ ഇഷ്ടമുള്ള കളറിലെ ക്രിസ്റ്റൽ മാല തരാം.

അവൾ ചിരിച്ചു കൊണ്ട് സമ്മതിച്ചു. അങ്ങിനെ ഞങ്ങൾ പുറകു വശത്തുള്ള റോഡിലൂടെ സൈക്കിൾ ചവിട്ടാൻ ആരംഭിച്ചു. എന്നെ സൈക്കിളിൽ ഇരുത്തി. ജബി സൈഡിലൂടെ ഹാൻഡിലിൽ പിടിച്ചു നടന്നു. എന്നോട് ചവിട്ടാൻ പറഞ്ഞു. ഞാൻ പതുക്കെ ചവിട്ടി.

ദൂരെ നിന്നും ഒരു കാർ എതിരേ വരുന്നത് കണ്ടു, ഞാൻ സൈക്കിളിൽ നിന്നെടുത്തു ഇടതു വശത്തുള്ള പറമ്പിലേക്ക് ചാടി. ജബിയും സൈക്കിളും റോഡിൽ വീണു കിടന്നു. കാർ ഡ്രൈവർ ഇറങ്ങി ജബിയെ പൊക്കിയെടുത്തു.

കൈകാലുകളിലെ മുറിവുകൾ എളീമയെ കാണിച്ചു കൊടുക്കുന്നത്തിനിടയിൽ ജബി ദേഷ്യവും സങ്കടവും കലർത്തി പറഞ്ഞു, "മോളെനിക്ക് ക്രിസ്റ്റൽ മാലയല്ല, ഡയമണ്ട് നെക്സ്ലേസ് വാങ്ങി തന്നാലും ഇനി സൈക്കിൾ ചവിട്ടി പഠിപ്പിക്കാൻ എന്നെ കിട്ടുകയല്ല. എനിക്കെന്റെ ജീവനാ വലുത്."

അതോടെ ആ മോഹം എന്നെന്നേക്കുമായ് പൊലിഞ്ഞു.

പിന്നെ സ്കൂട്ടറുകളുടെ കാലമായി. സ്കൂട്ടിയും കൈനറ്റിക് ഹോണ്ടയുമെല്ലാം കൂട്ടുകാർ ഓടിച്ച് കോളേജിൽ വരുന്നത് കണ്ടിട്ടും സതി ചേച്ചിയുടെ കൈനറ്റിക് ഹോണ്ടയിൽ കയറി കോതമംഗലം-അടിമാലി, ഇടമലയാർ -ഭൂതത്താൻ കെട്ട് മുഴുവൻ ചുറ്റിയിട്ടും എന്തോ സ്കൂട്ടർ ഓടിക്കാൻ അത്ര മോഹം തോന്നിയിട്ടില്ല.

സൌദിയിൽ ഭർത്താവിന്റെ കാറിന്റെ സൈഡ് സീറ്റിലിരിക്കുമ്പോൾ ഡ്രൈവിംഗ് എന്ന മോഹമേ പാടില്ലാത്തതിനാൽ അതിനെ കുറിച്ച് അന്നൊന്നും ചിന്തിച്ചില്ല. ലോണെടുത്തതാണെങ്കിലും സ്വന്തം പേരിലൊരു കാറുണ്ടാകുന്നത് ദുബായിൽ ആയിരുന്നപ്പോഴാണ്. സെക്കന്റ് ഹാൻഡ് ആയിരുന്നിട്ടും ആര് കണ്ടാലും "ഇത് വില്ക്കുമോ " എന്ന് ചോദിപ്പിക്കത്തക്ക സുന്ദരിയായ എന്റെ സിൽവർ കളർ കാംറി. ഭാഗ്യവശാലോ നിർഭാഗ്യവശാലോ അതിനൊരു ഡ്രൈവറും ഉണ്ടായിരുന്നു. അയാൾ അതിന്റെ സ്റ്റിയരിംഗിൽ പോലും തൊടാൻ സമ്മതിച്ചിരുന്നില്ല.

ദുബായിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് അനുവദിക്കപ്പെട്ടിട്ടും ഒരിക്കലും അത് പഠിക്കണമെന്നു തോന്നിയില്ല, അഥവാ സാഹചര്യം അനുവദിച്ചില്ല.

