cyberjalakam.com

ജാലകം

Thursday, November 11, 2010

പൊക്കിള്‍ കൊടിയുടെ ബന്ധം

ഉമ്മിച്ചി പ്രാകാത്ത ഒരൊറ്റ ദിവസം പോലും എന്ടെ ചെറുപ്പത്തിലില്ലായിരുന്നു. എന്ത് ചെയ്തോട്ടേ എന്ന് ചോദിച്ചാലും ഒരേ ഉത്തരം. വേണ്ട," നീ പെണ്ണാണ്, അല്ലെങ്കില്‍ നമ്മള്‍ മുസ്ലിമീങ്ങളാണ്."
അന്നു ഞാന്‍ തീരുമാനിച്ചു, ചോദിച്ചാലല്ലേ പ്രശ്നമുള്ളൂ. ആദ്യം ചെയ്യുക, പിന്നെ വേണമെങ്കില്‍ പറയുക. അന്നുമുതല്‍ "ഞാന്‍ തന്ടേടിയായി. തന്നിഷ്ടക്കാരിയായി. ഇവളുടെ തലയിരിക്കുന്നിടത്ത് കഴുത്ത് വന്നാല്‍ ഭൂലോകം പുല്ലുകഞ്ഞിയാക്കുമെന്ന് അയല്‍ പക്കത്തെ താത്ത പ്രവചിക്കുകയും ചെയ്തു."
വലുതായപ്പോള്‍ പഠിക്കാന്‍ പോയിത്തുടങ്ങി. കോളേജും ലൈബ്രറിയുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് ചിലപ്പോള്‍ പത്ത് മണിയാകും. ആദ്യം ഇടവഴിയില്‍ കാത്ത് നിന്ന്, സമയം കൂടുന്തോറും അത് ബസ് സ്റ്റോപ്പിനടുത്തേക്കെത്തും. ബസ്സിറങ്ങി വീട്ടിലെത്തും വരെ നല്ല സൌഹൃദത്തിലായിരിക്കും ഉമ്മിച്ചി. വീട്ടിലെത്തി ചെരിപ്പെല്ലാം ഊരി ഒന്നിരിക്കാനായി ഭാവിക്കുമ്പോളതാ കയ്യിലൊരു പുളിങ്കൊമ്പുമായി തള്ളച്ചി.

"നിന്നെ ഏതവളാടീ, ഈ പാതിരാത്രി പഠിപ്പിക്കുന്നത്. " പഠിപ്പിക്കുന്നത്, അവളല്ല,ഭാരതീയ വിദ്യാഭവനിലെ ജേര്‍ണലിസം സാറ് അവനാണ്, ക്ലാസ് കഴിയുന്നത് എട്ട് മണിക്കാണ്, ബസ് കിട്ടി വീട്ടിലെത്തുമ്പോള്‍ ഇത്ര നേരമാകും എന്നെല്ലാം എന്നും പറയുന്നതാണ്. പറയും മുമ്പേ വീണിരിക്കും അടി പുറം വഴി.വെല്ലുമ്മിച്ചി വീട്ടിലുണ്ടിങ്കില്‍ സാരമില്ലായിരുന്നു. വെല്ലുമ്മിച്ചിയുടെ മറവില്‍ പറ്റിക്കിടന്നാല്‍ അടിക്കാന്‍ ഉമ്മിച്ചിക്ക് ധൈര്യമില്ല.

"തൊട്ടുപോകരുതെന്ടെ കൊച്ചുങ്ങളെ". വെല്ലുമ്മിച്ചി പറയും.
നിങ്ങടെ കൊച്ചുങ്ങളോ, അതേതു വകുപ്പിലാ?."
എന്ടെ മോന്ടെ കൊച്ചുങ്ങളാ,
"നിങ്ങടെ മോന്ടെ കൊച്ചുങ്ങള്, നിങ്ങടെ കൊച്ചുങ്ങള്, അതുപോലെ ഞാന്‍ പ്രസവിച്ച കൊച്ചുങ്ങള്, എന്ടെയാകാത്തതെന്തേ?

അമ്മായിയമ്മയ്ക്കും മരുമകള്‍ക്കുമിടയിലെ കാലത്തിനു പോലും ഉത്തരം കിട്ടാത്ത ഈ അവകാശവാദത്തിനുമുമ്പില്‍ എന്ടെ വൈകിവരവും തല്ലലുമെല്ലാം ഉമ്മിച്ചി മറന്നു പോകും.

അനിയത്തിയപ്പുറത്തിരുന്നു കരഞ്ഞുകൊണ്ട് പറയും, നിന്ടെയൊടുക്കത്തെ പഠിത്തം കാരണം ഒരു ദിവസം പോലും സ്വൈര്യമില്ല, ഈ കുടുംബത്തില്‍ .
വെല്ലുമ്മിച്ചിയില്ലെങ്കില്‍ എന്ടെ വിധിയാണ്.
അടിയും പ്രാക്കുമെല്ലാം കഴിഞ്ഞ് കയ്യിലെയും തുടയിലെയും പാടെണ്ണിനോക്കുന്ന എന്നെ കാണുമ്പോള്‍ ഉമ്മിച്ചിക്ക് പാവം തോന്നി പറയും.

