cyberjalakam.com

ജാലകം

Sunday, August 6, 2017

പുനഃ സമാഗമം


നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞുള്ള ഒരു സായാഹ്നത്തിൽ പരിചയമില്ലാത്ത നമ്പറിൽ നിന്നും അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ.



മറുതലയ്ക്കൽ നിന്നും എടീ, ഞാൻ കൂടെ പഠിച്ച സിന്ധുവാണ് വിളിക്കുന്നതെന്നുള്ള മധുരമൊഴി. ലോ കോളേജിലും ഒരു സിന്ധുവുണ്ടായിരുന്നു, അവളാണെന്ന് നിനച്ച് ഞാൻ വിശേഷം ആരംഭിച്ചു. അപ്പോഴാണ് ഞാൻ വക്കീൽ സിന്ധുവല്ല, കടുങ്ങല്ലൂർ സ്‌കൂളിൽ നിന്നോടൊപ്പം പഠിച്ച സിന്ധുവാണെന്ന് അറിയിച്ച് എന്നിൽ ഒരുപാട് വികാരങ്ങളും ഉൾപുളകങ്ങളും ഒരേ സമയം സമ്മാനിച്ച് നീണ്ട മുപ്പത്തൊന്ന് വർഷങ്ങൾക്ക് പിന്നിലേക്ക് എന്നെ യാത്രയാക്കിയത്. എനിക്ക് സന്തോഷം കൊണ്ട് വീർപ്പ് മുട്ടി.

സൗഹൃദങ്ങൾ, പ്രത്യേകിച്ചും പെൺസൗഹൃദങ്ങൾക്ക് വിവാഹം മൂലമുള്ള പറിച്ച് നടൽ മൂലം അധികം ആയുസ്സില്ലാത്തതാണ്. ആൺ സൗഹൃദങ്ങളാകട്ടെ, ഭർത്താവിന്റെയോ ഭാര്യയുടെയോ അനിഷ്ട സമ്പാദനം ഒഴിവാക്കാനായി മനപ്പൂർവം മറന്നു കളയുന്ന ബന്ധങ്ങളായും അവശേഷിക്കുന്നു.ഇതിനിടയിലാണ് എന്റെ കൂട്ടുകാരി ഇതാ കടുങ്ങല്ലൂരിനും ആലുവയ്ക്കും പെരുമ്പാവൂരിനും എല്ലാമപ്പുറത്തുള്ള എന്റെ സ്വന്തം കോതമംഗലത്തു നിന്നും വിളിക്കുന്നത്.

കോതമംഗലം എന്നുമെനിക്കെന്റെ ഗതകാലസുഖസ്മരണകളുടെ നാടാണ്. ജനിച്ചത് ആലുവയിലാണെങ്കിലും എന്റെ ബാല്യവും പതിമൂന്ന് വയസ് വരെയുള്ള കാലഘട്ടവുമെല്ലാം കോതമംഗലത്തെ പൈമറ്റത്തും നെല്ലിമറ്റത്തുമെല്ലാമായിരുന്നു. പേരറിയാത്ത ഏതോ മൂന്ന് പുഴകൾ കൂടിചേർന്നൊഴുകുന്ന മണിക്കിണർ തീരത്തിനടുത്തായിരുന്നു, എന്റെ ബാല്യത്തിന്റെ ഓർമ്മകൾ മുഴുവനും. ചെമ്പരത്തിയും വെള്ളിലയും ചേർത്ത് വേനൽ കാലത്ത് ഉയർന്നു നിൽക്കുന്ന പാറകൾക്കുള്ളിലെ കുഴിയിലുരച്ച് താളിയുണ്ടാക്കി തലയിൽ തേച്ചു കൂട്ടുകാരികളോടൊപ്പം നീന്തി തിമിർത്ത നാളുകൾ തന്നത് എന്റെ മണിക്കിണർ ആയിരുന്നു. തോർത്തു മുണ്ടിന്റെ രണ്ടറ്റവും നിവർത്തി മീൻ പിടിച്ചതും അരികിൽ പതിയിരിക്കുന്ന കൊഞ്ചിനെ കൈപ്പത്തി പൊത്തിപ്പിടിച്ചു പറ്റിച്ചതുമെല്ലാം ഈ പുഴത്തീരത്തായിരുന്നു.

പോത്താനിക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് സമ്മാനമായി കിട്ടിയ ക്യാഷ് പ്രൈസ് കൊണ്ട് വാപ്പിച്ചി വാങ്ങി തന്ന ഭംഗിയുള്ള ചുമന്ന ചെരിപ്പ് കാലിലിടാതെ ഞാൻ കയ്യിൽ ചുമന്നു, എന്റെ മനോഹരമായ ചെരിപ്പിന് കല്ലിൽ ചവിട്ടുമ്പോൾ വേദനിക്കാതിരിക്കാൻ.
ആ പോത്താനിക്കാടാണ് സിന്ധു ജോലി ചെയ്യുന്നത്.
സിന്ധുവിന്റെ വിളി എന്നെ മുപ്പത്തിഒന്നിലേക്കല്ല , അക്ഷരാർത്ഥത്തിൽ നാല്പത്തിരണ്ട്‍ വര്ഷം മുമ്പുള്ള എന്റെ ബാല്യത്തിലേക്കാണ് തിരിച്ചെത്തിച്ചത്.
സംസാരിച്ച കൂട്ടത്തിൽ ദിലീപ് എന്റെ നമ്പർ വാട്സപ്പിൽ ഇട്ടത് വഴിയാണ് ഞാനുമായി സമ്പർക്കം പുലർത്താൻ സാധിച്ചതെന്നും പറഞ്ഞു, കൂട്ടത്തിൽ കൂടെ പഠിച്ച ആശയോട് സംസാരിച്ചെന്നും അവൾ വൈകിട്ട് വിളിക്കുമെന്നുമറിയിച്ച് ഞങ്ങൾ സംഭാഷണം അവസാനിപ്പിച്ചു.

കഴിഞ്ഞ ആഴ്ച ദിലീപ് വിളിച്ചിരുന്നു, ജൂലൈ പതിനാറിൽ നടക്കാനിരിക്കുന്ന സമാഗമത്തെ കുറിച്ച് സംസാരിക്കാനെങ്കിലും സിന്ധു വിളിച്ചപ്പോഴാണ് അതിന്റെ ത്രിൽ ശരിക്കും മനസ്സിലായത്.

ആശ വിളിക്കുന്നതും പ്രതീക്ഷിച്ച്ഞാൻ വൈകുന്നേരമാകാൻ കാത്തിരുന്നു. പത്താം തരത്തിന് ശേഷം പ്രീ ഡിഗ്രിക്കും സിന്ധു കോളേജിൽ കൂടെയുണ്ടായിരുന്നു. പിന്നീടെപ്പോഴോ ബസ് സ്റ്റോപ്പിൽ വെച്ചും അവളെ കണ്ടിട്ടുണ്ട്. പക്ഷേ ആശ ഒരേ ബഞ്ചിൽ അടുത്തിരുന്ന് പഠിച്ച് പിരിഞ്ഞതിന് ശേഷം അവളെ അധികം കണ്ടിട്ടില്ല, അവളുടെ വീട്ടിൽ ഇടയ്ക്കെപ്പോഴോ പോയ ഓർമ്മയല്ലാതെ. എന്തായാലും മുപ്പത്തൊന്ന് ഇല്ലെങ്കിലും ഇരുപത്തെട്ട് വർഷത്തോളമായി അവളേയും കണ്ടിട്ട്. സന്ധ്യയോടടുത്ത സമയമായപ്പോൾ ആശ വിളിച്ചു. മഗ്‌രിബിന്റെ സമയമായതിനാൽ തിരികെ വിളിക്കാമെന്ന ക്ഷമാപണവുമായി എനിക്ക് ഫോൺ വെക്കേണ്ടി വന്നു. വീണ്ടും വിളിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചു, സഹോദരങ്ങളെ കുറിച്ചും അച്ഛനമ്മമാരെ കുറിച്ചുമെല്ലാം.
മക്കളെയെല്ലാം കെട്ടിച്ചയച്ച് പാലക്കാട്ട് സ്ഥിരതാമസമാക്കിയെന്ന് കരുതിയിരുന്ന കൂട്ടുകാരിയുടെ അച്ഛനമ്മമാർ മുപ്പത്തടത്തിലുണ്ടെന്നറിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ അവരെ പോയി കണ്ടു. ആശയുടെ അച്ഛന്റെ വയസ്സായ മുഖം എന്നെ സങ്കടപ്പെടുത്തി. കാണാനൊരു മുഖം പോലും ബാക്കി നൽകാതെ ഇരുപത്തേഴു വർഷം മുമ്പെന്റെ അച്ഛനെന്നെ വിട്ടു പിരിഞ്ഞ ഓർമ മാത്രമാണ് കൂട്ടുകാരികളുടെ അച്ഛനെ കാണുമ്പോൾ മനസ്സിൽ തെളിയുന്നത്.