ലണ്ടനിലേക്ക് വരാൻ ഒന്നര മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഭർത്താവ് ഡ്രൈവിംഗ് പഠിക്കാൻ നിർബന്ധിക്കുന്നത്. കാറില്ലാത്ത ഞാനെന്തിന് ഡ്രൈവിംഗ് പഠിക്കണം എന്നതായിരുന്നു, അതുവരെയുണ്ടായിരുന്ന കാഴ്ചപ്പാട്.

അങ്ങിനെ ആലുവയിലെ ബിനു ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു. ആദ്യ ദിവസം ടീച്ചർക്ക് ഗുരു ദക്ഷിണ കൊടുക്കണം, ഞാൻ അഞ്ഞൂറ് രൂപ കൊടുത്തു, ടീച്ചർ വാങ്ങുന്നില്ല. " ഇതെന്റെ അവസാനത്തെ ദിവസമാണ്, നാളെ മുതൽ ഞാനുണ്ടാവില്ല. വേറെ ടീച്ചർ ആയിരിക്കും, അവർക്ക് കൊടുത്താൽ മതി. ഇന്ന് ഞാൻ ജസ്റ്റ് സ്റ്റിയരിംഗും ബ്രേക്കും പരിചയപ്പെടുത്തി തരാം. എന്ത് പരിചയപ്പെടുത്തിയാലും ഇതെന്റെ ആദ്യത്തെ ഡ്രൈവിംഗ് ക്ലാസ് ആണ്, ടീച്ചർ വാങ്ങിക്കോ, ഞാൻ പൈസ കൊടുത്തു.

പറവൂർ കവലയിൽ നിന്നും ആലുവ ശിവരാത്രി മണൽപുറത്തേക്കുള്ള റോഡിലൂടെ കുറെ നേരം ഓടിച്ചു. ഞാൻ ആദ്യമായി ഓടികൊണ്ടിരുന്ന വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലിരുന്നു.

ശമ്പളം കുറവായതിനാൽ ടീച്ചർ പിരിഞ്ഞു പോയി. പിറ്റേ ദിവസം വന്നത് മേരി ടീച്ചർ ആയിരുന്നു. ടീച്ചർ ഓരോ ദിവസവും ഓരോ ഭാഗങ്ങൾ പരിചയപ്പെടുത്തുകയും ചെറുതായി ഓടിക്കാൻ പഠിപ്പിക്കുകയും ചെയ്തു. ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നുണ്ടെങ്കിലും ക്ലച്ചും ബ്രേക്കുമെല്ലാം അമർത്തുന്നുണ്ടെങ്കിലും ഇവയെല്ലാം ടീച്ചറിന്റെ കാലിനടിയിലും ഉണ്ടായിരുന്നു. അതുകൊണ്ട് ഓടിക്കുമ്പോൾ ഒരു അപകർഷതാ ബോധം തോന്നാതിരുന്നില്ല. എന്നാലും ആലുവാ തൃശൂർ നാഷണൽ ഹൈവേയിലൂടെയല്ലേ ഓടിക്കുന്നത്, സാരമില്ല, സമാധാനിക്കും.

എനിക്ക് ലണ്ടനിലേക്ക് പോകാൻ ഒരു മാസത്തെ സമയമേ ഉള്ളൂ. അതിനിടയിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടുകയെന്നതാണ്, ടാർജറ്റ്. അതിനാൽ ഞാൻ ഫാസ്റ്റ് ട്രാക്കിൽ പഠിക്കാനുള്ള വഴി നോക്കി. കിലോമീറ്ററിന് ഇരുപത്തിഅഞ്ചു രൂപ കൊടുത്താൽ കൂടുതൽ സമയം പഠിക്കാം. മേരി ടീച്ചർ ഡ്രൈവിംഗ് സ്കൂളിൽ പറഞ്ഞു അനുവാദം വാങ്ങി. ഞങ്ങൾ ആലുവ പാലം കടന്നു പെരുമ്പാവൂർ റൂട്ടിൽ മാറമ്പിള്ളി വരെയും തിരിച്ചു കളമശ്ശേരി വരെയുമെല്ലാം ഓടിച്ചു പഠിച്ചു. വണ്ടി ഓടിക്കുന്നതിനിടയിൽ മേരി ടീച്ചർ തന്റെ കഥ പറയാൻ തുടങ്ങും.