" പെറ്റ തള്ളയ്ക്കാടീ അതിന്ടെ ദെണ്ണമറിയൂ".
എല്ലാ ദേഷ്യവും സങ്കടവും സടയുണര്‍ത്തി ഞാന്‍ പറയും. "ഒടുക്കത്തെ ഒരു പെറ്റ തള്ള. നിങ്ങളോട് ഞാന്‍ പറഞ്ഞോ എന്നെ പ്രസവിക്കാന്‍ . എന്ടെ അനുവാദമില്ലാതെ എന്നെയെന്തിന് പ്രസവിച്ചു. പൊക്കിള്‍ ക്കൊടിയുടെ ബന്ധം പറഞ്ഞ് എന്ടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്ന ഈ നരകത്തില്‍ നിന്ന് ഞാനെങ്ങോട്ടെങ്കിലും പോവുകയാണ്".

അപ്പോള്‍ ഉമ്മിച്ചി ആകാശത്തേയ്ക്ക് കൈകളുയര്‍ത്തി ഒരു തേട്ടമുണ്ട്.
" പടച്ചവനേ, കല്യാണം കഴിച്ചില്ലെങ്കിലും ഇവള്‍ക്ക് നീയൊരു കുഞ്ഞിനെ കൊടുക്കണേ. ഈ വിഷമം ഇവളൊന്നറിയണേ."ഞാന്‍ മനസ്സില്‍ പറയും.
വിവാഹമോചനത്താല്‍ വേര്‍ പിരിയുമെന്ന് പേടിച്ച് വിവാഹമേ വേണ്ടെന്നു വെച്ചിരുന്ന കാലമായിരുന്നു, അത്.

കുഞ്ഞിന് സുഖമില്ലാതെ ഒരാഴ്ച ആശുപത്രിയിലായിരുന്നു. എങ്ങിനെയിരിക്കുന്നുവേ ആവോ അവനിപ്പോള്‍ . ക്ഷീണിച്ചിട്ടുണ്ടാകുമോ. അടുത്തുണ്ടായിരുന്ന ഒരാഴ്ച മുഴുവനും അനങ്ങാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചായിരുന്നു, കിടന്നത്.
ഇന്നെന്തോ ഉറക്കം വരുന്നില്ല. വീട്ടിലേക്ക് വിളിച്ചു. മോനുറങ്ങുകയാണ്, എന്നാലും. അനിയത്തി ഫോണെടുത്ത് ഉമ്മിച്ചിയ്ക്ക് കൊടുത്തു. ഉമ്മിച്ചീ, എനിക്കെന്ടെ മോനെയോര്‍ത്ത് ഉറക്കം വരുന്നില്ല. ...അവസാനം.
നിന്ടെ മോനിവിടെ സുഖമാണ്, ഞങ്ങളവനെ പൊന്നു പോലെ നോക്കുന്നുണ്ട്. എന്നിട്ട്,
"ഇതാ മോളേ പണ്ട് ഉമ്മിച്ചി പറഞ്ഞ പെറ്റ വയറിന്ടെ ദെണ്ണം.നീ പണ്ട് വലിച്ചെറിഞ്ഞിട്ട്, ഗംഗയിലും ഹിമാലയത്തിലുമൊക്കെ പോയില്ലേ, അതേ പൊക്കിള്‍ കൊടിയുടെ ബന്ധം".

5 comments:

  1. അമ്മയുടെ വേദന. അത് നന്നായി പറഞ്ഞു.
    ആശംസകള്‍

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഭിത്തിയുറക്കാന്‍ ഈ പെണ്ണിനേയും
    ചെത്തിയ കല്ലിന്‍ ഇടയ്ക്ക് നിര്‍ത്തി
    കെട്ടി പടുക്കുവിന്‍ ഒന്നെനിക്കുണ്ട്‌
    ഒറ്റ ഒരാഗ്രഹം കേട്ട് കൊള്‍വിന്‍
    കെട്ടി മറയ്കല്ലെന്‍ പാതി നെഞ്ജം
    കെട്ടി മരയ്ക്കല്ലേ എന്റെ കയ്യും

    എന്റെ പൊന്നോമന കേണിടുമ്പോള്‍
    എന്റെ അടുത്തേക്ക് കൊണ്ട് പോര്
    ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റു വാങ്ങി
    ഈ മുലയൂട്ടാന്‍ അനുവദിക്കു

    അമ്മ എന്ന് പറയുമ്പോള്‍ O N V യുടെ ഈ കവിതയാണ് (http://www.youtube.com/watch?v=c2kB2PiXzVM) എനിക്കോര്‍മ വരിക


    എഴുത്ത് തുടരുക, അഭിവാദ്യങ്ങള്‍ .

    ReplyDelete
  4. ഒരു ഉമ്മാന്റെ ഹൃദയം നന്നയിട്ടുണ്ട്‌ വക്കീലേ

    ReplyDelete