cyberjalakam.com

ജാലകം

Saturday, November 13, 2010

പ്രവാസിയെന്നാല്‍

ഫോണിലൂടെ ഇന്നവന്‍ പറഞ്ഞു,
"മമ്മീ, ആച്ചൂനിന്ന് ചാറ്കിട്ടീലോ"
എന്താ കിട്ട്യാ?"ചാറ്".
എനിക്ക് മനസ്സിലായില്ല, "ചാറ്, ചാറ്, ചാറ്",അവന്‍ വീണ്ടുംവീണ്ടും പറഞ്ഞുനോക്കി.
പിന്നെയും ചോദിച്ചപ്പോളവന്‍ ദേഷ്യം വന്നു.
"കുന്തം മമ്മീം മമ്മീടൊരു ചെവീം"
അവന്‍ ഫോണ്‍ വലിച്ചെറിഞ്ഞിട്ടിട്ട് പോയി.

ആകാംക്ഷയില്‍ അനിയത്തിയോട് ചോദിച്ചു, അവനെന്താ കിട്ടിയതെന്ന്.
ചിരിയടക്കി അവള്‍ പറഞ്ഞു,അവന്, സ്റ്റാര്‍ കിട്ടി,
നോട്ട് ബുക്കില്‍, 'ബി'യും 'സി'യും, പിന്നെ വണ്ണും ടുവും എഴുതിയതിന്.

എനിക്ക് സങ്കടം വന്നു.
നക്ഷത്രങ്ങളും ചുമന്നെന്ടെ മോന്‍ ,മിന്നിമിന്നിയെത്തുന്നത് കാണാന്‍ "നുനീ',
നിന്ടെ മമ്മിയിന്നവിടില്ലല്ലോ
നക്ഷത്രങ്ങളേക്കാളും ദൂരത്തിലല്ലേ മമ്മിയിന്ന്.

ഓരോ മനുഷ്യാത്മാവും ശരീരത്തില്‍ നിന്ന്
വേര്‍പ്പെടുമ്പോള്‍
ആകാശത്ത് ഒരു നക്ഷത്രം കൂടി മുളയ്ക്കുമത്രേ.
അവരവിടിരുന്ന് പ്രിയപ്പെട്ടവരെയെല്ലാംകാണുന്നുണ്ടു പോലും.

മമ്മി "ദുംബായി"ലാണെന്ന് നിനക്കറിയാം.
ദുംബായിലേക്കുള്ള വഴി ആകാശത്തിലൂടാണെന്നും
വിമാനത്തിന്ടെ ആകാശത്തു നിന്ന് കേള്‍ക്കുമ്പോള്‍ ,
മുറ്റത്തിറങ്ങി നീ തുള്ളിച്ചാടാറുണ്ട്, മമ്മിയെ കാണാനല്ലേ.

ഒത്തിരി വിശേഷങ്ങള്‍ ചൊല്ലാനുണ്ടാവും
നിനക്ക്ചായപ്പെന്‍സിലിന്ടെ മുനയൊടിഞ്ഞത്,
ലാപ്ടോപ്പിന്ടെ ബാറ്ററി തീര്‍ന്നത്,
ബുക്ക് കീറിയപ്പോള്‍ ഇത്താത്ത പിച്ചിയത്.

ഒന്നും പറയാനാവാതെ നീ പടികയറിപ്പോകുന്നത് മമ്മിക്ക് കാണാം കുട്ടാ
വല്ലപ്പോഴുമൊരിക്കല്‍ പുറത്ത് പോകുന്ന
ഉമ്മച്ചിയെ കാത്ത് ഞാനുമീ നില്പ് നിന്നിട്ടുണ്ട്.

എന്നാലും നിനക്ക് ദുബായില്‍ വരണ്ടല്ലോ?

നിനക്കറിയോ?
നിന്ടെ മമ്മിയും ഒരു പ്രവാസിയാണിന്ന്.
എന്താണ് പ്രവാസിയെന്നോ?

ആത്മാവു പേറുന്ന നക്ഷത്രത്തിന്, ശരീരമില്ല.
പക്ഷേ പ്രകാശപൂരിതമാണ്.
പ്രവാസിക്ക് ശരീരമുണ്ട്,
ആ ശരീരത്തിനകത്തെ ആത്മാവ് നിര്‍വ്വികാരമാണ്,
നിസ്സംഗ്ഗമാണ്,
അന്ധകാരപൂര്‍ണ്ണമായ ശൂന്യതയാണ്.

നീ അറിയുന്ന ദുബായിയില്‍ ,
വര്‍ണ്ണച്ചില്ലുകളും സ്റ്റീലും പൊതിഞ്ഞ കുറേ കെട്ടിടങ്ങള്‍ മാത്രമേയുള്ളൂ.
അവയ്ക്കുള്ളില്‍ കുറേ ക്രിസ്റ്റല്‍ വിളക്കുകളുമുണ്ട്.
അവയാണീ നാടിന്ടെ ജീവാത്മാവും പരമാത്മാവും.