മേരി ടീച്ചർ കൂടുതലും സംസാരിക്കുന്നത് അമ്മയെ കുറിച്ചാണ്, പക്ഷേ കുറ്റപ്പെടുത്തിയാവും തുടങ്ങുന്നതും അവസാനിപ്പിക്കുനതും. അവരെ ഒരിക്കയും അമ്മയെന്ന് വിശേഷിപ്പിച്ചിട്ടില്ല. "ആ തള്ളയാണ് എന്റെ ജീവിതം നശിപ്പിച്ചത്. പത്തൊമ്പത് വയസ്സിൽ മകൾക്ക് വൈധവ്യം വാങ്ങി തന്നവരാണ് അവർ."

പതിനെട്ട് വയസ്സിലായിരുന്നു, ടീച്ചറിനെ പെണ്ണ് കാണാൻ അയാൾ എത്തിയത്. മുഴുകുടിയനാണെന്ന് അന്വേഷിക്കാൻ പോയ പലരും പറഞ്ഞപ്പോൾ ടീച്ചർ കരഞ്ഞു കൊണ്ട് ഒരുപാട് എതിർത്തുവത്രേ. അപ്പോൾ അമ്മയ്ക്ക് ഒരേയൊരു വാശി. ചെറുക്കൻ കുടിയനായാലെന്താ, അച്ഛനെ കണ്ടാൽ പൂവൻ പഴം പോലെ വെളുത്ത് തുടുത്തല്ലേ ഇരിക്കുന്നത്.

എന്തായാലും അമ്മ ആ കല്യാണം തന്നെ നടത്തി. ഭര്ത്താവിനെ കൂടാതെ എട്ടു മക്കളുണ്ടായിരുന്ന ആ കുടുംബത്തിൽ നിന്ന് നിവരാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ലത്രേ. വൈകാതെ ടീച്ചർ ഗർഭിണിയായി. പ്രസവത്തിനു മുമ്പേ അയാൾ മരിക്കുകയും ചെയ്തു. അന്ന് മുതൽ ടീച്ചർ ഒറ്റയ്ക്കാണ്. ഇന്ന് മകന് പത്തൊമ്പത് വയസ്സായി. എല്ലാ പ്രതീക്ഷകളും മകനിൽ അർപ്പിച്ച് ഇത്ര കാലം ജീവിച്ചു. അവനെ വളർത്താനാണ് ഡ്രൈവിംഗ് പഠിച്ചതും പഠിപ്പിക്കുന്നതും. പക്ഷേ മകൻ പ്ലസ് ടു വിനു പഠിക്കുകയാണ്, ഞാൻ പറഞ്ഞാൽ ഒരക്ഷരം അവനും അനുസരിക്കില്ല.

എനിക്കൊരേ ആഗ്രഹമേയുള്ളൂ, എങ്ങിനെയെങ്കിലും ആ അമ്മയിൽ നിന്നും മകനിൽ നിന്നും അകന്ന് എവിടെയെങ്കിലും ദൂരെ താമസിക്കണം. അപ്പോഴേ അവർ എന്റെ വില മനസ്സിലാക്കുകയുള്ളൂ. ഞാൻ ടീച്ചറെ സമാധാനിപ്പിച്ചു. "ദു:ഖങ്ങൾ എല്ലാവർക്കും ഉണ്ട്. നാം അവ തരണം ചെയ്തേ മതിയാകൂ. അമ്മയും മകനുമെല്ലാം നാം അനുഭവിക്കേണ്ട ദുരന്തങ്ങൾക്കെല്ലാം ഒരു നിമിത്തം മാത്രമാണ്.
ക്ലാസ് കഴിയുമ്പോൾ ഞങ്ങൾ ആലുവയിലേതെങ്കിലും രസ്റ്റോരന്റിൽ പോയി ഊണു കഴിക്കും.