മൂന്ന് സംവത്സരങ്ങൾ സമ്മാനിച്ച കാലത്തിന്റെ വിടവ് ലവലേശം പോലും ബാധിച്ചിട്ടില്ലായിരുന്നു, അവരുടെ സ്നേഹപ്രകടനങ്ങൾക്ക്.
സിന്ധു കോതമംഗലത്താണെന്ന് പറഞ്ഞപ്പോൾ അവളോട് ഞാൻ വാക്ക് പറഞ്ഞു, ഞാൻ പോകുന്നതിന് മുമ്പൊരിക്കൽ നിന്നെ കാണാൻ വരാമെന്ന്. കോതമംഗലത്തേക്കൊരു യാത്ര കൂടിയായല്ലോ. ഡ്രൈവിംഗ് പഠിക്കാനായി വാടകക്കെടുത്ത കാറിൽ അജി ചേട്ടനോടൊപ്പം പോയ ഒരു ഞായറാഴ്ച്ച മുന്നറിയിപ്പൊന്നുമില്ലാതെ അവളെ വിളിച്ചു ചോദിച്ചു, രണ്ടു മണിക്കൂറിനുള്ളിൽ ഞാനവിടെ എത്തിയാൽ നീയുണ്ടാകുമോ?

സന്തോഷത്തോടെ അവൾ കാത്തിരിക്കാമെന്ന് സമ്മതിച്ചു.
പൈമറ്റത്ത് നിന്നും കടുങ്ങല്ലൂരിലേക്ക് സ്‌കൂൾ അവധി കാലത്ത് യാത്ര ചെയ്യുമ്പോൾ കണ്ടിട്ടുള്ള കോതമംഗലം ബസ് സ്റ്റാൻഡും അതിനടുത്തുള്ള ചില റസ്റ്റോറന്റുമല്ലാതെ ടൗണിൽ എനിക്ക് വലിയ പരിചയം ഇല്ല. നാല്പത്തിരണ്ട്‍ വർഷങ്ങൾക്ക് ശേഷവും ഒരു മാറ്റവും വികസനവുമില്ലാതെ നില നിൽക്കുന്ന ഞാൻ കണ്ട ഒരേയൊരു ബസ് സ്റ്റാൻഡും കോതമംഗലം തന്നെയെന്ന് പറയാം.
വികസനം എന്ന മാരണം ഇല്ലാത്തതിനാലാകാം കോതമംഗലവും പരിസര പ്രദേശങ്ങളുമെല്ലാം ഗ്രാമീണ ഭംഗി കൈവിടാതെ ശാലീനമായി നിലകൊള്ളുന്നത്. കോൺക്രീറ്റു കെട്ടിടങ്ങൾ കയ്യേറിയിട്ടില്ലെങ്കിലും രാസപദാർത്ഥങ്ങളുടെ അതിപ്രസരം മൂലം ഈ നാടിനേയും വാസയോഗ്യമല്ലാതാക്കി തീർത്തിരിക്കുകയാണ്.

എന്റെ ബാല്യത്തിൽ ഞാൻ കണ്ടിരുന്ന ആലുവയും കടുങ്ങല്ലൂരുമെല്ലാം ചുറ്റിനും നിറഞ്ഞ നെൽപാടങ്ങളാലും ചെമ്പരത്തിയാലും കുരങ്ങൻ മൈലാഞ്ചിയാലുമെല്ലാം സുന്ദരമായിരുന്നു. പിന്നീടവ ഇഷ്ടിക കളങ്ങളായും ഗോഡൗണുകളായും മാളികകളായും പരിണമിച്ചപ്പോൾ നഷ്ടമായത് എന്റെ നാടിന്റെ ഗ്രാമീണ സൗന്ദര്യമായിരുന്നു

ഏതായാലും സിന്ധു വഴിയിലേക്ക് ഇറങ്ങി നിന്നത് കൊണ്ട് വീട് കണ്ടു പിടിക്കാൻ വിഷമമുണ്ടായില്ല. കണ്ടിട്ടില്ലെങ്കിലും ഒരുപാട് കേട്ട് ശീലിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജെന്ന പ്രശസ്തമായ എം.എ കോളേജിന്റെ പരിസരത്തു തന്നെയായിരുന്നു, സിന്ധുവിന്റെ വലിയ ഇരുനില വീട്. വിശേഷങ്ങളധികം പറയും മുമ്പേ അവളെനിക്ക് ഇടിയപ്പവും ചിക്കൻ കറിയും തന്നു. ജനിച്ച നാൾ മുതൽ കണ്ടും കഴിച്ചും തഴമ്പിച്ച ഈ ഇടിയപ്പം തന്നെ നീ എനിക്ക് തന്നല്ലോ എന്ന പരിഭവത്തോടെ ഞാൻ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ സിന്ധുവിന്റെ 'അമ്മ ഓമനചേച്ചിയും അച്ഛനും വന്നു. അവരോടും കുശലാന്വേഷണം നടത്തി.

മകന്റെ പരീക്ഷാ സമയമായിരുന്നതിനാൽ അധികം നേരം അവളോടൊത്ത് ചിലവഴിക്കാനായില്ലെങ്കിലും അവളൊരു സെൽഫിയെടുത്ത് വാട്സപ്പിലിട്ടു. അന്നാണ് വിശ്വ വിഖ്യാതമായ നമ്മുടെ വാട്സാപ്പിൽ ഞാൻ ആദ്യമായി വന്നത്.
യാത്ര പറഞ്ഞിറങ്ങും നേരം മറക്കാതെ സിനിയുടെ നമ്പർ വാങ്ങി. സിനിയും അൽ അമീൻ കോളേജിൽ ഒരു ക്ളാസ്സിലല്ലെങ്കിലും
ഒരുമിച്ചുണ്ടായിരുന്നതാണ്. നാട്ടിൽ നിന്നൊരേ ബസ്സിൽ യാത്രയായി പമ്പ് ജംഗ്‌ഷനിൽ നിന്നും എൻ.എ.ഡി. വഴി എറണാകുളത്ത് പോകുന്ന വണ്ടിയിൽ കയറി കോമ്പാറയിലിറങ്ങി കോളേജിലേക്ക് അതിരാവിലെ കഥ പറഞ്ഞ് നടക്കുന്നത് ഞാനും സിന്ധുവും സിനിയും ശ്രീകലയുമായിരുന്നു. തിരിച്ചു വരവ് പഴങ്ങനാട് നിന്നും തൃപ്പൂണിത്തുറയിൽ നിന്നും വരുന്ന ബസ്സിൽ മലയപ്പിള്ളിയിൽ നിന്നായിരുന്നു. സ്റ്റോപ്പിൽ നിർത്താതോടുന്ന ബസ്സിന്റെമുമ്പിൽ കയറി നിന്ന് കൂട്ടുകാരെയെല്ലാം കയറ്റി കഴിയുമ്പോഴേക്കും എന്നെ കണ്ടക്ടർ തള്ളിയിടാറുണ്ടായിരുന്നു.

സിനിയെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെങ്കിലും പിറ്റേന്ന് വൈകുന്നേരം വീടിനടുത്തുള്ള കടുങ്ങല്ലൂർ ജംഗ്‌ഷനിൽ പോയി അവളേയും കണ്ടു.

നാട്ടു വർത്തമാനങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളും പറഞ്ഞ് അവൾ തന്ന ചക്ക ഉപ്പേരി കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ദിലീപിനെ വിളിച്ചു. ദിലീപിന്റെ വീട് അവിടെ അടുത്തെവിടെയോ ആണെന്നറിയാം. സിനിയുടെ വീട്ടിൽ വന്നാൽ ദിലീപിനെയും കാണാമെന്നറിയിച്ചപ്പോൾ ഏഴ് മണിയാവും ഓഫീസിൽ നിന്നെത്താനെന്നും അതുവരെ കാത്തിരുന്നാൽ കാണാമെന്നും പറഞ്ഞ ഉറപ്പിൽ ഏഴ് മണി വരെ അവിടെ ഇരുന്നു.