ചില്ലുപൊതിഞ്ഞ കൂടാരങ്ങളില്‍ ശീതീകരണിയുണ്ട്.
അതുകൊണ്ട് മനുഷ്യവാസത്തിന്‍ തകരാറില്ല.
റോഡിലും വീടിലുമെല്ലാം മനുഷ്യരെപ്പോലെ തോന്നിക്കുന്നവരുണ്ട്.
കറുത്തവരും വെളുത്തവരും
കറുകറുത്തവരും വെളുവെളുത്തവരുമുണ്ട്.
പല ഭാഷ സംസാരിക്കുന്നവര്‍ ,
പല വേഷം ധരിക്കുന്നവര്‍ .

ആത്മാവ് സ്വാര്‍ത്ഥമാകുമ്പോഴാണ്,
മനുഷ്യന്‍ വെറും രൂപമാകുന്നത്.

പിന്നെയെന്തിനാ മമ്മിയിവിടെ കഴിയുന്നതെന്നോ?
പ്രതീക്ഷകളാണ് കുഞ്ഞേ,
എല്ലാവരേയും പോലെ ഇവിടെ നില്‍ക്കാന്‍ മമ്മിയേയും പ്രേരിപ്പിക്കുന്നത്.

പ്രതീക്ഷകളില്‍ വസിക്കുന്നവനെയാണോ
പ്രവാസിയെന്നു വിളിക്കുന്നത്?

12 comments:

  1. പ്രതീക്ഷകളില്‍ വസിക്കുന്നവനെയാണോ
    പ്രവാസിയെന്നു വിളിക്കുന്നത്?

    അല്ലേ...?

    ReplyDelete
  2. pratheekshakal illathe vasikkendi varunnavarunm ille ivide?

    ReplyDelete
  3. പ്രതീക്ഷകളില്‍ വസിക്കുന്നവനെ തന്നെയാണ് പ്രവാസിയെന്നു വിളിക്കുന്നത്

    ReplyDelete
  4. പ്രവാസിയുടെ പുതിയ നിര്‍വചനം കൊള്ളാം...!

    ReplyDelete
  5. പ്രതീക്ഷകളില്‍ വസിക്കുന്നവനാണോ പ്രവാസി? ശരിയാകാം, തെറ്റാകാം. എങ്കിലും കുട്ടികള്‍ക്ക് അവരാഗ്രഹിയ്ക്കുന്ന സമയത്ത് അച്ഛനുമമ്മയും അടുത്തില്ലാത്തത്...
    കഷ്ടം തന്നെ!

    ReplyDelete
  6. ഇഷ്ട്ടപ്പെട്ടു ..........അതിലേറെ സങ്കടം ആയി ..

    ReplyDelete
  7. Word verification നിര്‍ബന്തം ആണോ ??..കമെന്റ്റ്‌ ഇടാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട് ......താങ്ക്സ് ......

    ReplyDelete
  8. പ്രതീക്ഷകളില്‍ വസിക്കുന്നവനെയാണോ
    പ്രവാസിയെന്നു വിളിക്കുന്നത്?

    നിനക്കറിയോ?
    നിന്ടെ മമ്മിയും ഒരു പ്രവാസിയാണിന്ന്.
    എന്താണ് പ്രവാസിയെന്നോ?

    ആത്മാവു പേറുന്ന നക്ഷത്രത്തിന്, ശരീരമില്ല.
    പക്ഷേ പ്രകാശപൂരിതമാണ്.
    പ്രവാസിക്ക് ശരീരമുണ്ട്,
    ആ ശരീരത്തിനകത്തെ ആത്മാവ് നിര്‍വ്വികാരമാണ്,
    നിസ്സംഗ്ഗമാണ്,
    അന്ധകാരപൂര്‍ണ്ണമായ ശൂന്യതയാണ്.

    ReplyDelete
  9. പ്രതീക്ഷയുടെ ഭാണ്ട കെട്ടുമായി ബഹര്‍ കടന്നവന്‍ പ്രവാസി അവസാനം ഒരിറ്റു സ്നേഹം മാത്രം പ്രരതീക്ഷിക്കുന്നവന്‍ പ്രവാസി അവസാനം ഇവനൊരു പാപ്പരാസി

    ReplyDelete
  10. നന്നായിട്ടുണ്ട്.
    സങ്കടങ്ങള്‍.

    ReplyDelete
  11. സങ്കടങ്ങള്‍ സങ്കടങ്ങളായി അവശേഷിക്കാതിരിക്കട്ടെ...
    വല്യ ആശംസകള്‍..

    ReplyDelete