അപ്പോഴെല്ലാം ബാബു ചേട്ടൻ ഓട്ടോയുമായി പറവൂർ കവലയിൽ കാത്തു നിൽക്കുന്നുണ്ടായിരിക്കും. എന്നെ ഇറക്കിയിട്ട് തിരിച്ച് പോകാൻ പറഞ്ഞാൽ ചേട്ടൻ പറയും, കടുങ്ങല്ലൂർ സ്ടാന്ടിൽ പോയാലും ഞാൻ അവിടെ വെറുതെ കിടക്കുകയായിരിക്കും. മോള് പോയിട്ട് വാ, ഞാനിവിടെ ഇരുന്നോളാം. ബാബു ചേട്ടനും ഒരുപാട് കള്ള് കുടിക്കുമായിരുന്നു. പ്രേമിച്ച് വിവാഹം ചെയ്ത ഭാര്യ വേറെയാളുടെ ഭാര്യ ആയതിലെ നിരാശ ആണത്രേ. വയസ്സായ അമ്മയെയും അച്ഛനെയും നോക്കാനുള്ളത് കൊണ്ടാണ്, അല്ലെങ്കിൽ ഈ ജീവിതം പണ്ടേ ഉപേക്ഷിക്കുമായിരുന്നുവെന്ന് പലപ്പോഴും പറയുമായിരുന്നു. എന്തായാലും, വയസ്സായ അമ്മയേയും അച്ഛനെയും തനിച്ചാക്കി ബാബു ചേട്ടൻ യാത്രയായി. അതേ ഓട്ടോയിൽ മരിച്ചു കിടന്നിരുന്നു, ഒരു ദിവസം നേരം പുലർന്നപ്പോൾ.
പതിനഞ്ചു ദിവസം കൊണ്ട് ഒരു വിധം ഡ്രൈവിംഗ് പഠിച്ചു. കാറിലിരുന്നു ഓടിച്ച് പഠിക്കാൻ വലിയ പ്രയാസമില്ല. പക്ഷേ പറവൂർ കവലയിലെ ഒരു മരത്തണൽ പോലുമില്ലാത്ത വിജനമായ പറമ്പിൽ ഉച്ചക്ക് രണ്ടു മണിക്ക് എച്ച് എടുക്കുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്.

ഷോൽഡർ ലവൽ വരയ്ക്കൊപ്പമെത്തുമ്പോൽ സ്റ്റിയരിംഗ് വലത്തോട്ട് തിരിച്ച്, പച്ചകുപ്പി രണ്ടാമത്തെ ഗ്ലാസ്സിലൂടെ കാണുമ്പോൾ ഇടത്തോട്ടു തിരിച്ചു, പിന്നെ കമ്പിയും ചുമന്ന കുപ്പിയും പച്ചകുപ്പിയും മാറി മാറി കാണുന്നതനുസരിച്ച് വലത്തോട്ടും ഇടത്തോട്ടും തിരിച്ച് അവസാനം റിവേർസ് എടുത്തു എച്ച് എടുക്കുക എന്നത് എഴുതിയ എല്ലാ പരീക്ഷകളെക്കാളും പ്രയാസകരമാണ്. ഓരോ പ്രാവശ്യം എച്ച് എടുത്തു പരാജയപ്പെടുമ്പോഴും ഇന്സ്ട്രക്ടറോഡ്‌ ചോദിക്കും ഇതെന്തിനാണെന്നും, ഇതിന്റെ ഉപയോഗമെന്താണെന്നും കൂടി പറഞ്ഞു തരാൻ, അയാൾ പറയും, "എന്റെ പൊന്ന് ചേച്ചീ, അതൊന്നും നിങ്ങളറിയണ്ട, ഇത് ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം എടുത്താൽ മതി, അത് കൊണ്ട് ധൈര്യമായി പറയും പോലെ ചെയ്തോളൂ".
ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റിൽ റോഡ് ടെസ്റ്റ് പാസായെങ്കിലും എച്ച് എടുക്കുന്നതിൽ പരാജയപ്പെട്ടു. ജയിച്ചാൽ ടീച്ചർക്കും കൂടെ നിൽക്കുന്നവർക്കും കൊടുക്കാനായി കൊണ്ടുപോയ മിഠായി കൂടി നിന്ന പോലീസ് കാർക്ക് കൂടി പങ്കു വെച്ച് കൊടുത്തപ്പോൾ അവർ കളിയാക്കി, ആദ്യമായാണ് തോറ്റതിന് ചിലവ് കിട്ടുന്നതെന്ന്.

രണ്ടാഴ്ച കഴിഞ്ഞേ അടുത്ത ടെസ്റ്റിന്റെ തീയതി കിട്ടുകയുള്ളൂ. അതിനായി ബുക്ക് ചെയ്ത് എച്ച് എടുക്കാനുള്ള കഠിന പരിശ്രമം ആരംഭിച്ചു. എച്ചിന് പൊട്ടുമോയെന്നുള്ള പരിഭ്രാന്തിയിൽ റോഡ് ടെസ്റ്റിൽ ശ്രദ്ദിക്കാൻ കഴിഞ്ഞില്ല. നെടുമ്പാശ്ശേരി വഴിയുള്ള ഓട്ടത്തിൽ കൂടെയിരുന്നു പോലീസ് കാരൻ പ്രോത്സാഹിപ്പിച്ചു, "മാഡം പേടിക്കേണ്ട, ശരിയാകുന്നുണ്ട്, അല്പം കൂടി ശ്രദ്ധിച്ചാൽ മതി" എന്നൊക്കെ. എന്തായാലും ഇത്തവണ എച്ച് എന്ന മഹാ മാരണം കടന്നു കിട്ടി.