സിനിയുടെ അയല്പക്കക്കാരിയാണ് കൂട്ടുകാരിയായ സീന. സീനയേയും ഇടയ്ക്ക് കണ്ടിട്ടുണ്ടെങ്കിലും കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. ക്ലിനിക്കിൽ നിന്നും ആറു മണിക്കെത്തുന്ന സീനയ്ക്ക് വീണ്ടും രോഗികളെ വീട്ടിൽ ചികിൽസിക്കേണ്ടതുണ്ടായതിനാൽ മുന്നറിയിപ്പില്ലാത്ത ആ സൗഹൃദ സന്ദർശനം വേണ്ടെന്നു വെച്ചു.

ഏഴ് മണിക്ക് തന്നെ ദിലീപെത്തി. പ്രായം നാല്പത്തിയാറായെങ്കിലും നമ്മുടെ മാറ്റത്തേക്കാളേറെ മറ്റുള്ളവരുടെ മാറ്റങ്ങളാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. അതിൽ ദിലീപിന്റെ കഷണ്ടിയെക്കാളേറെ അന്ന് ക്ലാസ്സിൽ ഒരിക്കലും പരസ്പരം മിണ്ടാത്ത ദിലീപിന് ഇത്ര അനായാസമായി എങ്ങിനെ സംസാരിക്കാൻ കഴിയുമെന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

അവരും സെൽഫിയെടുക്കാൻ മറന്നില്ല. ജൂലൈ പതിനാറിന് നടക്കുന്ന പരിപാടിയെക്കുറിച്ചും അതിൽ എങ്ങിനെയെങ്കിലും പങ്കെടുക്കണമെന്നുള്ള നിർബന്ധത്തോടൊപ്പം ലണ്ടനിലെത്തിയാൽ വാട്സപ് നമ്പർ അയക്കാനും ഓർമപ്പെടുത്തി ദിലീപ് യാത്രയായി.

വാട്സപ് നമ്പർ ഒരെണ്ണം വല്ലപ്പോഴും ഞാൻ ഉപയോഗിക്കാറുണ്ടെങ്കിലും ആ ഫോണോ നമ്പറോ നാട്ടിൽ കൊണ്ട് വരാൻ നിർവാഹമില്ല. ഞാൻ ഉപയോഗിക്കുന്ന ഐ ഫോൺ സിക്സ് പ്ലസ് അത് പോലൊരെണ്ണം മകന്റെ കയ്യിൽ ഇല്ലാത്തിടത്തോളം എനിക്കും നിരോധിക്കപ്പെട്ടതാണ്. അതിനാൽ ബുദ്ധിപൂർവ്വം ഞാൻ എന്റെ പഴയ നോക്കിയ ഫോണുമായാണ് നാട്ടിലെത്തിയത്. എന്നാലും ഒരു നാൾ കിടക്കാൻ നേരം അവനത് കണ്ടു പിടിക്കുക തന്നെ ചെയ്തു, "മമ്മി ഐ ഫോൺ കൊണ്ട് വരാതിരുന്നത് എനിക്ക് തരണമെന്ന് വിചാരിച്ചാണല്ലേ"? അല്ലെന്ന് ഒരുപാട് പറഞ്ഞെങ്കിലും അവന്റെ അവസാനത്തെ അടവായ തലയിൽ തൊട്ട് സത്യം ചെയ്യിപ്പിക്കലിൽ എനിക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.

അവനായൊരെണ്ണം പുതിയത് വാങ്ങി നാട്ടിൽ വാട്സപ് ഉപയോഗിക്കാൻ തയ്യാറെടുത്തപ്പോൾ അവന് ഐ ഫോൺ വേണ്ടത്രേ. അതിൽ ഗെയിമുകൾ പലതും സപ്പോർട്ട് ആവില്ലത്രേ.

ഫോൺ ഉപയോഗിക്കരുതെന്നും ഗെയിം കളിക്കരുതെന്നും നിഷ്കർഷിച്ചാൽ അനുസരിക്കുന്നവരല്ല, ഇന്നത്തെ കുട്ടികൾ, പ്രത്യകിച്ചും അച്ഛനും അമ്മയും അടുത്തില്ലാതെ വളരുന്ന എന്റെ മകൻ. തെളിച്ച വഴിയേ പോയില്ലെങ്കിലും പോയ വഴിയേ തെളിക്കുകയെന്നതാണ് ആകെയുള്ള വഴി. ഉപയോഗിക്കുന്ന ഫോൺ വേഗം ചൂടാവുന്നതായതിനാൽ പാർശ്വഫലം കുറവുള്ള നല്ല ഫോൺ ഉപയോഗിക്കട്ടെ എന്ന് കരുതിയതും അസ്ഥാനത്തായി. ഫോൺ ഉപയോഗിച്ചിട്ടാണെങ്കിലും പുറത്ത് പോയി അനാവശ്യ ചങ്ങാത്തം കൂടാതെ വീടിനകത്ത് തന്നെ ഇരിക്കുന്നതിനാൽ അത് ചിലപ്പോൾ ഒരാശ്വാസമായി തോന്നിയിട്ടുണ്ട്.

സിനിയുടെ വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. സിനി ജംഗ്‌ഷൻ വരെ വന്നു. അവിടെ നിന്നും ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് പോയി. രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല.
എന്ത് ചെയ്യും?ജൂലൈ പതിനാറിലെ മീറ്റിൽ എങ്ങിനെ പങ്കെടുക്കും?
ഭർത്താവിനെ വിളിച്ച് എനിക്ക് എങ്ങിനെയും ജൂലൈ പതിനാറിൽ നാട്ടിൽ ഉണ്ടാവണമെന്നും ഞങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും അറിയിച്ചു. അത്ര അത്യാവശ്യമെങ്കിൽ ജൂലൈ പതിനാലാം തീയതിക്ക് ടിക്കറ്റ് തരപ്പെടുത്താമെന്ന് അദ്ദേഹം സമ്മതിച്ചു.
എന്റെ ടിക്കറ്റ് മാർച്ച് ഒമ്പതിൽ നിന്നും ഏപ്രിൽ പത്തിലേക്ക് ഇതിനകം മാറ്റിവെച്ചിരിക്കുകയാണ്. ജൂൺ എട്ട് മുതൽ ജൂലൈ പന്ത്രണ്ട് വരെയുള്ള വരവിനും ടിക്കറ്റ് ബുക്ക് ചെയ്തു. എനിക്കാകെ തൊണ്ണൂറു ദിവസമേ ബ്രിട്ടന് പുറത്ത് ഒരു വർഷത്തിൽ നിൽക്കാൻ സാധിക്കുകയുള്ളൂ.

തൊണ്ണൂറ് ദിവസം അധികരിക്കാതെ ആഴ്ചയിൽ രണ്ട് പ്രാവശ്യം ലണ്ടനിൽ നിന്നങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര ഒഴിവാക്കി, ഞാൻ കാര്യങ്ങൾ പ്ലാൻ ചെയ്തു.

ഏപ്രിൽ പത്തിൽ നിന്നും എന്റെ ടിക്കറ്റ് അഞ്ചാം തീയതിയിലേക്ക് നേരത്തെയാക്കി ജൂലൈ പന്ത്രണ്ടിൽ നിന്നും പതിനാറിന് ശേഷമുള്ള ഒരു തീയതിയിലേക്കാക്കിയാൽ ഈ രണ്ട് പ്രതിസന്ധികളും തരണം ചെയ്യാം.
ടിക്കറ്റ് ആ രീതിയിൽ പുനഃക്രമീകരിച്ച് ഞാൻ ഒരുവിധം ലണ്ടനിലെത്തി.

ഇനി വാട്സപ് പഠിക്കണം. ഏതൊക്കെയോ ഗ്രൂപ്പുകൾ ഞാനറിയാതെ എന്നെ ചേർത്തിട്ടുണ്ടെങ്കിലും ആരുടെയൊക്കെയോ സന്ദേശം മുടങ്ങാതെ കിട്ടാറുണ്ടെങ്കിലും അധികമാർക്കും മെസേജ് അയക്കുന്ന ശീലമില്ല. ഉറക്കം കഴിഞ്ഞ് ബാക്കി കിട്ടുന്ന അൽപ സമയത്തിൽ എ.എ.റ്റി യും എ.സി.സി.എ യും ഒരുമിച്ച് പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സർവ്വോപരി നേരം പോക്കിനായി ഫേസ് ബുക്ക് ഉപയോഗിക്കുമ്പോഴെല്ലാം "നിനക്ക് നേരം പോക്കിനായി എന്തെങ്കിലും വേണമെങ്കിൽ അത് ഖുർ-ആൻ മതിയെന്ന" വാക്യം മനസ്സിൽ ഓടിയെത്താറുള്ളതിനാലും അടുത്തിടെ വായിച്ച മുഹ്‌യിദ്ധീൻ ശൈഖിന്റെ സൂഫി പുസ്തകമായ "സീക്രട്ട് ഓഫ് ദി സീക്രട്ട്" തന്നിലേക്ക് തന്നെ ഒതുങ്ങാൻ പ്രേരിപ്പിക്കുന്നതിനാലും വാട്സപ് ഒഴിവാക്കുകയായിരുന്നു.

വിലായത്തിലേക്ക് എനിക്കൊരുപാട് സമയമുണ്ടെന്നറിയിച്ച് കൊണ്ട് എന്റെ ആഗ്രഹങ്ങൾ മുന്നേറി.
ഞാൻ കാശ്മീരിയായ എന്റെ പഴയ സഹപാഠി മാജിദിനെ വിളിച്ച് വാട്സപ്പിന്റെ തന്ത്രങ്ങളൊക്കെ പഠിച്ച് പിറ്റേ ദിവസം സിന്ധുവിനെ വിളിച്ച് എന്റെ നമ്പർ കൊടുത്തു. കുറച്ച് നേരം കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാനും അവസാനം നമ്മുടെ ഗ്രൂപ്പിലെത്തി.

ഗ്രൂപ്പിലെത്തിയ എനിക്ക് എല്ലാവരും സ്വാഗതമോതി. മലയാളത്തിലൂടെ തമിഴ് പേശി കേരളീയന് പച്ചക്കറിയും അരിയും പ്രധാനം ചെയ്യുന്ന തമിഴനോട് സംസാരിക്കാൻ നാളെയുടെ മലയാളിയെ പ്രാപ്തനാക്കുന്ന പ്രദീപാണ് ഗ്രൂപ്പിൽ ഏറെയും സജീവമായിരുന്നത്. ഫോട്ടോ കാണും വരെ മുഖമോർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും പരിചയമുള്ള ഏതോ മുഖത്തെ പ്രദീപെന്ന് നിനച്ച് സംസാരിച്ചു കൊണ്ടിരുന്നു.

മുപ്പത്തൊന്ന് വർഷം മുമ്പുള്ള പത്താം ക്ലാസ്സിൽ ഒരു ആൺ കുട്ടിയോടും നേരിട്ട് ഒരു ബുക്ക് പോലും ചോദിക്കാനായി സംസാരിച്ചതോർക്കുന്നില്ല.

കാലം ഒരുപാട് മാറിയിരിക്കുന്നു, അനിയത്തിയുടെ മകളുടെ ആൺ കൂട്ടുകാർ വീട്ടിൽ വന്ന് മുതിർന്നവരെ കണ്ടതായി പോലും ഭാവിക്കാതെ സംസാരിക്കുകയും ഇതാരെന്ന് ചോദിക്കുമ്പോൾ ഉദാസീനമായി "ഓ, അവനെന്റെ ക്ലാസ് മേറ്റ് " എന്ന് പറയുകയും ചെയ്യുന്ന ന്യൂ ജനറേഷൻ. ആൺകുട്ടികളുമായി ഇങ്ങനെ ചങ്ങാത്തം പാടില്ലെന്ന് പറഞ്ഞാൽ, "മൂത്തുമ്മാ, നിങ്ങളും ഞാനും തമ്മിൽ ജനറേഷൻ ഗ്യാപ്പും കമ്മ്യൂണിക്കേഷൻ ഗ്യാപ്പും ഉണ്ടെന്ന്" തെളിയിക്കുന്ന വാദപ്രതിവാദങ്ങൾ.

കൂട്ടുകാരേ നമ്മുടെ ജനറേഷനെയോർത്ത് എനിക്ക് സഹതാപം തോന്നിപ്പോവാറുണ്ട്, ഒന്നും കമ്മ്യൂണിക്കേറ്റ് ചെയ്യാനില്ലാതിരുന്ന നമ്മുടെ ജനറേഷൻ. ആ കാലഘട്ടമാണ് നമുക്ക് തിരിച്ച് കിട്ടിയിരിക്കുന്നത്.

എന്നാലും ഒരു ആശയും സിന്ധുവും മാലിനിയും വല്ലപ്പോഴും വന്ന് പോവാറുള്ള ഉമൈബാനുമല്ലാതെ അധികം സ്ത്രീ പ്രാധിനിത്യം ഇല്ലാത്തത് ഇവിടേയും ഒരു പോരായ്മയായി നിലനിൽക്കുന്നു.

"Not yet working, I am still studying" എന്ന് പ്രൊഫൈലിലിട്ട് മുഴുവൻ സമയവും ചിലവഴിക്കാൻ കുടുംബ പ്രാരാബ്ധം ചുമലിലേറ്റുന്ന നമുക്ക് കഴിയാറില്ലാത്ത മദ്ധ്യ വയസ്സിലാണല്ലോ നാം വീണ്ടും കണ്ടു മുട്ടുന്നത്. എന്നാലും സ്വത സിദ്ധമായ തന്റെ മലയാള ശൈലിയിൽ സംവദിക്കാനെത്തുന്ന ഷാഫിയും ഇംഗ്ളീഷുകാരെ വെല്ലുന്ന കടിച്ചാൽ പൊട്ടാത്ത ഇംഗ്ളീഷുമായെത്തുന്ന മധുവുമെല്ലാം ഗ്രൂപ്പിന്റെ നെടുംതൂണുകളാണ്.

ഒമ്പതാം ക്ലാസ്സിൽ കണ്ടു പിരിഞ്ഞ മുഖങ്ങളായി ഇവിടെ തിരിച്ചെത്തുന്നവർ അജിത്തും, അശോകും, രാജീവും, മണിയും , ദിലീപും, രാജും, അയൂബും അൻസാറുമെല്ലാമാണ് . അയൂബും അൻസാറും ബന്ധുക്കളായതിനാൽ പരിചയം പുതുക്കലിന്റെ ആവശ്യമില്ല. പെൺകുട്ടികളിൽ അന്ന് കൂടെയുണ്ടായിരുന്നത് സിന്ധുവും, സിനിയും, ശ്രീകലയും, മിനിയും ഉമൈബാനുമാണ്.

പുറകിലെ ബഞ്ചിൽ ഒരുപാട് പേരറിയാത്ത കൂട്ടുകാരുണ്ടെങ്കിലും പഠിപ്പിസ്റ്റുകൾ മാത്രമേ അറിയപ്പെടാറുള്ളൂ. അഥവാ ഒരുവിധം പഠിക്കുന്ന കുട്ടികളെ മാത്രമേ അധ്യാപകർ ശ്രദ്ധിക്കാറുള്ളൂ. അത് മൂലം പഠിക്കാനും അധ്യാപകരുടെ ശ്രദ്ധ പിടിച്ച് പറ്റാനുമുള്ള അവസരം താരതമ്യേന വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് നഷ്ടപ്പെടുന്നു. അവർ വീട്ടിലും പള്ളിക്കൂടത്തിലും അവഗണിക്കപ്പെടുന്നവരാകുന്നു.

ഈ അവസ്ഥാവിശേഷത്തിന്റെ പരിണതഫലം നേരിട്ടറിയുന്നത്, നാം വിദ്യാർത്ഥിയായിരിക്കുമ്പോൾ അല്ല, മറിച്ച് ഒരു രക്ഷിതാവിന്റെ കുപ്പായം അണിയുമ്പോൾ ആണ്, വിശേഷാൽ വിദ്യാഭ്യാസം കച്ചവടമായി കണക്കാക്കുന്ന സി.ബി.എസ്. ഇ പോലുള്ളവയിൽ.