രണ്ട് ദിവസത്തിന് ശേഷം ഭർത്താവിനോടൊപ്പം യാത്ര തിരിച്ചു. ആദ്യമായി കാറിൽ യാത്ര പോയത് ക്രോയ്ഡനിൽ നിന്നും റ്റൂട്ടിംഗിലേക്ക് ആയിരുന്നു. പുറത്തെവിടെയോ പോയി തിരിച്ച് വന്ന ഭർത്താവ് "ഡ്രൈവിംഗ് ലൈസൻസ് ഒക്കെ കിട്ടിയതല്ലേ, കാറ് താനെടുത്തോളൂ" എന്ന് പറഞ്ഞു.

ഉള്ളിൽ പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും എൻറോൾ ചെയ്ത പിറ്റേ ദിവസം ഹൈക്കോടതിയിൽ കേസ് തന്ന് സ്റ്റേ വാങ്ങാൻ സീനിയറായ രാജേന്ദ്രൻ സാർ പറഞ്ഞപ്പോൾ തോന്നിയ പരിഭ്രമം പോലെ ഒന്നായിരിക്കും ഇതെന്ന് സമാധാനിച്ചു. അന്ന് സ്റ്റേ കിട്ടിയ ആത്മവിശ്വാസത്തിൽ കാറെടുക്കാനായി ശ്രമിച്ചു. കാലെത്തുന്നില്ല, അടുത്തിരുന്ന് ഭർത്താവ് ധൈര്യം പകർന്നു, "മുന്നോട്ടെടുത്തോ".

ഞാൻ മുന്നോട്ടെടുത്തു. കാർ നേരെ ചെന്ന് മുന്നിൽ കിടന്ന കാറിലിടിച്ച് നിന്നു . ബ്രെക്ക് ചവിട്ടാനും സ്റ്റിയറിംഗ് തിരിക്കാനുമെല്ലാം ഭർത്താവ് ശബ്ദം വെച്ചെങ്കിലും അദ്ദേഹത്തിനറിയില്ലല്ലോ, ഇന്നേവരെ സ്റിയറിംഗിന്റെയും ബ്രെക്കിന്റെയും നിയന്ത്രണം കൂടെയിരുന്ന ടീച്ചറിന്റെ കാലിനടിയിൽ ആയിരുന്നത് കൊണ്ടാണ് ഞാൻ വണ്ടി ഓടിച്ചു പഠിച്ചതെന്ന്.

മുന്നിൽ കിടന്ന കാർ ഒരു പാക്കിസ്ഥാനിയുടേതായിരുന്നു. ചുറ്റുമുള്ള പാക്കിസ്ഥാനികൾ ഓടി കൂടി. ഭർത്താവ് അഡ്രസും ഫോൺ നമ്പറും കൊടുക്കുന്നതിനിടയിൽ ഞാൻ പതുക്കെ പുറത്തിറങ്ങി നോക്കി, ഞങ്ങളുടെ കാറിന് കാര്യമായൊന്നും സംഭവിച്ചിട്ടില്ല, പക്ഷേ മുന്നിലെ കാർ ഹോണ്ട ആയതിനാൽ പിൻവശം പാടേ ചളുങ്ങി പോയി.

റിപ്പയറിംഗിനായി ആയിരത്തി അഞ്ഞൂറ് പൗണ്ട് അധികമായത് കൂടാതെ മാസം മാസമുള്ള ഇൻഷുറൻസ് തുകയും അന്ന് മുതൽ വർദ്ധിപ്പിച്ചു.

ചെറിയ കാറ് വാങ്ങി പിന്നീട് പലവട്ടം ഓടിച്ചു പഠിക്കാൻ നിർബന്ധിക്കുന്നുവെങ്കിലും ഇന്നേവരെ സ്റ്റീയറിംഗിൽ ഞാൻ തൊട്ടിട്ടില്ല.

എന്നാലും അഭിമാനപൂർവ്വം പറയാൻ എനിക്കുമുണ്ടൊരു ഡ്രൈവിംഗ് ലൈസൻസ്.



No comments:

Post a Comment