ഇത് പോലെ അവഗണിക്കപ്പെട്ട ഒരുപാട് കൂട്ടുകാരുടെ പേരുകൾ ഓർത്തെടുക്കാൻ കഴിയാത്തതിലുള്ള ക്ഷമാപണത്തോടെ മാത്രമേ അംബികയേയും അനിതയെയുമെല്ലാം പരാമർശിക്കാനാവൂ.

സിന്ധുവും സിനിയുമെല്ലാം പഠിത്തത്തിൽ മാത്രമല്ല, ദേശീയ ഗാനാലാപനത്തിലും ഈശ്വര പ്രാർത്ഥനയിലുമെല്ലാം മുമ്പിലായതിനാൽ ക്ലാസ്സിൽ മാത്രമല്ല, സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ചിരപരിചിതരാണ്. സ്‌കൂൾ വർഷികാഘോഷത്തിനും കലാ മത്സരങ്ങളിലുമെല്ലാം ഡാൻസായും , തിരുവാതിരയായും ഒപ്പനയായുമെല്ലാം വേദി കീഴടക്കിയിരുന്നതും വിരലിലെണ്ണാവുന്നവർ മാത്രമാണ്.

അജിത്തും അശോകും പഠിക്കുന്ന കുട്ടികളായതിനാൽ ആരും പരിചയപ്പെടുത്താതെ തന്നെ മുഖം ഓർമയുണ്ട്. അശോകിനെ അവസാനമായി കണ്ടത് അയ്യൂബിന്റെ കല്യാണ ദിവസമാണ്. രാജീവ് പ്രേമത്തിൽ സമർത്ഥനായതിനാൽ ഒരു പേടിയോടെയാണ് അന്നെല്ലാം വീക്ഷിച്ചിരുന്നത്. പ്രേമം എന്നത് എന്തോ വലിയ പാപമാണെന്നും അതിനെ കുറിച്ച് വിചാരിക്കുക പോലുമരുതെന്ന് കരുതിയ പ്രായമായിരുന്നു, അത്.

ചെറുപ്പത്തിൽ ഉമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്, കണ്ണ് കൊണ്ട് പരപുരുഷനെ നോക്കിയാൽ കണ്ണ് നരകത്തിൽ പോകും, കാത് കൊണ്ട് കേട്ടാൽ ചെവിയും തൊട്ടാൽ ശരീരവുമെല്ലാം നരകത്തിൽ പോകും, ആ പാപത്തിലേക്കുള്ള ആദ്യ പടിയാണത്രേ പ്രേമം. ലോ കോളേജിൽ പഠിക്കുന്ന കാലത്ത് ആലുവ മുതൽ എറണാകുളം വരെ കണ്ണടച്ചിരുന്നിട്ടുണ്ട്, ഒരു വാൾ പോസ്റ്റർ പോലും നോക്കിയെന്റെ കണ്ണ് നരകത്തിൽ പോകാതിരിക്കാൻ.

അയല്പക്കത്തെ ആരിഫയുടെ മംഗളവും മനോരമയും വാപ്പിച്ചി കാണാതെ ഒളിച്ച് വായിച്ചപ്പോഴും പിന്നീട് മിൽസ് &ബൂൺസ് നോവലുകൾ വായിച്ചുമാണ് പ്രേമം പഠിച്ചത്. ജാതിയും മതവും ബാങ്ക് ബാലൻസും മണി മാളികകളുമെല്ലാം എന്നും പ്രേമത്തിന് തടസ്സമായിരുന്നു.

"I love you as you are intellectually beautiful. Let us start living together" എന്ന് പറഞ്ഞ് ജീവിതത്തിലേക്ക് ക്ഷണിച്ച, ഇനിയൊരിക്കലും കാണാനിടയില്ലാത്ത കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ രാംദാസിനേയും , രണ്ട് ലക്ഷം രൂപ കയ്യിലുണ്ടായിരുന്നെങ്കിൽ നമുക്ക് കല്യാണം കഴിക്കാമെന്ന് പറഞ്ഞ ലോ കോളേജിലെ ജോസിനേയുമൊഴിവാക്കി പ്രായവ്യത്യാസമൊരുപാടുള്ള വരനെ തേടിപ്പിടിച്ചത്, ഒരു ഇസ്‌ലാം മത വിശ്വാസി എത്ര പുരോഗമനം പ്രസംഗിച്ചാലും സ്വകാര്യ ജീവിതത്തിൽ ശരീ-അത്തില്ലാതെ ജീവിക്കാനാവില്ലെന്ന വാസ്തവം കൊണ്ടാണ്.

അതുകൊണ്ട് പ്രേമം അന്നുമിന്നുമെന്നും പേടിയോടെ സൂക്ഷിക്കുന്ന വികാരമാണ്. ഇന്ന് ഞാൻ ദൈവത്തെ പ്രേമിക്കുകയാണ്, അതൊരു നിഗൂഢമായ, വാക്കുകൾക്കതീതമായ അനുഭൂതിയാണ്.

കടുങ്ങല്ലൂരാണ് വീടെങ്കിലും സ്‌കൂളിൽ നിന്ന് പിരിഞ്ഞതിന് ശേഷം രാജീവിനെയോ ദിലീപിനെയോ അജിത്തിനെയോ ഇതുവരെ കണ്ടിട്ടില്ല.

മണി ഒരു വർഷമേ കൂടെയുണ്ടായിരുന്നതെങ്കിലും കണക്ക് ടീച്ചറുടെ അരുമശിഷ്യനായതിനാൽ നന്നായറിയും. പിന്നെ ലോ കോളേജിൽ മണിയുടെ സഹോദരിയെ കാണുമ്പോൾ വിശേഷം തിരക്കാറുണ്ടായിരുന്നു.

മിനിയെ പലപ്പോഴും ബസ്സിൽ വെച്ച് കാണുകയും സ്നേഹത്തോടെ എല്ലാ വിശേഷങ്ങളും പങ്ക് വെക്കുകയും ചെയ്യാറുണ്ടായിരുന്നു. ഉമൈബാനും ഞാനും രണ്ട് ക്ളാസ്സിലായിരുന്നു, പത്താം താരത്തിലെങ്കിലും ഒരുമിച്ചായിരുന്നു, വരുന്നതും പോകുന്നതും, പോരാത്തതിന് സമദ് സാറിന്റെ ട്യൂഷൻ സെന്ററിലും ഒരുമിച്ചുണ്ടായിരുന്നു. ഒരു മീറ്റർ ദൂരത്തിൽ മധുവും അടുത്തുണ്ടായിരുന്നെങ്കിലും പരസ്പരം സംസാരിക്കാറില്ലായിരുന്നു.

സാലിയും ഷാജഹാനും ഷംസുവും ബഷീറുമെല്ലാം മെസേജ് അയക്കുന്നതിൽ മിടുക്കന്മാരായിരിക്കുന്നു. സാലിയേയും സക്കീറിനേയും നാട്ടുകാരായതിനാൽ വീണ്ടും കണ്ടു മുട്ടിയിട്ടുണ്ട്.

അകലെയുള്ള എല്ലാ കൂട്ടുകാരേയും ഒരുമിച്ച് കാണാനുള്ള അവസരമാണ്, ജൂലൈ പതിനാറ്. സർവ്വോപരി അന്ന് പത്താം ക്ലാസ്സിൽ മാത്രമല്ല, എല്ലാ ക്ലാസ്സുകളിലും പഠിപ്പിച്ച അദ്ധ്യാപകരും വരുന്നുണ്ടത്രേ. ഈ കുറിപ്പ് പോലെ ഒരുപാട് അക്ഷരങ്ങളും വാക്കുകളും എഴുതാൻ എന്നെ പ്രാപ്തയാക്കിയ എന്റെ മലയാളം ടീച്ചർ അൽഫോൻസ ടീച്ചറും രുക്മിണി ടീച്ചറും, ഉഷാകുമാരി ടീച്ചർ, ക്ലാസിൽ എത്താനാവാത്ത ദിവസങ്ങളിൽ ടീച്ചറുടെ നോട്ട് ഉമൈബാന്റെ കൈവശം കൊടുത്തയാക്കാറുള്ള വിജയ ലക്ഷ്മി ടീച്ചർ, പെരിന്തൽമണ്ണയിൽ നിന്നും പരിപാടിക്ക് വരാനെത്തുന്ന റഹ്‌മാൻ സാർ എല്ലാവരെയും കാണുന്ന നിമിഷമോർത്ത് മനസ് ആകാംക്ഷയാൽ വീർപ്പു മുട്ടി. ദിവസങ്ങളെണ്ണി കഴിച്ചു കൂട്ടി.

ലണ്ടനിൽ നിന്നും ജൂൺ എട്ടിന് പുറപ്പെട്ടെങ്കിലും ഇടക്കൊരു രാജ്യത്ത് ഇറങ്ങേണ്ടിയിരുന്നതിനാൽ ഇരുപത്തി രണ്ടാം തീയതി മാത്രമാണ് നാട്ടിലെത്താനായത്. മൂന്ന് രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അസുഖം മൂലവും, ഐ ഫോൺ വേണ്ടെന്ന് പറഞ്ഞെങ്കിലും കണ്ട ഉടനെ അത് മകൻ കൈക്കലാക്കിയതിനാലും കുറച്ച് ദിവസം ആരുമായും സംസാരിക്കാൻ കഴിഞ്ഞില്ല.

സിന്ധുവിനെ മാത്രം വിളിച്ചു. ദേശീയ ഗാനം പ്രാക്റ്റീസ് ചെയ്യാനായി അവളും മിനിയും സിനിയും ശ്രീകലയും സിനിയുടെ വീട്ടിൽ സമ്മേളിക്കുന്നുണ്ടെന്നും കഴിയുമെങ്കിൽ എന്നോടും വരണമെന്നും ആവശ്യപ്പെട്ടു. ഞാൻ താമസിക്കുന്നത് ആലുവയിലേക്കുള്ള വഴിയിലെ തൊട്ടുമുഖത്തായതിനാൽ അവൾ വീട്ടിൽ കയറി. മുസ്ലിം സ്‌പെഷ്യൽ ആയ പത്തിരി ഇറച്ചി അവൾക്കായി കരുതിയിരുന്നെങ്കിലും, കടുങ്ങല്ലൂരമ്പലത്തിൽ കയറേണ്ടതിനാൽ അത് പാഥേയമായി കൊടുത്ത് വിട്ടു. ഞാൻ സിനിയുടെ വീട്ടിൽ എത്തുമ്പോഴേക്കും ബിരിയാണി വാങ്ങാൻ പോകാൻ കഴിയാത്തതിനാൽ കൂട്ടുകാരെല്ലാവരും അത് ഉച്ച ഭക്ഷണമായി കഴിച്ചത്രേ. മിനി ഞാനെത്തും മുമ്പേ തിരിച്ച് പോയിരുന്നു. ഒരുപാട് കാലമെത്തി ശ്രീകലയെ കാണുകയാണ്. അൽ അമീൻ കോളേജിൽ ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിലിരുന്നും സ്റ്റഡി ലീവിന് അവളുടെ വീട്ടിൽ പോയും ഒരുപാട് ചിരിയും കരച്ചിലും പങ്ക് വെച്ച കൂട്ടുകാരി. കോമ്പാറയിൽ നിന്നും ബസ്സിറങ്ങി അൽ അമീനിലേക്ക് നടക്കുമ്പോൾ താൻ കണ്ട സിനിമയിലെ കഥ മാത്രമല്ല, കസിനായ പ്രീതി പറഞ്ഞതുൾപ്പെടെ ശ്രീകലക്ക് ഒരുപാട് കഥകൾ പറയാനുണ്ടാവും. സിന്ധുവും സിനിയും ശ്രീകലയും ഞാനും കൂടിയപ്പോൾ ഞങ്ങളന്നും അൽ അമീനിൽ ഒരുമിച്ച് പോയ അന്നത്തെ കുട്ടികളെന്നും പ്രായം ശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രതിഭാസമാണെന്നും പൂർണമായും ബോധ്യമായി.

അവരെല്ലാം പരിപാടിയുടെ അന്ന് കേരളാ സാരിയാണ് ധരിക്കുന്നതെന്നും, ഞാനും ആ ഡ്രസ്സിൽ വന്നാൽ മതിയെന്നും സിന്ധു നിർബന്ധിച്ചു.

" Health is wealth " എന്ന സിദ്ധാന്തം പഠിപ്പിച്ചു, ഇടക്കൊച്ചിയിലെ സുധീർ മാഷിന്റെ അടുത്തു നിന്നും കാട്ടാക്കടയിലെ നെയ്യാർ ഡാമിനടുത്തുള്ള ശിവാനന്ദാശ്രമത്തിൽ വിട്ടും എന്തിന് ഋഷികേഷ് വരെ പോയി യോഗ പഠിപ്പിക്കാൻ ആദ്യ ഭർത്താവ് ശ്രമിച്ചിട്ടും, അനുസരിക്കാത്ത എന്റെ തടിച്ച ശരീരത്തിന് സാരി അന്യമായതിനാൽ ആ ആവശ്യം ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. പൊണ്ണത്തടി മൂലം വരാനിരിക്കുന്ന എല്ലാ രോഗങ്ങളെ കുറിച്ചും ഉല്ബോധിപ്പിക്കാൻ ഡോക്ടറായ ഭർത്താവുണ്ടായിട്ടും, വ്യായാമത്തോളം ഇഷ്ടമില്ലാത്തതൊന്നും ഇന്ന് ജീവിതത്തിലില്ല, ഒരുകാലത്ത് അവയെന്റെ ജീവനായിരുന്നെങ്കിലും. ജീവിതത്തോടുള്ള ആസക്തിയും പ്രതിപത്തിയും നഷ്ടമാകുമ്പോഴാണോ സൗന്ദര്യത്തോടും ആരോഗ്യത്തോടുമുള്ള മതിപ്പ് നഷ്ടമാകുന്നതെന്നറിയില്ല.

ശരീരം മുഴുവൻ മൂടുന്ന കറുത്ത വസ്ത്രമായ പർദ്ദയോടും നിഖാബിനോടും എനിക്ക് യോജിപ്പില്ലെങ്കിലും, ആ വസ്ത്രം ധരിക്കുന്ന സ്ത്രീകളുടെ പരിത്യാഗത്തോടെനിക്ക് ബഹുമാനമുണ്ട്. പല നിറങ്ങളുള്ള വസ്ത്രം ധരിക്കാനും, വിവിധ രീതിയിലുള്ള ആഭരണങ്ങൾ അണിയാനും ഉള്ള ഒരു സ്ത്രീയുടെ ആഗ്രഹവും ആവേശവും ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് മനസ്സിലാകും. ഏതൊരാവശ്യത്തിന് വേണ്ടിയായാലും ഏത് വിശ്വാസത്തിന് വേണ്ടിയായാലും അവയെല്ലാം ത്യജിക്കുകയെന്നാൽ അത് ഒരു വലിയ കാര്യമാണ്. വസ്ത്ര സ്വാതന്ത്ര്യത്തിലും ഇത് തന്നെ പാടാം, "ത്യാഗമെന്നതേ നേട്ടം, താഴ്മ താനഭ്യുന്നതി".

എന്തായാലും നിശ്ചയിച്ചിരുന്ന കൃത്യം ഒമ്പത് മണിക്ക് തന്നെ കളമശേരി സുമിത് ഹോട്ടലിൽ ഞാനൊരു നീല ചുരിദാറുമിട്ട് പരിപാടിക്കെത്തി. സിന്ധുവും മധുവും മണിയും അശോകും രാജീവും ഷാഫിയും ജോഷിയും എല്ലാം നേരത്തേ എത്തിയിരുന്നു. ഹാളിൽ ആദ്യം കണ്ടയാൾ "അറിയുമോ? എന്നെ ഓർമ്മയുണ്ടോ?" എന്ന് ചോദിച്ചു. എനിക്ക് മനസ്സിലായില്ല. വൈമനസ്യത്തോടെയാണെങ്കിലും പേര് പറയാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ മണിയാണ് ഞാനെന്ന ഉത്തരത്തിന് മുമ്പിൽ അല്പം ജാള്യത അനുഭവപ്പെട്ടു. മണിയെന്ന ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടിയിൽ നിന്നും വളർന്ന് ക്ളീൻ ഷേവുമായി നിൽക്കുന്ന മനുഷ്യനെ ഉൾകൊള്ളാൻ മനസ് പാകപ്പെടുത്തി ഞങ്ങൾ അവന്റെ സഹോദരിയെ കുറിച്ചും ഗൾഫ് ജീവിതത്തെ കുറിച്ചും സംഭാഷണം ആരംഭിച്ചു. തൊട്ടടുത്ത് ടീ ഷർട്ടിട്ടിരുന്ന രാജീവ് അന്നത്തേതിനേക്കാൾ ചെറുപ്പമായി തോന്നി, ഒരു വ്യത്യാസം മാത്രം, എന്റെ ഓർമയിലെ രാജീവെന്നും യൂണിഫോമിലായിരുന്നു.

ഒമ്പതാം ക്ലാസ്സിലാണ് അജിത് കുമാർ എ ചാക്കാട്ടിൽ എന്ന അജിത് കൂടെയുണ്ടായിരുന്നത്. ക്ലാസ്സിലെ കുട്ടികളിൽ ഏറ്റവും വൃത്തിയായി യൂണിഫോമിട്ട് വെളുത്ത് തുടുത്തിരുന്ന അജിത് മെലിഞ്ഞ് പോയിരിക്കുന്നു, മുഖത്ത് മുഖക്കുരുവിന്റെ പാടുകൾ വ്യക്തമായി കാണാം. സ്‌കൂളിൽ വെച്ചൊരിക്കലും മിണ്ടിയിട്ടില്ലെങ്കിലും അജിത്തും ചിരപരിചിതനെ പോലെ സംസാരിച്ചു.


പാട്ടിന്റെ റിഹേഴ്‌സലിൽ വ്യാപൃതരായിരുന്ന സിന്ധുവിനെയും മധുവിനേയും സ്റ്റേജിൽ പോയി ആഗമനം അറിയിച്ചു. പുറകിലെവിടെയോ ആയിരുന്ന ജോഷി അടുത്ത് വന്ന് സംസാരം ആരംഭിച്ചു. പത്താം ക്ലാസ്സിൽ ഒരുമിച്ചുണ്ടായിരുന്നിട്ടും, പഠിക്കുന്ന കുട്ടികൾ എന്ന സമാനത ഉണ്ടായിരുന്നിട്ടും ഒരിക്കലും ഞാനുമായി നേരിൽ സംസാരിക്കാത്തവരായിരുന്നു, ഷാഫിയും അനിലും ജോഷിയും. സ്‌കൂൾ വിട്ടാൽ ഇടത്തും വലത്തും നോക്കാതെ തന്റെ സൈക്കിളിൽ പാഞ്ഞു പോകാറുള്ള മെലിഞ്ഞ് പൊക്കമുള്ള ജോഷി തന്റെ പഠന കാലത്തെ കുറിച്ചും അമേരിക്കൻ ജീവിതത്തെ കുറിച്ചുമെല്ലാം വാചാലനായി സംസാരിച്ചു.


പണ്ടേ തടിയനായ അനിലിന് മുടി നരച്ചതൊഴിച്ചാൽ മാറ്റമൊന്നുമില്ല. അനിലും അടുത്ത് വന്നു സൗഹൃദം പുതുക്കി.

അടുത്തത് ഷാഫിയായിരുന്നു. സ്‌കൂൾ ഡെയ്‌സ് എന്ന വാട്സ് ആപ് ഗ്രൂപ്പിൽ അംഗമായ ഉടനെ എനിക്ക് സന്ദേശങ്ങൾ അയക്കുകയും എന്റെ ചരിത്രമുറങ്ങുന്ന ബ്ലോഗിനെ കുറിച്ച് ഗ്രൂപ്പിൽ പരിചയപ്പെടുത്തുകയും ചെയ്ത ഷാഫിയാണ്, ഈ കുറിപ്പെഴുതാനും എന്നെ ഓർമിപ്പിച്ചത്. കുറിപ്പെഴുതുമ്പോൾ ഞാനായിരിക്കണം താരമെന്ന് തമാശ രൂപേണ പ്രത്യകം ഓർമപ്പെടുത്തിയിരുന്നു.

ഒത്തുചേരലിന്റെ തലേ ദിവസം മകൻ അടുത്ത് കിടക്കാത്തതിനാൽ അനിയത്തിയെ അടുത്ത് കിടത്തിയാണ് ഉറങ്ങാൻ പോയത്. അവളോട് പിറ്റേ ദിവസത്തെ കഥകൾ പറഞ്ഞ കൂട്ടത്തിൽ ഷാഫിയെ കുറിച്ചും പരാമർശിച്ചു. അവൾ ഉടനെ എന്നോട് ചോദിച്ചു, " എടീ അത് നിന്റെ ഇച്ഛാശക്തിയുടെ ഷാഫിയാണോ" എന്ന്.

ഗ്രൂപ്പിലെ പ്രസംഗ കലയുടെ കുലപതിയെന്ന് കൂട്ടുകാർ വിശേഷിപ്പിക്കാറുള്ള ഷാഫി പണ്ടേ പ്രസംഗത്തിൽ മിടുക്കനായിരുന്നു. പത്താം ക്ലാസ്സിൽ പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് " ആഴിയുടെ അടിത്തട്ടോളം പോകേണ്ടി വന്നാലും ലക്‌ഷ്യം നിറവേറ്റാതെ പിന്തിരിയുകയില്ലെന്ന" മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടുള്ള പ്രസംഗം ഷാഫി പറയുന്നത്. ആ വാക്കുകൾ എന്റെ ഹൃദയത്തിൽ വല്ലാതെ പതിഞ്ഞു.

ഒന്നിൽ നിന്നും നൂറിലെത്തുമ്പോൾ നൂറിൽ നിന്നും ആയിരത്തിലേക്ക് താഴാറുണ്ടായിരുന്ന എന്റെ ജീവിത ഗ്രാഫിൽ ഓരോ താഴ്ചയിലും ഞാൻ വീട്ടിൽ പറയാറുണ്ടായിരുന്നു, ഷാഫി പ്രസംഗിച്ച ഈ വാക്കുകൾ. പഠിച്ചിട്ടാണ് നിനക്കസുഖം വരുന്നതെന്നും, ഇനി നീ പഠിക്കരുതെന്നും പറഞ്ഞ് എന്റെ എസ് .എസ് .എൽ.സി ബുക്ക് ഉമ്മച്ചി കത്തിച്ച് കളഞ്ഞിട്ടും, ഇന്ന് അഞ്ചിൽ കൂടുതൽ ബിരുദം നേടാൻ എന്നെ പ്രചോദിപ്പിച്ചത് ആ ഇച്ഛാശക്തി ആയിരുന്നു. നേരിൽ കണ്ടിട്ടില്ലെങ്കിലും വീട്ടിൽ ഷാഫി എല്ലാവര്ക്കും പരിചിതനാണ്.

വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ പണ്ടത്തേതിൽ നിന്നും വളരെ സുന്ദരനായിരുന്നു, ഷാഫി. അവനുമായും പരിചയം പുതുക്കി.

ബിന്ദു എസ് നേരത്തെ എത്തിയിരുന്നു. സിനിയും ഉമൈബാനും ശ്രീകലയും മിനിയുമെല്ലാം താമസിയാതെ എത്തിച്ചേർന്നു.

പിന്നീട് ഓരോരുത്തരായി വന്ന് തുടങ്ങി. വഹീദ, റസലാത്ത്, ഷംസാദ്, സാബിറ, റെഷി, ഷെറി , ശൈലജ, തുടങ്ങിയ പിൻബഞ്ചിലെ കൂട്ടുകാരികൾ. സീന, ബുഷ്‌റ, നൂർജഹാൻ, ലീന, ലതാദേവി, സീതാദേവി, പിന്നെ പേര് മറന്ന് പോയ ചിലരും.

ഇതിനിടയിൽ അദ്ധ്യാപകരും ഓരോരുത്തരായി എത്തി ചേർന്നു. അടുത്ത് ചെന്ന് "ടീച്ചറേ, എന്നെ ഓർമ്മയുണ്ടോ "? എന്ന് ചോദിക്കുമ്പോൾ വാർദ്ധക്യത്തിന്റെ ആദ്യ പടിയിൽ എത്തിയ അവർക്ക് മുഖ പരിചയം കൊണ്ട് മനസ്സിലാക്കാൻ ആവാത്തത്ര അപരിചിതത്വം പ്രായം ഞങ്ങളിലും വിതച്ചിരുന്നു. കൂടാതെ ഒരു കുട്ടിക്ക് ഒരു യിംഗ്‌ളീഷ്‌ ടീച്ചറും ഒരു ബയോളജി ടീച്ചറും ഉണ്ടായിരിക്കുമ്പോൾ ഒരു അദ്ധ്യാപികയ്ക്ക് അവരുടെ ജീവിത കാലഘട്ടത്തിൽ ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിക്കാൻ ഉണ്ടാകുമെന്ന വാസ്തവവും ഞങ്ങളെ മനസ്സിലാകാതിരിക്കാനുള്ള തടസ്സമായിരുന്നു. എന്നാലും പേര് പറഞ്ഞപ്പോൾ അവർ ഓർക്കുന്നതായി ഭാവിച്ചു. പക്ഷേ എന്റെ മനസ്സിലെ അടുപ്പത്തിന് ഈ പ്രാരംഭ അപരിചിതത്വം ഒരു വിള്ളലും സൃഷ്ടിച്ചില്ല.

ഈശ്വര പ്രാര്ഥനയായിരുന്നു, ആദ്യ പരിപാടി. അന്നേ പ്രാർത്ഥനയുടെയും ഗാനാലാപനത്തിന്റെയും റാണികളായ സിന്ധുവും, സിനിയും മിനിയും പുതുതായി വന്ന ശ്രീകലയുമായിരുന്നു, ആലാപകർ. തുടർന്ന് സമൂഹ ഗാനവും മധുവും സിന്ധുവും ഒരുമിച്ചുള്ള ഗാനവും നിലവിളക്ക് കൊളുത്തലുമെല്ലാം തകൃതിയായി നടന്നു. ഏതൊരു അവതാരകനുമായും കിടപിടിക്കും വിധം മധു അവതാരകന്റെ ജോലി ഭംഗിയായി നിർവ്വഹിച്ചു.

അതിന് ശേഷം ഗുരുവന്ദനമായിരുന്നു. മുപ്പതോളം പേരടങ്ങുന്ന എല്ലാ ഗുരുക്കന്മാർക്കും പൊന്നാടയും ഫലകവും നൽകി ഗുരുക്കന്മാരെ ആദരിച്ചപ്പോൾ ചിലർ മറുപടി പ്രസംഗത്തിൽ സന്തോഷം കൊണ്ട് വീർപ്പ് മുട്ടി, ആനന്ദ കണ്ണീർ പൊഴിച്ചു.

ഗുരുവന്ദനത്തിന് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണം.

അതിന് ശേഷം വിദ്ദ്യാർഥികളിൽ ചിലർക്ക് ഓർമ പുതുക്കാനുള്ള അവസരവും ലഭിച്ചു. തലേ ദിവസം സിന്ധു വിളിച്ച് "എടീ പെൺകുട്ടികളിൽ ആരെങ്കിലും എന്തെങ്കിലും പറയണമെന്ന്" നിർബന്ധിച്ചതിനാൽ ഞാനും എന്തൊക്കെയോ പറഞ്ഞു. ഭക്ഷണ സമയത്താണ് ഷാജഹാനേയും ഇബ്രാഹിമിനെയും പരിചയപ്പെടുന്നത്. അവരുടെ കുട്ടികളും ആലങ്ങാട് ജമാഅത്ത് സ്‌കൂളിൽ എന്റെ മകന്റെ ക്ളാസ്സിലാണത്രെ. മകന് ഒരുപാട് പൈസ കൊടുത്ത് വിടരുതെന്ന് അവർ ഉപദേശ രൂപേണ പറഞ്ഞു.ഒമ്പതാം ക്ലാസ്സിൽ കമ്പ്യൂട്ടർ പഠിക്കാൻ ഇരുപത്തഞ്ച് രൂപയില്ലാതിരുന്ന നാളിൽ കണ്ണീരോടെ വഴിയിലൂടെ നടക്കുമ്പോൾ വഴിയിൽ നിന്നും ഇരുപത് രൂപ കിട്ടിയതും അതെന്റെ പ്രാർത്ഥനയുടെ ഫലമാണെന്ന് വീട്ടിൽ പറഞ്ഞതും, സ്‌കൂൾ ദിനങ്ങളിലെ ഓർമ പങ്ക് വെച്ച കൂട്ടത്തിൽ പറഞ്ഞിരുന്നു. അകലത്തിരുന്നു മാത്രം സ്നേഹം പങ്ക് വെക്കുന്ന മകന് കൊടുക്കാൻ എന്റെ കയ്യിൽ അവന് കൂട്ടുകാരുമായി ലുലുവിൽ പോകാൻ പൈസ മാത്രമേ ഉള്ളൂ. അല്ലാഹു എന്റെ മകനെ ചീത്ത കൂട്ടുകെട്ടിൽ നിന്നും സംരക്ഷിക്കട്ടേ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് കഴിയൂ.

ആശയം ദിലീപിന്റേതായിരുന്നുവെങ്കിലും ഈ ഗ്രൂപ്പിനെയും തുടർന്നുള്ള സമാഗമത്തെയും അദ്ധ്യാപക വിദ്ധ്യാർത്ഥി ഭേദമെന്യ പ്രശംസനാർഹമാക്കിയ അശോകനോട് അവസാനമാണ് സംസാരിക്കാൻ കഴിഞ്ഞത്. സ്വതവേ ഗൗരവ പ്രാകൃതമായ അശോക് സംഘാടകന്റെ ഉത്തരവാദിത്വമെന്നോണം കുറച്ച് കൂടി ഗൗരവം മുഖത്തണിഞ്ഞ് നിന്നതിനാലായിരിക്കാം മടിച്ച് മടിച്ചാണ് ചോദിച്ചത് "അശൊക്കെന്താ മൈൻഡ് ചെയ്യാത്തത്" എന്ന്. ഒരു ചിരിയിലൂടെ മാത്രം ഉത്തരം നൽകി ഇപ്രാവശ്യവും അശോക് കാരണവർ ഭാവം നടിച്ചു. അത് കാരണവരുടെ ഭാവം മാത്രമായിരുന്നില്ല, കാരണവരായി അവരോധിക്കപ്പെടാനുള്ള എല്ലാ അർഹതയും അശോക് ഈ സംരംഭത്തിലൂടെ നേടിയെടുത്തിരിക്കുന്നു.

പഠനകാലത്ത് അധികം പരിചയമില്ലാത്ത മുഖമായിരുന്നുവെങ്കിലും വല്ലപ്പോഴും ആശയുടെ വീട്ടിലേക്കുള്ള യാത്രയിലും അവളുടെ ബാല്യകാല സഖാവെന്ന നിലയിലുമുള്ള സജിയെന്ന കണ്ണേട്ടനെ കൂടുതലായും അറിഞ്ഞത് ഗ്രൂപ്പിലൂടെ മുടങ്ങാതെ അയച്ചു കൊണ്ടിരുന്ന ഗുഡ് മോർണിംഗിലൂടെയായിരുന്നു. പോരുന്നതിന് മുമ്പ് സജിയുമായും പത്താം ക്ലാസ്സിൽ അൽഫോൻസാ ടീച്ചർ കൊണ്ട് വന്നിരുന്ന ഉത്തരക്കടലാസിലൂടെ അസൂയ കലർന്ന ബഹുമാനത്തോടെ മാത്രം നോക്കി കണ്ടിരുന്ന ശ്രീകുമാറിനോടും സംസാരിച്ചു
നാലര അഞ്ച് മണിയോടെ പരിപാടി അവസാനിച്ചു, ശ്രീകലയും മിനിയും ലതാ ദേവിയുമായി തിരിച്ച് യാത്രയായി.

ജീവിതത്തിൽ ഇനിയൊരിക്കലും കാണുമെന്ന് പ്രതീക്ഷിക്കാതിരുന്ന അദ്ധ്യാപകരേയും പഴയ കൂട്ടുകാരെയും അവരുടെ പുതിയ മുഖങ്ങളെയുമെല്ലാം ഒരിക്കൽ കൂടി കണ്ട ഈ അനുഭവം ഒരു പക്ഷേ ജീവിതത്തിലെ ആദ്യത്തേയും ഏറ്റവും പ്രധാന പെട്ടതുമായ ഒരു സമാഗമം ആയിരിക്കാം. ഈ അനുഭവം സമ്മാനിച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി.







No comments:

Post a Comment